Celebrity Featured

‘ഞാൻ പലതവണ ചതിക്കപ്പെട്ടു, അവനെ കുറിച്ച് കേട്ടതെല്ലാം സത്യം’; പോസ്റ്റുമായി പൃഥ്വി ഷായുടെ പ്രതിശ്രുത വധു

ഏതാനും മാസങ്ങൾക്ക് മുമ്പ് കഴിഞ്ഞ മാർച്ചിലായിരുന്നു ക്രിക്കറ്റ് താരം പൃഥ്വി ഷായും കാമുകി ആകൃതി അഗർവാളും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. തന്റെ ജീവിതത്തിലെ ‘പെർഫക്ട് ഇന്നിങ്‌സ്’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് പൃഥ്വി തന്നെയാണ് ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ദീർഘനാളത്തെ പ്രണയത്തിനൊടുവിലാണ് സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറും നടിയുമായ ആകൃതി അഗർവാളും പൃഥ്വിയും വിവാഹജീവിതത്തിലേക്ക് കടക്കാൻ തീരുമാനിച്ചത്. എന്നാൽ ഇപ്പോൾ ഇരുവരുടെയും ബന്ധത്തിൽ അപ്രതീക്ഷിതമായൊരു ‘ട്വിസ്റ്റ്’ ഉണ്ടായിരിക്കുകയാണ്.

ഇരുവരും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണുവെന്ന സൂചനകളാണ് ആകൃതിയുടെ പുതിയ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ നിന്നുള്ള വ്യക്തമാകുന്നത്. താൻ പലതവണ ചതിക്കപ്പെട്ടിട്ടും ഇതുവരെ ഒരക്ഷരം പോലും മിണ്ടിയില്ല എന്ന് ആകൃതി തന്റെ കുറിപ്പിൽ പറയുന്നു. ജീവിതത്തിൽ വലിയൊരു ചുവടുവെപ്പ് നടത്തിയതിന് ശേഷവും ചതി തുടരുകയാണെന്ന് വിവാഹനിശ്ചയത്തെ സൂചിപ്പിച്ചുകൊണ്ട് അവർ വ്യക്തമാക്കി. പൃഥ്വിയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന എല്ലാ കിംവദന്തികളും സത്യമാണെന്ന് പറഞ്ഞ ആകൃതി തകർന്ന ഹൃദയത്തിന്റെ ഇമോജിയും ഒപ്പം ചേർത്തിട്ടുണ്ട്.

‘ഞാൻ ഒരുപാട് തവണ ചതിക്കപ്പെട്ടു, എന്നിട്ടും ഒരു വാക്ക് പോലും മിണ്ടിയില്ല. ഒരു ചുവട് കൂടി മുന്നോട്ട് വെച്ചതിന് ശേഷവും അത് അങ്ങനെ തന്നെ തുടരുകയാണ്… എല്ലാം സത്യമാണ്. പ്രചരിക്കുന്ന എല്ലാ കിംവദന്തികളും സോഷ്യൽ മീഡിയയിൽ അവനെ കുറിച്ച് നിങ്ങൾ കണ്ടതുമെല്ലാം സത്യമാണ്’ -ഇതായിരുന്നു ആകൃതിയുടെ ഇൻസ്റ്റഗ്രാം സ്‌റ്റോറി. ഇതിലെ ‘അവൻ’ എന്ന് ഉദ്ദേശിച്ചത് പൃഥ്വി ഷായെ തന്നെയാണെന്നാണ് സോഷ്യൽ മീഡിയയിലെ സംസാരം. എന്നാൽ പിന്നീട് ആകൃതി ഈ പോസ്റ്റ് ഇൻസ്റ്റഗ്രാമിൽ നിന്നും നീക്കം ചെയ്തതായും റിപ്പോർട്ടുകളുണ്ട്.

സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറും മെഡിക്കൽ വിദ്യാർഥിനിയുമായ സെജൽ പവാറുമായി പൃഥ്വി ഷായ്ക്ക് ബന്ധമുണ്ടെന്ന തരത്തിലുള്ള ചില ചാറ്റ് സ്‌ക്രീൻഷോട്ടുകൾ നേരത്തേ സോഷ്യൽ മീഡിയയിൽ വന്നിരുന്നു. ഇതുകൂടാതെ മറ്റ് ചില ആരോപണങ്ങളും പൃഥ്വിക്കെതിരെ പ്രചരിച്ചിരുന്നു. ഇതെല്ലാമാണ് ആകൃതി തന്റെ പോസ്റ്റിലൂടെ ഉദ്ദേശിച്ചതെന്നാണ് പരക്കെ പറയപ്പെടുന്നത്. എന്നാൽ തനിക്കെതിരെ ഉയർന്ന ഈ ആരോപണങ്ങളെല്ലാം പൃഥ്വി ഷാ നേരത്തെ നിഷേധിച്ചിരുന്നു.

ആകൃതി പങ്കുവെച്ച പുതിയ ഇൻസ്റ്റഗ്രാം സ്റ്റോറിയെക്കുറിച്ച് പൃഥ്വി ഷാ ഇതുവരെ ഒന്നു പ്രതികരിച്ചിട്ടില്ല. ആകൃതിയും ഇതിൽ കൂടുതൽ വിശദീകരണങ്ങൾ നൽകിയിട്ടില്ല. എങ്കിലും ഇരുവരുടെയും വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ ഇപ്പോഴും അവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിൽ നിന്നും നീക്കം ചെയ്തിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

Leave a Reply

Your email address will not be published. Required fields are marked *