Spotlight

‘ശശിധരന്‍ കര്‍ത്തയുടെ മൊഴി നിങ്ങളുടെ സൃഷ്ടി’, കമല ഇന്‍റര്‍നാഷണല്‍ വിട്ടോ? പിണറായി

സിഎംആർഎൽ–എക്സാലോജിക് കേസിൽ തനിക്കും മകൾക്കുമെതിരെ ശശിധരൻ കർത്ത മൊഴി നൽകിയെന്ന വാർത്തകൾക്ക് പിന്നിൽ മാധ്യമങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുറേക്കാലമായി മാധ്യമങ്ങൾ നിർമ്മിച്ചെടുക്കുന്ന വ്യാജ വാർത്തകളുടെ തുടർച്ചയാണിതെന്നും, മുൻപ് പി.കെ. ശ്രീമതിക്കെതിരെ തീർത്തും അസത്യമായ വാർത്ത നൽകിയതും ഇതേ മാധ്യമങ്ങൾ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

സിഎംആർഎൽ വിഷയം ഉയർത്തിക്കാട്ടുന്നത് കാര്യങ്ങൾ തന്നിലേക്ക് എത്തിക്കാൻ വേണ്ടിയാണെന്നും പിണറായി ആരോപിച്ചു. “എങ്ങനെയെങ്കിലും കാര്യങ്ങൾ എന്നിലേക്ക് എത്തിക്കാമെന്നാണ് പലരുടെയും ശ്രമം. എന്നോട് എല്ലാവർക്കും അത്രമേൽ താല്പര്യമാണല്ലോ. അത് വരട്ടെ, ഇത്തരം എത്രയോ കാര്യങ്ങൾ നമ്മൾ കണ്ടിരിക്കുന്നു,” എന്നും പിണറായി പ്രതികരിച്ചു.

മകൾ വീണ വിജയന് വേറെയുമൊരു കമ്പനിയുണ്ടെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കണ്ടെത്തലിനെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ, ‘കമലാ ഇന്റർനാഷണൽ വിട്ടോ?’ എന്ന പരിഹാസരൂപേണയുള്ള മറുചോദ്യമായിരുന്നു മുഖ്യമന്ത്രി ഉന്നയിച്ചത്. ‘ലേക്കർ ഇന്ത്യ കോർപ്പറേഷൻ’ എന്ന കമ്പനിയിൽ വീണയ്ക്ക് പങ്കാളിത്തമുണ്ടെന്നാണ് ഇ.ഡി നൽകിയ സൂചന. വീണയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഇതുസംബന്ധിച്ച രേഖകൾ കണ്ടെടുത്തതിനെ തുടർന്ന്, ഈ കമ്പനിയുടെ ബാങ്ക് അക്കൗണ്ടിലുള്ള 15,57,414 രൂപ ഇ.ഡി മരവിപ്പിച്ചിട്ടുമുണ്ട്.

കഴിഞ്ഞ ഏപ്രിലിലാണ് ശശിധരൻ കർത്ത പിണറായിക്കും മകൾ വീണയ്ക്കുമെതിരെ ഇ.ഡിക്ക് മൊഴി നൽകിയത്. പിണറായി വിജയനോടുള്ള അടുപ്പം കാരണമാണ് എക്സാലോജിക്കിന് പണം നൽകിയതെന്നും, എന്നാൽ വീണയുടെ കമ്പനി സിഎംആർഎലിന് ഒരു സേവനവും നൽകിയിട്ടില്ലെന്നുമാണ് കർത്തയുടെ മൊഴി. യാതൊരു സേവനവും നൽകാതെ വാങ്ങിയ ഈ തുക കള്ളപ്പണ നിരോധന നിയമപ്രകാരം കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച പണമായി കണക്കാക്കാമെന്നാണ് ഇ.ഡി വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *