Featured Spotlight

ചര്‍ച്ചയ്ക്കെത്തിയ ഏഴില്‍ ആറു നേതാക്കളും പിന്തുണച്ചത് KC യെ? VD യെ ​വെട്ടി രാഹുലിന്റെ വിശ്വസ്തന്‍ മുഖ്യമന്ത്രി?

കേരളാ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ ഉജ്ജ്വല വിജയം ഇപ്പോൾ മുഖ്യമന്ത്രിയെ ചൊല്ലിയുള്ള തർക്കത്തിൽ തട്ടി നിൽക്കുകയാണ്. വൻ ഭൂരിപക്ഷം ലഭിച്ചിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിൽ വൈകുന്നത് കോൺഗ്രസിനുള്ളിലും മുന്നണിക്കുള്ളിലും കടുത്ത അതൃപ്തിക്ക് വഴിവച്ചു. ഇതിനെത്തുടർന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, സോണിയ ഗാന്ധി എന്നിവർ കേരളത്തിലെ മുതിർന്ന നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ച് ചർച്ചകൾ നടത്തി.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രധാനമായും മൂന്ന് പേരാണ് രംഗത്തുള്ളത്. ഹൈക്കമാൻഡിന്റെയും ഭൂരിഭാഗം എം.എൽ.എമാരുടെയും പിന്തുണയുള്ള കെ.സി. വേണുഗോപാലിനാണ് നിലവിൽ മുൻതൂക്കം . എന്നാൽ വി.ഡി. സതീശന് പാർട്ടിയിലെ താഴെത്തട്ടിലുള്ള പ്രവർത്തകരുടെ ഇടയിൽ വലിയ പിന്തുണയുണ്ട്, ഒപ്പം പ്രധാന ഘടകകക്ഷിയായ ലീഗിന്റേയും. അദ്ദേഹത്തെ പ്രിയങ്ക ഗാന്ധി പിന്തുണയ്ക്കുന്നതായും സൂചനകളുണ്ട്. മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയും മത്സരരംഗത്ത് സജീവമായുണ്ട്.

പാർട്ടിയിലെ പ്രമുഖ നേതാക്കൾക്കിടയിൽ വ്യക്തമായ ചേരിതിരിവ് പ്രകടമാണ്.ഹൈക്കമാന്‍ഡുമായി ചര്‍ച്ചക്കെത്തിയ മുൻ കെ.പി.സി.സി അധ്യക്ഷന്മാരായ എം.എം. ഹസൻ, കെ. സുധാകരൻ എന്നിവരും വർക്കിംഗ് പ്രസിഡന്റുമാരായ ഷാഫി പറമ്പിൽ, പി.സി. വിഷ്ണുനാഥ്, എ.പി. അനിൽകുമാർ എന്നിവരും തിരുവഞ്ചൂർ രാധാകൃഷ്ണനും കെ.സി. വേണുഗോപാലിനെയാണ് പിന്തുണയ്ക്കുന്നത്. അതേസമയം മുൻ അധ്യക്ഷൻ കെ. മുരളീധരൻ വി.ഡി. സതീശന് ഒപ്പമാണ്. അന്തിമ തീരുമാനമെടുക്കാൻ വി.എം. സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എ.കെ. ആന്റണി തുടങ്ങിയ മുതിർന്ന നേതാക്കളുടെ ഉപദേശവും ഹൈക്കമാൻഡ് തേടിയിട്ടുണ്ട്.

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഒരാഴ്ചയോളം നീണ്ടുപോയത് പ്രവർത്തകർക്കിടയിൽ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. കേരളത്തിലുടനീളം സതീശൻ- വേണുഗോപാൽ അനുകൂലികൾ തമ്മിൽ പോസ്റ്റർ യുദ്ധവും പ്രകടനങ്ങളും നടന്നിരുന്നു. സതീശന് വേണ്ടി നടക്കുന്ന ഇത്തരം പരസ്യ പ്രചാരണങ്ങൾ ഹൈക്കമാൻഡിനെ ചൊടിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. കേന്ദ്ര നിരീക്ഷകർ നടത്തിയ വ്യക്തിഗത ചർച്ചയിൽ 63 കോൺഗ്രസ് എം.എൽ.എമാരിൽ ഭൂരിഭാഗവും വേണുഗോപാലിനെയാണ് പിന്തുണച്ചത്.

140 അംഗ നിയമസഭയിൽ 102 സീറ്റുകൾ നേടിയാണ് യു.ഡി.എഫ് അധികാരത്തിലെത്തിയത്. ഇതിൽ കോൺഗ്രസ് 63 സീറ്റുകൾ നേടിയപ്പോൾ മുസ്ലിം ലീഗ് 22-ഉം കേരള കോൺഗ്രസ് എട്ടും ആർ.എസ്.പി മൂന്നും സീറ്റുകൾ നേടി. ഇത്രയും മികച്ച വിജയം കൈവരിച്ചിട്ടും നേതൃത്വത്തെ ചൊല്ലിയുള്ള തർക്കം നീണ്ടുപോകുന്നത് ജനങ്ങൾക്കിടയിൽ അതൃപ്തി ഉണ്ടാക്കുമോ എന്ന ആശങ്കയും പാർട്ടിക്കുണ്ട്.