ഇന്തോനേഷ്യയിലെ യോഗ്യാക്കാർത്തയിലുള്ള ഒരു ഡേകെയർ സെന്ററിൽ പിഞ്ചുകുഞ്ഞുങ്ങളെ കെട്ടിയിട്ടും അർദ്ധനഗ്നരാക്കിയും ക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത് രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തിൽ അധികൃതർ അടിയന്തര ക്രിമിനൽ അന്വേഷണം പ്രഖ്യാപിച്ചു.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിൽ 13 പേരെ പ്രതികളായി തിരിച്ചറിഞ്ഞു. ഡേകെയറുമായി ബന്ധമുള്ള മുപ്പതോളം പേരെ ചോദ്യം ചെയ്ത ശേഷമാണ് 13 പേരെ അറസ്റ്റ് ചെയ്തത്. പീഡനം നടന്ന ‘ലിറ്റിൽ അരീഷ’ എന്ന ഡേകെയർ സെന്റർ പോലീസ് എന്നെന്നേക്കുമായി അടച്ചുപൂട്ടുകയും സീൽ ചെയ്യുകയും ചെയ്തു. സ്ഥാപനത്തിന്റെ തലവൻ, മാനേജർ, 11 ജീവനക്കാർ എന്നിവരാണ് ഇപ്പോൾ പോലീസിന്റെ കസ്റ്റഡിയിലുള്ളത്.
ഈ ഡേകെയറിൽ ആകെ 103 കുട്ടികളാണ് ഉണ്ടായിരുന്നത്. ഇതിൽ രണ്ട് വയസ്സിന് താഴെയുള്ള 53 കുട്ടികളെങ്കിലും ക്രൂരമായ പീഡനത്തിന് ഇരയായിട്ടുണ്ടാകാമെന്നാണ് പ്രാഥമിക നിഗമനം. ഉറങ്ങുന്ന സമയത്ത് കുട്ടികളെ അനങ്ങാൻ കഴിയാത്ത വിധം കെട്ടിയിടാറുണ്ടായിരുന്നു എന്നതുൾപ്പെടെയുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് അന്വേഷണത്തിൽ പുറത്തുവരുന്നത്. പീഡനത്തിന് ഇരയായ കുട്ടികൾക്ക് ആവശ്യമായ ചികിത്സയും മാനസിക പിന്തുണയും നൽകുന്നതിനൊപ്പം അവരുടെ കുടുംബങ്ങളുടെ മൊഴി രേഖപ്പെടുത്തുന്ന നടപടികളും അധികൃതർ ആരംഭിച്ചു.
ഈ ക്രൂരത പുറത്തുവന്നതോടെ രാജ്യത്തെ സ്വകാര്യ ഡേകെയർ സെന്ററുകളുടെ ലൈസൻസിംഗും സുരക്ഷാ മാനദണ്ഡങ്ങളും കർശനമാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ കൃത്യമായ പരിശോധനകളും കർശന നിയമങ്ങളും നടപ്പിലാക്കണമെന്നും പൊതുജനങ്ങൾ ആവശ്യപ്പെടുന്നു. കുറ്റവാളികൾക്ക് അർഹമായ ശിക്ഷ ഉറപ്പാക്കുമെന്നും കുട്ടികളുടെ സംരക്ഷണത്തിനാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും പോലീസ് അറിയിച്ചു.




