Featured Oddly News

മജിസ്‌ട്രേറ്റെങ്കിലും അമ്മ; മകന്റെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ നൽകി, തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തിൽ ദാരുണാന്ത്യം- വീഡിയോ

മാരകമായ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തിൽ നിന്ന് തന്റെ മൂന്ന് വയസ്സുള്ള മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സക്കറ്റേക്കാസ് മജിസ്‌ട്രേറ്റ് മരണപ്പെട്ടു. ഗ്വാഡലൂപ്പെ സ്‌പോർട്‌സ് യൂണിറ്റിലുണ്ടായ ഈ ദാരുണമായ സംഭവത്തിന് ശേഷം ഒൻപത് ദിവസത്തോളം ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശേഷമാണ് മജിസ്‌ട്രേറ്റായ ഒയുകി റാമിറെസ് ബുർസിയാഗ അന്ത്യം സംഭവിച്ചത്.

മെയ് 3-ന് ഉണ്ടായ ആക്രമണത്തിൽ, തേനീച്ചകൾ കൂട്ടത്തോടെ എത്തിയപ്പോൾ ഒയുകി തന്റെ വസ്ത്രം ഉപയോഗിച്ച് മകനെ മൂടി സംരക്ഷിക്കുകയും മറ്റുള്ളവരെ സഹായിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതിനിടയിൽ നൂറുകണക്കിന് തേനീച്ചകളുടെ കുത്തേറ്റ ഒയുകിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദ്യ ഘട്ടത്തിൽ ബോധമുണ്ടായിരുന്നെങ്കിലും, തേനീച്ച വിഷം മൂലമുണ്ടായ കടുത്ത അലർജിയും ആന്തരിക വീക്കവും ആരോഗ്യനില വഷളാക്കി.

തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട അവർ ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് കഴിഞ്ഞിരുന്നത്.
ആക്രമണ സമയത്ത് സ്വന്തം ജീവൻ പണയപ്പെടുത്തി മകനെയും കൂടെയുണ്ടായിരുന്ന വയോധികനായ പിതാവിനെയും രക്ഷിക്കാൻ ഒയുകി കാണിച്ച ധീരത ഏവരുടെയും കണ്ണുനിറയ്ക്കുന്നതായിരുന്നു. സംഭവസ്ഥലത്തെത്തിയ സിവിൽ പ്രൊട്ടക്ഷൻ വിഭാഗത്തിന് മതിയായ സുരക്ഷാ ഉപകരണങ്ങൾ ഇല്ലാതിരുന്നത് രക്ഷാപ്രവർത്തനത്തെ ബാധിച്ചതായും റിപ്പോർട്ടുകളുണ്ട്.

സക്കറ്റേക്കാസ് ഹൈക്കോടതിയിൽ മജിസ്‌ട്രേറ്റായി ചുമതലയേറ്റ് വെറും ഏഴ് മാസമേ ആയിരുന്നുള്ളൂ എങ്കിലും, നീതിന്യായ മേഖലയിൽ രണ്ട് പതിറ്റാണ്ടിലേറെ പരിചയസമ്പന്നയായിരുന്നു അവർ. ഒയുകിയുടെ നിര്യാണത്തിൽ സക്കറ്റേക്കാസ് ജുഡീഷ്യൽ വിഭാഗം അനുശോചനം രേഖപ്പെടുത്തി. ഒരു മാതൃകാപരമായ ഉദ്യോഗസ്ഥ എന്നതിലുപരി, സ്വന്തം മകന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീരയായ അമ്മ എന്ന നിലയിലാണ് മെക്സിക്കോ ഇന്ന് ഒയുകി റാമിറെസിനെ ഓർമ്മിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *