Featured Sports

സ്വന്തം തട്ടകത്തിലെ ആദ്യ മത്സരത്തിന് ‘ചേട്ടനും’ കൂട്ടരും; ചെന്നൈ സൂപ്പര്‍ കിങ്‌സ് പഞ്ചാബ്‌ കിങ്‌സിനെ നേരിടും

ചെന്നൈ: ഐ.പി.എല്‍. ക്രിക്കറ്റ്‌ 19-ാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തം തട്ടകത്തിലെ ആദ്യ മത്സരത്തിനൊരുങ്ങുന്നു.
സ്വന്തം തട്ടകമായ ചെപ്പോക്കിലെ എം.എ. ചിദംബരം സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പഞ്ചാബ്‌ കിങ്‌സാണ്‌ എതിരാളികള്‍.

ഗുവാഹാത്തിയില്‍ നടന്ന ആദ്യ മത്സരത്തില്‍ രാജസ്‌ഥാന്‍ റോയല്‍സിനോട്‌ ദയനീയമായി തോറ്റ ക്ഷീണത്തിലാണു സൂപ്പര്‍ കിങ്‌സ്. സൂപ്പര്‍ കിങ്‌സിനെതിരേ ചെന്നൈയില്‍ അഞ്ച്‌ ജയം കുറിച്ച ടീമാണു പഞ്ചാബ്‌. ഇവിടെ നടന്ന ഒന്‍പത്‌ മത്സരങ്ങളില്‍ നാലില്‍ മാത്രമാണ്‌ അവര്‍ തോറ്റത്‌.

ഡെവാള്‍ഡ്‌ ബ്രെവിസിന്റെ പരുക്കും ചെന്നൈയെ അലട്ടുന്നു. കഴിഞ്ഞ മത്സരത്തിനിടെ പരുക്കേറ്റ നായകന്‍ ശ്രേയസ്‌ അയ്യര്‍ കായിക ക്ഷമത നേടിയ ആശ്വാസത്തിലാണ്‌ പഞ്ചാബ്‌. കഴിഞ്ഞ മത്സരത്തില്‍ ടീമിനെ ജയത്തിലെത്തിച്ച കൂപര്‍ കോണോലി മൂന്നാം നമ്പര്‍ ബാറ്ററായി തുടരും. ആദ്യ മത്സരത്തില്‍ നിറംമങ്ങിയെങ്കിലും വിക്കറ്റ്‌ കീപ്പര്‍ ബാറ്റര്‍ സഞ്‌ജു സാംസണ്‍ തകര്‍ത്തടിക്കുമെന്നാണു കിങ്‌സിന്റെ പ്രതീക്ഷ.

ടീം: സൂപ്പര്‍ കിങ്‌സ്- സഞ്‌ജു സാംസണ്‍, ഋതുരാജ്‌ ഗെയ്‌ക്വാദ്‌ (നായകന്‍), ആയുഷ്‌ എംഹാത്രെ, മാറ്റ്‌ ഷോര്‍ട്ട്‌, ശിവം ദുബെ, സര്‍ഫ്രാസ്‌ ഖാന്‍/ പ്രശാന്ത്‌ വീര്‍, കാര്‍ത്തിക്‌ ശര്‍മ, ജാമി ഓവര്‍ടണ്‍, നൂര്‍ അഹമ്മദ്‌, മാറ്റ്‌ ഹെന്റി, അന്‍ശുല്‍ കാംബോജ്‌.

പഞ്ചാബ്‌ കിങ്‌സ്- പ്രിയാംശ്‌ ആര്യ, പ്രഭ്‌സിമ്രന്‍ സിങ്‌, കൂപര്‍ കോണോലി, ശ്രേയസ്‌ അയ്യര്‍ (നായകന്‍), നെഹാല്‍ വാധ്ര, ശശാങ്ക്‌ സിങ്‌, മാര്‍കസ്‌ സ്‌റ്റോനിസ്‌, മാര്‍കോ യാന്‍സന്‍, സാവിയര്‍ ബാര്‍ട്ട്‌ലെറ്റ്‌, വിജയ്‌കുമാര്‍ വൈശാഖ്‌, അര്‍ഷദീപ്‌ സിങ്‌.