Crime

നാട്ടുകാരനെ അപ്രതീക്ഷിതമായി കണ്ടു, വിശേഷം തിരക്കി; കൊലക്കേസ് പ്രതി 40 വർഷത്തിനുശേഷം പിടിയിൽ

കൊല്ലം: സഹോദരീ ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതി 40 വർഷങ്ങൾക്ക് ശേഷം ഒടുവിൽ പിടിയിലായി. വെളിയം പടിഞ്ഞാറ്റിൻകര കോടിയാട്ട് വീട്ടിൽ മോഹനൻപിള്ളയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വെളിയം പടിഞ്ഞാറ്റിൻകര സ്വദേശിയായ ചന്ദ്രശേഖരൻപിള്ളയെ കൊലപ്പെടുത്തിയ ശേഷം 1987-ലാണ് മോഹനൻപിള്ള നാടുവിട്ടത്. കൊലപാതകം നടത്തുമ്പോൾ പ്രതിക്ക് വെറും 25 വയസ്സ് മാത്രമായിരുന്നു പ്രായം.

1987 ജനുവരി 11-നായിരുന്നു നാടിനെ നടുക്കിയ ഈ കൊലപാതകം നടന്നത്. അന്ന് വീട്ടിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ ചന്ദ്രശേഖരൻപിള്ളയെ മോഹനൻപിള്ള വെട്ടുകത്തികൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു.

കൃത്യത്തിന് ശേഷം ആദ്യം വേളാങ്കണ്ണിയിലേക്ക് കടന്ന പ്രതി പിന്നീട് കോട്ടയം കല്ലറയിലെത്തി തോട്ടം തൊഴിലാളിയായി മാറി. അവിടെ പേര് ‘രാജൻ’ എന്ന് തിരുത്തി വിവാഹം കഴിക്കുകയും പുതിയൊരു കുടുംബമായി ജീവിച്ചു വരികയുമായിരുന്നു.

അടുത്തിടെ അസുഖം ബാധിച്ചതിനെ തുടർന്ന് മോഹനൻപിള്ള കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അവിടെ വച്ച് അവിചാരിതമായി കണ്ടുമുട്ടിയ ഒരു വെളിയം സ്വദേശിയോട് ഇയാൾ നാട്ടിലെ വിവരങ്ങൾ തിരക്കി. ഈ വിവരം ആ വ്യക്തി നാട്ടിലുള്ള ബന്ധുക്കളെ അറിയിച്ചതോടെയാണ് പൊലീസിന്റെ അന്വേഷണം വീണ്ടും ഊർജിതമായത്.

ഇതിനിടെ താമസസ്ഥലത്തെ ഒരു കള്ളുഷാപ്പിൽ ജോലി ചെയ്തിരുന്ന മോഹനൻപിള്ള, ഒരിക്കൽ മദ്യലഹരിയിൽ വഴക്കുണ്ടാക്കുകയും ‘കേസൊന്നും തനിക്ക് പുത്തരിയല്ല’ എന്ന് വിളിച്ചുപറയുകയും ചെയ്തതായി പൊലീസിന് രഹസ്യവിവരം ലഭിച്ചു. പ്രായം കാരണം പ്രതിയുടെ രൂപത്തിൽ പ്രകടമായ മാറ്റമുണ്ടായിരുന്നെങ്കിലും പൊലീസിന്റെ വിദഗ്ദ്ധമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ സഹോദരിയും മറ്റ് ബന്ധുക്കളും നേരിട്ടെത്തി തിരിച്ചറിഞ്ഞു. ഇയാൾക്ക് ഇപ്പോൾ 35-ഉം 37-ഉം വയസ്സുള്ള രണ്ട് മക്കളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *