ബെംഗളൂരു ∙ പ്രണയപ്പകയെത്തുടർന്ന് നവവധുവിനെ മുൻ കാമുകൻ വീട്ടിൽക്കയറി കുത്തിപ്പരിക്കേൽപ്പിച്ച ശേഷം കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ബെംഗളൂരു രാമഗൊണ്ടനഹള്ളിയിൽ താമസിക്കുന്ന പതിനെട്ടുകാരിയായ നന്ദിനി ദാസിനാണ് കുത്തേറ്റത്. ആക്രമണം നടത്തിയതിന് ശേഷം പ്രതിയായ ബന്ദേ നവാസ് (18) എന്ന യുവാവാണ് സ്വന്തം കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
നന്ദിനിയും ബന്ദേ നവാസും നേരത്തെ പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. എന്നാൽ അടുത്തിടെ നന്ദിനി മറ്റൊരാളെ വിവാഹം കഴിച്ചതിൽ പ്രതിക്ക് കടുത്ത ദേഷ്യവും നിരാശയുമുണ്ടായിരുന്നു. യുവതിയുടെ വീട്ടിലെത്തിയ പ്രതി നന്ദിനിയുടെ കഴുത്ത്, കൈകൾ, വാരിയെല്ല്, തുട എന്നിവിടങ്ങളിൽ കത്തികൊണ്ട് മാരകമായി കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഇതിന് ശേഷമാണ് പ്രതി സ്വന്തം കഴുത്തറുത്തത്. യുവതിയെ ആക്രമിക്കുന്നതിന് തൊട്ടുമുമ്പ് പ്രതി അവളുടെ രണ്ട് ചെറിയ സഹോദരന്മാരെ ഒരു മുറിക്കുള്ളിലാക്കി പൂട്ടുകയും ചെയ്തു.
ശരീരത്തിൽ മാരകമായി പരിക്കേറ്റിട്ടും വീട്ടിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവതി നിലവിളിച്ച് ആളുകളെ കൂട്ടുകയായിരുന്നു. ഇതോടെ അയൽക്കാർ ഉടൻ തന്നെ പോലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥരാണ് ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയത്.
നിലവിൽ നന്ദിനി മണിപ്പാൽ ആശുപത്രിയിലും, പ്രതി വൈദേഹി ആശുപത്രിയിലും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിൽ ഭാരതീയ ന്യായ സംഹിത (BNS) പ്രകാരം വധശ്രമത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ബെംഗളൂരുവിൽ പ്രണയപ്പകയെത്തുടർന്ന് കഴിഞ്ഞ മാസവും സമാനമായ രീതിയിലൊരു കൊലപാതകം നടന്നിരുന്നു. വിവാഹത്തെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ അഞ്ജലി (23) എന്ന യുവതിയെ മുൻ കാമുകനായ രാജീവ് കുത്തിക്കൊല്ലുകയായിരുന്നു. ഇരുവരും ഒരേ ഓഫിസിലെ ജീവനക്കാരായിരുന്നു. മൂന്ന് വർഷത്തിലേറെയായി ഇവർ പ്രണയത്തിലായിരുന്നെങ്കിലും, രാജീവിന്റെ സ്വഭാവദൂഷ്യം കാരണം അഞ്ജലിയുടെ വീട്ടുകാർ ഈ വിവാഹത്തെ എതിർത്തു. വീട്ടുകാരുടെ നിർബന്ധത്തെത്തുടർന്ന് അഞ്ജലി രാജീവിനെ ഒഴിവാക്കാൻ തുടങ്ങിയതാണ് പ്രതിക്ക് വൈരാഗ്യമുണ്ടാക്കിയത്. തുടർന്ന് ജൂൺ 28ന് അഞ്ജലിയെ അത്താഴവിരുന്നിന് വിളിച്ചുവരുത്തി രാജീവ് വീണ്ടും വിവാഹകാര്യം സംസാരിക്കുകയും തർക്കമുണ്ടാവുകയുമായിരുന്നു. അവിടെനിന്ന് ഇറങ്ങിപ്പോയ അഞ്ജലിയെ രാജീവ് പിന്തുടർന്ന് കഴുത്തിൽ കത്തികൊണ്ട് കുത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അഞ്ജലി മരണപ്പെടുകയായിരുന്നു. പ്രതിയായ രാജീവിനെ അന്ന് തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.




