തിരുവല്ലത്ത് ഐടി ജീവനക്കാരുടെ മരണത്തിന് കാരണമായ ബൈക്ക് അപകടത്തിൽ നിർണായക വഴിത്തിരിവ്. പുറകിൽ നിന്ന് കാറിടിച്ചതാണ് അപകടത്തിന് കാരണമെന്ന് വ്യക്തമായതോടെ കാർ ഡ്രൈവർ വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ തിരുവനന്തപുരം തിരുവല്ലം ടോൾ പ്ലാസയ്ക്ക് സമീപമായിരുന്നു നാടിനെ നടുക്കിയ ഈ അപകടം നടന്നത്. എറണാകുളം സ്വദേശി നവീൻ സിബി (25), തൊടുപുഴ സ്വദേശി മൃദുല അന്ന ഉമ്മൻ (25) എന്നിവരാണ് മരണപ്പെട്ടത്. ഐടി ജീവനക്കാരായ ഇരുവരും തിരുവല്ലത്തുനിന്ന് കോവളം ഭാഗത്തേക്ക് ബൈക്കിൽ പോകുമ്പോൾ വാഹനം നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മൃദുല സംഭവസ്ഥലത്തും നവീൻ ആശുപത്രിയിലെത്തിച്ച ശേഷവുമാണ് മരിച്ചത്.
ബൈക്ക് തനിയെ നിയന്ത്രണം വിട്ടുണ്ടായ അപകടമെന്നായിരുന്നു പൊലീസ് ആദ്യം കരുതിയത്. എന്നാൽ ബൈക്കിന്റെ ഹാൻഡിലിൽ മറ്റൊരു കാറിന്റെ പെയിന്റ് പുരണ്ടിരിക്കുന്നത് കണ്ടതാണ് കേസിൽ വലിയ വഴിത്തിരിവുണ്ടാക്കിയത്.
നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച ബൈക്കിൽ എങ്ങനെ കാറിന്റെ പെയിന്റ് വന്നു എന്നതിനെക്കുറിച്ചായി പൊലീസിന്റെ അടുത്ത അന്വേഷണം. അപകടത്തിന് കാരണമായി മറ്റൊരു വാഹനം കൂടി ഉണ്ടെന്ന സംശയമാണ് തിരുവല്ലം പൊലീസിനെ കൂടുതൽ അന്വേഷണത്തിലേക്ക് നയിച്ചത്.
തുടർന്ന് അപകടസമയത്ത് തിരുവല്ലം മുതൽ കോവളം വരെയുള്ള റോഡിലൂടെ പോയ വാഹനങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. ഇതിൽ ഇവർ സഞ്ചരിച്ച ബൈക്കിന് പുറകിലായി ഒരു കാർ പോകുന്നത് വ്യക്തമായി കണ്ടു. ഈ കാർ തിരിച്ചറിഞ്ഞ് നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മലയിൻകീഴ് സ്വദേശിയായ വിഷ്ണുവാണ് വാഹനം ഓടിച്ചിരുന്നതെന്ന് കണ്ടെത്തിയത്. തുടർന്ന് തിരുവല്ലം പൊലീസ് മാറനല്ലൂരിലെ വീട്ടിലെത്തി വിഷ്ണുവിനെയും കാറിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തിരുവനന്തപുരത്ത് ഒരു ബന്ധുവിനൊപ്പം ആശുപത്രിയിൽ പോയി മടങ്ങുകയായിരുന്നു വിഷ്ണു. തന്റെ കാർ തട്ടിയാണ് ബൈക്ക് അപകടത്തിൽപ്പെട്ടതെന്ന് മനസ്സിലായപ്പോൾ വിഷ്ണു കാർ മുന്നോട്ട് മാറ്റി നിർത്തിയിരുന്നു. എന്നാൽ അവിടെ കൂടിയ ആളുകളെയും പരിക്കേറ്റവരുടെ ഗുരുതരാവസ്ഥയും കണ്ടതോടെ അയാൾ പരിഭ്രാന്തനായി. തുടർന്ന് ആരോടും ഒന്നും പറയാതെ കാറോടിച്ച് പോവുകയായിരുന്നു. അപകടസ്ഥലത്ത് ആളുകൾ ആക്രമിക്കുമോ എന്ന ഭയം കൊണ്ടാണ് വിവരം ആരോടും പറയാതെ സ്ഥലം വിട്ടതെന്നാണ് വിഷ്ണു പൊലീസിന് നൽകിയ മൊഴി.
അപകടത്തിൽപ്പെട്ട ഇരുവരെയും പെട്ടെന്ന് തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പ്രിയപ്പെട്ട സുഹൃത്തുക്കളെയും രണ്ട് കുടുംബങ്ങളുടെ വലിയ പ്രതീക്ഷകളെയുമാണ് ഈ അപകടം ഇല്ലാതാക്കിയത്. നവീൻ ടെക്നോപാർക്കിലെ ഐടി കമ്പനിയിൽ എഞ്ചിനീയറായും മൃദുല കിൻഫ്രയിലെ ഐടി ജീവനക്കാരിയായും ജോലി ചെയ്യുകയായിരുന്നു. ഇന്നലെ നവീന്റെ ജന്മദിനമായിരുന്നു. തിരുവല്ലം ടോൾ പ്ലാസ കഴിഞ്ഞയുടനെയായിരുന്നു അപകടം. ഇരുവർക്കും തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. മൃദുല ദൂരേക്ക് തെറിച്ചുവീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.




