Featured Oddly News

കാമുകന്‍ ‘വാടകയ്ക്ക്’ ! സേവനം കൊച്ചിയിലും? മണിക്കൂറിന് 1000 രൂപമുതല്‍; വൈറലായ യുവതിയുടെ പോസ്റ്റ്

വടക്കൻ യൂറോപ്യൻ രാജ്യമായ ലാത്വിയയിൽ പുരുഷന്മാരുടെ കുറവ് കാരണം ഭർത്താക്കന്മാരെയും കാമുകന്മാരേയും വാടകയ്‌ക്കെടുക്കുന്ന രീതിയെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടാകാം. അത്തരം സേവനങ്ങൾ നൽകുന്ന ഏജൻസികൾ പോലും അവിടെയുണ്ട്. എന്നാൽ ഇതേ മാതൃകയിൽ ഒരു സേവനം നമ്മുടെ രാജ്യ തലസ്ഥാനത്തും ലഭ്യമാണെന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലാകുന്നത്. ഇവിടെ ഭർത്താക്കന്മാരെയല്ല, പകരം ‘കാമുകന്മാരെയാണ്’ വാടകയ്ക്ക് കിട്ടുന്നത് എന്നാണ് പ്രചരിക്കുന്ന വാർത്ത .

ഡൽഹി സ്വദേശിയായ ഇഷ ഭല്ല എന്ന കണ്ടന്റ് ക്രിയേറ്ററാണ് ഒരു ഓൺലൈൻ സൈറ്റ് വഴി കാമുകനെ വാടകയ്‌ക്കെടുത്തെന്നും ഒന്നിച്ച് മാളിൽ പോയെന്നും കാണിച്ച് വീഡിയോ പങ്കുവെച്ചത്. ഓൺലൈനായി ബുക്ക് ചെയ്ത ശേഷം യുവാവിനെ നേരിൽ കണ്ട് ഷോപ്പിങ് നടത്തിയ അനുഭവം ഇഷ വിവരിക്കുന്നുണ്ട്. ഷോപ്പിങ്ങിൽ സഹായിക്കാനും ബാഗുകൾ പിടിക്കാനും അയാൾ കൂടെയുണ്ടായിരുന്നു. അയാളുടെ വസ്ത്ര സെലക്ഷൻ അത്ര പോരായിരുന്നു എങ്കിലും താൻ അത് സഹിച്ചുവെന്ന് ഇഷ തമാശയായി പറയുന്നു.

ഒരു യഥാർത്ഥ സുഹൃത്തിനോടോ പങ്കാളിയോടോ ഒപ്പമിരിക്കുന്ന അനുഭവമാണ് അയാൾ സമ്മാനിച്ചത്. തന്റെ പഴയ കാമുകനെക്കുറിച്ച് സംസാരിച്ച് വികാരാധീനയായപ്പോൾ, തമാശകൾ പറഞ്ഞ് അയാൾ തന്നെ ആശ്വസിപ്പിച്ചു. ഒടുവിൽ നിശ്ചിത സമയം കഴിഞ്ഞപ്പോൾ പണം നൽകി തങ്ങൾ പിരിഞ്ഞതായും ഇഷ വ്യക്തമാക്കുന്നുണ്ട്.

ഈ വീഡിയോ സോഷ്യൽ മീഡിയയിൽ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ ചർച്ചകൾക്ക് വഴിതുറന്നു. ഇന്ത്യയിലും ഇത്തരം സേവനങ്ങൾ ഉണ്ടോ എന്ന് പലരും അതിശയപ്പെട്ടു. എന്നാൽ, വീഡിയോയിലുള്ള യുവാവ് മുൻപും ഇഷയുടെ വീഡിയോകളിൽ അഭിനയിച്ചിട്ടുള്ള ആളാണെന്ന് ആളുകൾ കണ്ടെത്തി. ഇതൊരു പരസ്യ വീഡിയോ മാത്രമാണെന്നാണ് ഇതിന് ഇഷ നൽകിയ മറുപടി. എങ്കിലും ഇഷ പറയുന്ന വെബ്‌സൈറ്റ് യഥാർത്ഥത്തിൽ ഉള്ളതാണ്. ഇതിനോടകം ഒരു കോടിയോളം ആളുകളാണ് ഈ വീഡിയോ കണ്ടത്.

യഥാർത്ഥത്തിൽ ഈ വെബ്‌സൈറ്റിൽ ‘കാമുകനെ വാടകയ്ക്ക് നൽകും’ എന്ന് നേരിട്ട് പറയുന്നില്ല. പകരം ‘പ്രൊഫഷണൽ സോഷ്യൽ സപ്പോർട്ട് സർവീസ്’ എന്നാണ് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഡൽഹി മുതൽ കൊച്ചി വരെയുള്ള ഇന്ത്യയിലെ ഇരുപതോളം നഗരങ്ങളിൽ ഈ സേവനം ലഭ്യമാണ്. പ്രായമായവരുടെ സംരക്ഷണം, ഒന്നിച്ച് സമയം ചെലവഴിക്കൽ, ക്ലബ്ബിങ്, സിനിമയ്ക്ക് പോകൽ, ഷോപ്പിങ് കൂട്ട്, മെഡിക്കൽ സഹായം, വീട്ടുജോലിക്കുള്ള സഹായം എന്നിവയാണ് ഈ സൈറ്റിലുള്ളത്. ആളുകൾക്ക് പ്രൊഫൈൽ ഉണ്ടാക്കി മണിക്കൂറിന് 1000 മുതൽ 2000 രൂപ വരെ നൽകി പങ്കാളികളെ ബുക്ക് ചെയ്യാം. കൂടാതെ താല്പര്യമുള്ളവർക്ക് ഇതിൽ പങ്കാളിയായി രജിസ്റ്റർ ചെയ്ത് പണം സമ്പാദിക്കാനും അവസരമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *