രാത്രിയിൽ തണ്ണിമത്തൻ കഴിക്കുന്നത് അപകടകരമാണോ? മുംബൈയിൽ ബിരിയാണി കഴിച്ചതിന് പിന്നാലെ രാത്രി വൈകി തണ്ണിമത്തൻ കഴിച്ച ഒരു കുടുംബത്തിലെ നാലുപേർ മരണപ്പെട്ട സംഭവം ഭക്ഷണശീലങ്ങളെക്കുറിച്ചുള്ള പുതിയ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഇവർക്ക് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. മരണകാരണം തണ്ണിമത്തൻ ആണെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, രാത്രിയിൽ ഇത് കഴിക്കുന്നത് സുരക്ഷിതമാണോ എന്ന കാര്യത്തിൽ പലർക്കും ആശങ്കയുണ്ട്. ഈ ചോദ്യത്തിന് വിദഗ്ധർ നൽകുന്ന മറുപടി എന്താണ്?
വേനൽക്കാലത്ത് ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന പഴമാണ് തണ്ണിമത്തൻ. ഇതിൽ 94 ശതമാനവും വെള്ളമാണ്. കൂടാതെ ലൈക്കോപീൻ, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളും ധാരാളമായി അടങ്ങിയിട്ടുണ്ട്. എന്നാൽ ഇത് കഴിക്കുന്ന സമയത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് പോഷകാഹാര വിദഗ്ധയായ ഡോ. ശിൽപ അറോറ പറയുന്നു.
രാത്രി ഏഴ് മണിക്ക് ശേഷം തണ്ണിമത്തനോ മറ്റ് പഴങ്ങളോ കഴിക്കുന്നത് അവർ ശുപാർശ ചെയ്യുന്നില്ല. തണ്ണിമത്തനിലെ ചെറിയ തോതിലുള്ള അമ്ലാംശം രാത്രിയിലെ ദഹനപ്രക്രിയയെ സാവധാനത്തിലാക്കാൻ സാധ്യതയുണ്ട്. പകൽ 12 നും 1 നും ഇടയിലുള്ള സമയമാണ് ഇത് കഴിക്കാൻ ഏറ്റവും അനുയോജ്യമെന്ന് അവർ വ്യക്തമാക്കുന്നു.
രാത്രിയിൽ ദഹനപ്രക്രിയ മന്ദഗതിയിലാകുന്നതിനാൽ തണ്ണിമത്തൻ കഴിക്കുന്നത് വയർ വീർക്കുന്നതിനും അസ്വസ്ഥതകൾക്കും കാരണമായേക്കാം. കൂടാതെ ഇതിൽ ജലാംശം കൂടുതലായതുകൊണ്ട് രാത്രി ഉറക്കത്തിനിടയിൽ കൂടെക്കൂടെ മൂത്രമൊഴിക്കാൻ എഴുന്നേൽക്കേണ്ടി വരുന്നത് ഉറക്കത്തെ തടസ്സപ്പെടുത്തുകയും ചെയ്യും.
ദഹനസംബന്ധമായ പ്രശ്നങ്ങളുള്ളവർ, അസിഡിറ്റി ഉള്ളവർ, പ്രമേഹരോഗികൾ എന്നിവർ രാത്രിയിൽ തണ്ണിമത്തൻ കഴിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം. പ്രത്യേകിച്ച് കനത്ത ആഹാരത്തിന് ശേഷം ഉടനെ ഇത് കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. തണ്ണിമത്തൻ ആരോഗ്യകരമായ പഴമാണെങ്കിലും അത് ശുചിത്വത്തോടെ സൂക്ഷിക്കാനും ശരിയായ സമയത്ത് കഴിക്കാനും ശ്രദ്ധിക്കണം. രാത്രി ഭക്ഷണത്തിന് ശേഷമുള്ള ശീലമാക്കുന്നതിന് പകരം പകൽ സമയത്ത് ലഘുഭക്ഷണമായി കഴിക്കുന്നതാണ് ഏറ്റവും ഉചിതം.
തണ്ണിമത്തൻ എന്ന പഴമല്ല, മറിച്ച് അത് കൈകാര്യം ചെയ്യുന്ന രീതികളും അതിൽ കടന്നുകൂടുന്ന ബാക്ടീരിയകളുമാണ് യഥാർഥത്തിൽ വില്ലനാകുന്നത്. തണ്ണിമത്തനിലെ ഉയർന്ന ജലാംശവും പ്രകൃതിദത്തമായ പഞ്ചസാരയും സൂക്ഷ്മജീവികൾക്ക് പെരുകാൻ അനുയോജ്യമായ സാഹചര്യമൊരുക്കുന്നു. ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ ഇവ വേഗത്തിൽ കേടാകും. പ്രധാനമായും സാൽമൊണല്ല, ലിസ്റ്റീരിയ, ഇ. കോളി തുടങ്ങിയ ബാക്ടീരിയകളാണ് തണ്ണിമത്തനിലൂടെ അണുബാധയുണ്ടാക്കുന്നത്. അശുദ്ധമായ വെള്ളത്തിലൂടെയോ മണ്ണിലൂടെയോ തൊലിപ്പുറത്തെത്തുന്ന ഇവ മുറിക്കുമ്പോൾ ഉള്ളിലേക്ക് വ്യാപിക്കുന്നു.
സാധാരണ ഗതിയിൽ ചെറിയ വയറിളക്കമോ ഛർദ്ദിയോ ആണ് ഉണ്ടാകാറുള്ളതെങ്കിലും ചിലപ്പോൾ ഇത് മരണകാരണമായേക്കാവുന്ന അണുബാധകളിലേക്ക് നയിക്കാം. നിർത്താതെയുള്ള ഛർദ്ദിയും വയറിളക്കവും മൂലം ശരീരത്തിലെ ജലം പൂർണ്ണമായും നഷ്ടപ്പെടുന്നത് അപകടകരമാണ്. ബാക്ടീരിയകൾ രക്തത്തിൽ കലരുകയും ആന്തരികാവയവങ്ങളെ ബാധിക്കുകയും ചെയ്യുന്നത് സ്ഥിതി ഗുരുതരമാക്കാം. കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ എന്നിവരിൽ ഇത്തരം അണുബാധകൾ വേഗത്തിൽ ബാധിക്കാൻ സാധ്യതയുള്ളതിനാൽ കൂടുതൽ ജാഗ്രത ആവശ്യമാണ്.
തണ്ണിമത്തൻ വിഷമയമാകുന്നതിന് പിന്നിൽ പല കാരണങ്ങളുണ്ട്. വിപണിയിൽ ചുവപ്പ് നിറവും മധുരവും കൂട്ടാൻ എറിത്രോസിൻ പോലുള്ള രാസവസ്തുക്കൾ കുത്തിവയ്ക്കുന്നത് ഇതിലൊന്നാണ്. ഇത്തരം കുത്തിവയ്പ്പുകൾക്ക് ഉപയോഗിക്കുന്ന അശുദ്ധമായ സൂചികളും വെള്ളവും പഴത്തിനുള്ളിൽ ബാക്ടീരിയകൾ വളരാൻ ഇടയാക്കുന്നു. കൂടാതെ, പാതയോരങ്ങളിൽ ദീർഘനേരം മുറിച്ചുതുറന്നു വെച്ച് വിൽക്കുന്ന തണ്ണിമത്തനിൽ പൊടിപടലങ്ങളും ഈച്ചകളും വഴി മലിനമാകാൻ സാധ്യതയുണ്ട്. വിളവെടുക്കുമ്പോഴോ കഴുകുമ്പോഴോ ഉപയോഗിക്കുന്ന അശുദ്ധമായ വെള്ളവും അണുബാധയ്ക്ക് കാരണമാകുന്നു.
രാത്രിയിൽ തണ്ണിമത്തൻ കഴിക്കുന്നത് മരണകാരണമാകും എന്നത് വെറുമൊരു തെറ്റിദ്ധാരണ മാത്രമാണ്. എന്നാൽ രാത്രി സമയങ്ങളിൽ നമ്മുടെ ദഹനപ്രക്രിയ പതുക്കെയായതിനാൽ, അണുബാധയുള്ള തണ്ണിമത്തനാണ് കഴിക്കുന്നതെങ്കിൽ അത് വയറിന് അസ്വസ്ഥതകൾ ഉണ്ടാക്കാൻ സാധ്യത കൂടുതലാണ്. അതിനാൽ തണ്ണിമത്തൻ പകൽ സമയത്തോ ഭക്ഷണത്തിന് ഇടവേളകളിലോ കഴിക്കുന്നതാണ് ആരോഗ്യത്തിന് ഏറ്റവും ഉചിതം. തണ്ണിമത്തൻ വാങ്ങി മുറിച്ചാൽ ഉടൻ തന്നെ കഴിക്കാനും വൃത്തിയായി സൂക്ഷിക്കാനും ശ്രദ്ധിക്കണം.




