വേനൽക്കാലത്ത് ചൂട് കൂടുമ്പോൾ ഭക്ഷണം കേടുകൂടാതെ സൂക്ഷിക്കാൻ എല്ലാവരും ആശ്രയിക്കുന്നത് ഫ്രിഡ്ജിനെയാണ്. എന്നാൽ ഭക്ഷണം വെറുതെ ഫ്രിഡ്ജിൽ വെച്ചതുകൊണ്ട് മാത്രം കാര്യമായില്ല. ഭക്ഷണം കേടാകാതിരിക്കാനും കൂടുതൽ കാലം ഫ്രഷായി സൂക്ഷിക്കാനും അണുബാധയേല്‍ക്കാതിരിക്കാനും അത് എങ്ങനെ കൃത്യമായി ഫ്രിഡ്ജിൽ വെക്കണം എന്നതിനെക്കുറിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പായ എഫ്.എസ്.എസ്.എ.ഐ (FSSAI) ചില പ്രധാന കാര്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്.
ഫ്രിഡ്ജിൽ ഭക്ഷണം എങ്ങനെ തരംതിരിച്ച് വെക്കുന്നു എന്നതിനെ ആശ്രയിച്ചാണ് അത് എത്രത്തോളം ഫ്രഷായി ഇരിക്കും എന്നത് തീരുമാനിക്കപ്പെടുന്നത്. പച്ചമാംസം, കോഴിയിറച്ചി, മീൻ എന്നിവ മറ്റ് ഭക്ഷണസാധനങ്ങളിൽ നിന്ന് മാറ്റി സൂക്ഷിക്കുന്നത് വഴി വലിയൊരു പരിധി വരെ അണുബാധ ഒഴിവാക്കാൻ സാധിക്കും. വേനൽക്കാലത്ത് ചൂട് കാരണം ബാക്ടീരിയകൾ വളരെ പെട്ടെന്ന് വളരാൻ സാധ്യതയുള്ളതിനാൽ ഈ മുൻകരുതൽ എടുക്കുന്നത് വളരെ പ്രധാനമാണ്.
ഫ്രിഡ്ജിനുള്ളിൽ തണുപ്പുണ്ടെങ്കിൽ പോലും, ഭക്ഷണങ്ങൾ ശരിയായ രീതിയിലല്ല വെക്കുന്നതെങ്കിൽ ബാക്ടീരിയകൾ പരക്കാൻ സാധ്യതയുണ്ട്. പച്ചയായ ഭക്ഷണസാധനങ്ങളിൽ നിന്നുള്ള ബാക്ടീരിയകൾ പഴങ്ങൾ, പച്ചക്കറികൾ, പാകം ചെയ്ത ഭക്ഷണങ്ങൾ എന്നിവയിലേക്ക് പടരുന്നതിനെയാണ് ‘ക്രോസ്-കണ്ടാമിനേഷൻ’ എന്ന് പറയുന്നത്. ഇത് പെട്ടെന്ന് കണ്ണിൽ പെടില്ല. ഭക്ഷണം കാണാൻ നല്ലതാണെങ്കിലും മണമോ രുചിയോ മാറിയിട്ടില്ലെങ്കിലും അതിൽ ബാക്ടീരിയകൾ ഉണ്ടാകാം. ഇത് കാരണം ഭക്ഷ്യവിഷബാധ, വയറുവേദന, ഛർദ്ദി, മറ്റ് ദഹനപ്രശ്നങ്ങൾ എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്. പച്ചമാംസത്തിൽ നിന്നും മീനിൽ നിന്നുമുള്ള നീര് പഴങ്ങളിലോ പച്ചക്കറികളിലോ പാകം ചെയ്ത ഭക്ഷണത്തിലോ വീണാൽ അണുബാധ പെട്ടെന്ന് പടരും. അതുകൊണ്ട് കടയിൽ നിന്ന് വാങ്ങുമ്പോൾ മുതൽ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് വരെ ഇവ മറ്റ് ഭക്ഷണങ്ങളിൽ നിന്ന് മാറ്റി വെക്കാൻ ശ്രദ്ധിക്കണം.
ഫ്രിഡ്ജിന്റെ താപനില എപ്പോഴും 5 ഡിഗ്രി സെൽഷ്യസിൽ താഴെയായിരിക്കാൻ ശ്രദ്ധിക്കണം. ഇതിലും കൂടിയാൽ ബാക്ടീരിയകൾ വേഗത്തിൽ വളരും. മുട്ടകൾ താപനിലയിലെ മാറ്റങ്ങൾ പെട്ടെന്ന് ബാധിക്കുന്ന ഒന്നാണ്. അതുകൊണ്ട് മുട്ടകൾ എപ്പോഴും ഫ്രിഡ്ജിനുള്ളിൽ തന്നെ സൂക്ഷിക്കണമെന്നും വേനൽക്കാലത്ത് പകുതി വേവിച്ചതോ വേവിക്കാത്തതോ ആയ മുട്ടകൾ കഴിക്കുന്നത് ഒഴിവാക്കണമെന്നും എഫ്.എസ്.എസ്.എ.ഐ നിർദ്ദേശിക്കുന്നു.
ശരിയായ രീതിയിൽ ഫ്രിഡ്ജിൽ വെക്കുന്നത് വഴി മുട്ടകൾ കേടാകാതെ കൂടുതൽ ദിവസം ഇരിക്കും. വേനൽക്കാലത്ത് ഭക്ഷ്യവിഷബാധ ഏറാൻ സാധ്യതയുള്ളതിനാൽ, പാകം ചെയ്ത കറിക്ക് മുകളിലായി പച്ചമാംസം വെക്കുകയോ മുട്ടകൾ പുറത്തുതന്നെ വെക്കുകയോ ചെയ്യുന്നത് വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. എന്നാൽ ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ അപകടങ്ങൾ പൂർണ്ണമായും ഒഴിവാക്കാവുന്നതേയുള്ളൂ.




