പാചകവാതകക്ഷാമം രാജ്യത്ത് രൂക്ഷമായതോടെ ഉപയോക്തക്കളുടെ നിസ്സഹായാവസ്ഥ മുതലെടുക്കുകയാണ് കരിഞ്ചന്തയിലെ കച്ചവടക്കാര്‍. അത്തരമൊരു സംഭവമാണ് താരാപുരിയിലെ ജോഗിവാലി ഗലിയിൽ നടന്നത്. കരിഞ്ചന്തയിൽ നിന്ന് പ്രാദേശിക തെരുവ് കച്ചവടക്കാരൻ വാങ്ങിയ സിലിണ്ടറില്‍നിന്ന് പുറത്തുവന്നത് ഗ്യാസിനു പകരം നല്ല പച്ചവെള്ളം. ഇയാള്‍ പങ്കുവെച്ച ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
മീററ്റിൽ ലിച്ചാഡി ഗേറ്റ് പ്രദേശത്തെ താരാപുരിയിൽ താമസിക്കുന്ന ഫഹീം എന്ന തട്ടുകടക്കാരനാണ് തട്ടിപ്പിനിരയായത്. വീട്ടിൽ പാചകവാതകം തീർന്നതിനാലും കുട്ടികൾക്ക് ഭക്ഷണം കൊടുക്കാൻ മറ്റ് വഴികൾ ഇല്ലാതിരുന്നതിനാലും അടിയന്തര സാഹചര്യത്തിലാണ് ഇയാൾ കരിഞ്ചന്തയിൽ നിന്ന് സിലിണ്ടർ വാങ്ങിയത്. പ്രദേശത്ത് സൈക്കിളിൽ സിലിണ്ടർ വിൽക്കാനെത്തിയ ഒരാളിൽ നിന്നാണ് 14 കിലോഗ്രാമിന്റെ എൽപിജി സിലിണ്ടർ ഇയാൾ വാങ്ങിയത്. ഇതിനായി സിലിണ്ടറിന്റെ യഥാർത്ഥ വിലയേക്കാൾ വളരെ കൂടുതൽ തുക, അതായത് 2,500 രൂപ ഇയാൾക്ക് നൽകേണ്ടി വന്നു.
എന്നാൽ സിലിണ്ടർ വീട്ടിലെത്തിച്ച് അടുപ്പുമായി ഘടിപ്പിച്ചപ്പോൾ കത്തിക്കാൻ സാധിച്ചില്ല. സാങ്കേതിക തകരാറാണെന്ന് കരുതി സിലിണ്ടർ കുലുക്കി പരിശോധിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. ഇതേത്തുടർന്ന് സംശയം തോന്നി സിലിണ്ടർ തലകീഴായി വെച്ചു നോക്കിയപ്പോഴാണ് പാചകവാതകത്തിന് പകരം വെള്ളം പുറത്തേക്ക് ഒലിച്ചിറങ്ങിയത്. സിലിണ്ടറിൽ അരക്കിലോയോളം മാത്രം പാചകവാതകവും ബാക്കി 13.5 കിലോഗ്രാമും വെള്ളവുമായിരുന്നുവെന്ന് ഫഹീം പറയുന്നു.
ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഫഹീം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. തനിക്കുണ്ടായ അനുഭവം മറ്റാർക്കും ഉണ്ടാകരുതെന്നും, അനധികൃത വിൽപ്പനക്കാരിൽ നിന്ന് സിലിണ്ടർ വാങ്ങരുതെന്നും അദ്ദേഹം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്. സിലിണ്ടറുകൾ വാങ്ങുമ്പോൾ അതിന്റെ സീലും തൂക്കവും കൃത്യമാണെന്ന് ഉറപ്പുവരുത്തണം. അടിയന്തര സാഹചര്യങ്ങൾ മുതലെടുത്ത് പാവപ്പെട്ടവരെ പറ്റിക്കുന്ന ഇത്തരം അനധികൃത സംഘങ്ങൾക്കെതിരെ അധികൃതർ കർശന നടപടി സ്വീകരിക്കണമെന്നും ഫഹീം ആവശ്യപ്പെട്ടു.




