ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് താരം വൈഭവ് സൂര്യവംശിയെ പുറത്താക്കിയ ശേഷം താൻ നടത്തിയ വൈകാരികമായ ആഘോഷത്തിന്റെ കാരണം വെളിപ്പെടുത്തി ഡൽഹി ക്യാപിറ്റൽസിന്റെ പേസർ കൈൽ ജാമീസൻ രംഗത്തെത്തി.
മത്സരത്തിൽ നേരിട്ട രണ്ടാം പന്തിൽ തന്നെ വൈഭവ് പുറത്തായെങ്കിലും, താരത്തെ പുറത്താക്കിയ ശേഷം ജാമീസൻ നടത്തിയ അതിരുവിട്ട ആഘോഷം വലിയ ചർച്ചയായിരുന്നു. ഇതിന്റെ പേരിൽ ഐപിഎൽ അധികൃതർ താരത്തിന് ശിക്ഷയായി ഒരു ഡിമെറിറ്റ് പോയിന്റ് നൽകുകയും ചെയ്തു.
വലിയ ഭയത്തോടെയാണ് വൈഭവിനെ നേരിട്ടതെന്ന് ജാമീസൻ മത്സരത്തിനു ശേഷം പ്രതികരിച്ചു. ‘‘ഒരു 15 വയസ്സുകാരൻ കുട്ടിയെ ഞാന്‍ ജീവിതത്തിൽ ഇത്രയും ഭയപ്പെട്ടിട്ടുണ്ടെന്നു തോന്നുന്നില്ല. വൈഭവിനു വേണ്ടി ഞങ്ങൾക്കു പ്രത്യേകം പ്ലാനുകൾ ഉണ്ടായിരുന്നു. അതു കൃത്യമായി നടപ്പായതിൽ സന്തോഷമുണ്ട്.’’– ജാമീസൻ വ്യക്തമാക്കി.
പരിക്കേറ്റ ലുങ്കി എൻഗിഡിക്ക് പകരക്കാരനായി ടീമിലെത്തിയ 31-കാരനായ ജാമീസൻ, വൈഭവിനെ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. ബുമ്രയെയും ഹെയ്സൽവുഡിനെയും പോലുള്ള വമ്പൻ ബൗളർമാരെ വരെ അനായാസം നേരിടുന്ന വൈഭവ് ഈ സീസണിലെ ടോപ് സ്കോറർമാരിൽ ഒരാളാണ്. ഈ സീസണിൽ പത്തു മത്സരങ്ങളിൽ നിന്ന് ഒരു സെഞ്ചറിയും രണ്ട് അർധ സെഞ്ചറികളും ഉൾപ്പെടെ 404 റൺസാണ് താരം നേടിയത്. സഞ്ജു സാംസൺ ടീം വിട്ടതോടെ യശസ്വി ജയ്സ്വാളിനൊപ്പം രാജസ്ഥാന്റെ വിശ്വസ്തനായ ഓപ്പണറായി വൈഭവ് മാറുകയായിരുന്നു. കഴിഞ്ഞ സീസണിലും താരം സെഞ്ചറി നേടിയിരുന്നു.
ആവേശകരമായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ ഏഴ് വിക്കറ്റിനാണ് ഡൽഹി ക്യാപിറ്റൽസ് തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റിയാൻ പരാഗിന്റെയും (90), ഡൊണോവൻ ഫെരേരയുടെയും (47*) മികവിൽ 225 റൺസെന്ന കൂറ്റൻ സ്കോർ ഉയർത്തിയെങ്കിലും ഡൽഹി അത് മറികടന്നു. 226 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി 19.1 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം കണ്ടു. തുടർച്ചയായ മൂന്ന് പരാജയങ്ങൾക്ക് ശേഷമാണ് ഡൽഹി ഈ വിജയത്തിലൂടെ മത്സരരംഗത്തേക്ക് തിരിച്ചെത്തുന്നത്. രാജസ്ഥാൻ നിരയിൽ ധ്രുവ് ജുറേലും മികച്ച പ്രകടനം നടത്തിയിരുന്നു.




