Celebrity Featured

‘ഞാനേ കണ്ടുള്ളൂ, ഞാൻ മാത്രമേ കണ്ടുള്ളൂ’; പൊലീസ് വാന്‍ തടയുന്ന പ്രതിഷേധ ചിത്രം പുനരാവിഷ്കരിച്ച് നവ്യ; പിന്നാലെ നീക്കി; വിമര്‍ശനം

സിജെപി പ്രതിഷേധത്തിനിടെ പ്രതിഷേധക്കാരുമായി നീങ്ങിയ പൊലീസ് വാഹനം തടഞ്ഞുനിർത്തിയ 27കാരിയും മോഡലുമായ റിയ ആഹിറിന്റെ ഒറ്റയാൾ പോരാട്ടം സോഷ്യൽ മീഡിയയിൽ വൻ തോതിലാണ് വൈറലായത്. റിയ പൊലീസ് വാഹനം തടയുന്ന ചിത്രങ്ങൾ നിരവധി പേരാണ് പങ്കുവെക്കുകയും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തത്. എന്നാൽ, ഇതേ പ്രതിഷേധ ചിത്രം പുനരാവിഷ്കരിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച നടി നവ്യ നായർക്ക് കടുത്ത വിമർശനമാണ് നേരിടേണ്ടി വന്നത്. പ്രതിഷേധക്കാരുടെ എതിർപ്പ് ശക്തമായതോടെ താരം ഒടുവിൽ ആ ഫോട്ടോ അക്കൗണ്ടിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു.

കഴിഞ്ഞ ദിവസം ശിവാജി പാർക്കിൽ പ്രതിഷേധത്തിൽ പങ്കെടുത്തവരെ കുത്തിനിറച്ച് കൊണ്ടുപോയ പൊലീസ് വാനിന് മുന്നിൽ കൈകൾ നീട്ടി തടഞ്ഞുനിൽക്കുന്ന റിയയുടെ ചിത്രങ്ങളാണ് പുറത്തുവന്നത്. കനത്ത മഴയ്ക്കിടെ ഹൂഡിയും തൊപ്പിയും ധരിച്ചെത്തിയ റിയ നിമിഷനേരം കൊണ്ട് സിജെപി പ്രതിഷേധത്തിന്റെ മുഖമായി മാറി. ഈ സംഭവത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ കൊൽക്കത്തയിൽ വെച്ച് ഒരു പൊലീസ് വാഹനത്തിന് മുന്നിൽ കൈവെച്ച് നിൽക്കുന്ന ദൃശ്യമാണ് നവ്യ നായർ പങ്കുവെച്ചത്. പശ്ചാത്തലത്തിൽ ‘വന്ദേ മാതരം’ ഗാനം നൽകിയതല്ലാതെ മറ്റ് അടിക്കുറിപ്പുകളൊന്നും ചിത്രത്തിനൊപ്പം നടി ചേർത്തിരുന്നില്ല.

നവ്യ പങ്കുവെച്ച ചിത്രം സിജെപി സമരത്തോടുള്ള പരോക്ഷ പിന്തുണയായാണ് പലരും ആദ്യം കണ്ടതെങ്കിലും തൊട്ടുപിന്നാലെ തന്നെ ചിത്രം ഡിലീറ്റ് ചെയ്യപ്പെടുകയായിരുന്നു. പരീക്ഷാ ക്രമക്കേടുകൾക്കെതിരെ രാജ്യത്ത് വിദ്യാർത്ഥി പ്രക്ഷോഭം ആളിക്കത്തുമ്പോൾ ഇതുവരെ യാതൊരു നിലപാടും എടുക്കാതിരുന്ന നടി, പെട്ടെന്ന് ഒരു പോസ്റ്റുമായി വരികയും അത് ഉടൻ തന്നെ മുക്കുകയും ചെയ്തതാണ് വിമർശകർക്ക് പ്രധാന ആയുധമായത്.

പോസ്റ്റ് നീക്കം ചെയ്തെങ്കിലും നവ്യയുടെ ചിത്രത്തിന്റെ സ്ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം വ്യാപകമായി പ്രചരിച്ചു കഴിഞ്ഞു.



‘ഞാനെ കണ്ടുള്ളൂ, ഏതോ നിർത്തിയിട്ടിരുന്ന വണ്ടിയുടെ മുന്നിൽ പോയി ഷോയ്ക്ക് വേണ്ടി ഫോട്ടോ എടുത്ത് പോസ്റ്റിട്ടതാണ്, ചോദ്യങ്ങൾ ഉയർന്നപ്പോൾ ഡിലീറ്റ് ചെയ്ത് ഓടി’, ‘ഷോ കാണിക്കാൻ നോക്കി ഒടുവിൽ നാണംകെട്ടു’ എന്നിങ്ങനെ രൂക്ഷമായ പരിഹാസങ്ങളാണ് നടിയുടെ കമന്റ് ബോക്സിൽ നിറയുന്നത്. ‘പോസ്റ്റ് എന്തിനാണ് മുക്കിയത്? എന്തായാലും മുക്കിയത് നന്നായി, അത്രയ്ക്ക് ക്രിഞ്ച് പോസ്റ്റായിരുന്നു അത്’ എന്നിങ്ങനെ പോകുന്ന മറ്റ് പ്രതികരണങ്ങൾ.

അതേസമയം, മോഡൽ റിയ ആഹിർ വാഹനം തടയുന്ന ദൃശ്യങ്ങൾ ഇപ്പോഴും ഇൻസ്റ്റഗ്രാമിൽ തരംഗമായി തുടരുകയാണ്. അന്ന് വാൻ തടഞ്ഞ റിയയുമായി മുംബൈ പൊലീസ് കടുത്ത വാഗ്വാദത്തിലേർപ്പെട്ടിരുന്നെങ്കിലും ഒടുവിൽ പൊലീസിന് സമരക്കാർക്ക് മുന്നിൽ മുട്ടുമടക്കേണ്ടി വന്നു. കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാരെ ഉടൻ വിട്ടയക്കാതെ വാനിന് മുന്നിൽ നിന്ന് മാറില്ലെന്ന നിലപാടിൽ റിയ ഉറച്ചുനിന്നതോടെ പൊലീസ് വഴങ്ങുകയായിരുന്നു. നടിയും മോഡലും സംരംഭകയുമായ റിയയ്ക്ക് ഇൻസ്റ്റഗ്രാമിൽ ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *