Crime

പ്രഫസറുമായി പ്രണയ ബന്ധമെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു പരത്തി; മെഡിക്കല്‍ വിദ്യാര്‍ഥിനി ജീവനൊടുക്കി

സഹപാഠികൾ പ്രൊഫസറുമായി ചേർത്ത് അപവാദം പ്രചരിപ്പിച്ചതിനെത്തുടർന്ന് മെഡിക്കൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. കർണാടക മല്ലടിഹള്ളിയിലെ രാഘവേന്ദ്ര ആയുർവേദ കോളേജിലെ അവസാന വർഷ വിദ്യാർത്ഥിനിയായ നിഖിത (22) ആണ് മരിച്ചത്.

കഴിഞ്ഞ ബുധനാഴ്ച രാവിലെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തനിക്കെതിരെ നടന്ന അപവാദ പ്രചരണങ്ങളെക്കുറിച്ച് വിവരിക്കുന്ന ഒരു ആത്മഹത്യാക്കുറിപ്പും മുറിയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.

കോളേജിലെ പ്രൊഫസറായ ഡോ. രാജുവുമായി നിഖിതയ്ക്ക് നല്ല സൗഹൃദമുണ്ടായിരുന്നു. എന്നാൽ ഇത് പ്രണയമാണെന്ന് വരുത്തിത്തീർക്കാൻ ചില സഹപാഠികൾ ശ്രമിക്കുകയും നിരന്തരം പരിഹസിക്കുകയും ചെയ്തു. സഹപാഠികളുടെ ഈ മോശം പെരുമാറ്റവും അപവാദവും നിഖിതയെ വല്ലാതെ മാനസികമായി തളർത്തിയെന്ന് പിതാവ് ഉമാശങ്കർ നൽകിയ പരാതിയിൽ പറയുന്നു. അപമാനം സഹിക്കവയ്യാതെയാണ് മകൾ ഇത്തരമൊരു കടുംകൈ ചെയ്തതെന്നും പിതാവ് ആരോപിക്കുന്നു.

ബുധനാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് നിഖിതയെ മരിച്ച നിലയിൽ കണ്ടത്. തന്റെ മകളുടെ മരണത്തിന് കാരണക്കാരായ സഹപാഠികളുടെ പേരുകൾ സഹിതമാണ് ഉമാശങ്കർ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. ഇവർക്കെതിരെ ശക്തമായ നിയമനടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല….അതിജീവിക്കുകള മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056 )