മന്ത്രിമാരായ റോഷി അഗസ്റ്റിൻ, വീണാ ജോർജ്, എം.ബി.രാജേഷ് എന്നിവരുടെ വിജയം ഇടതുപക്ഷം ഉറപ്പിക്കുമ്പോൾ, ഇവർ മൂവരും പരാജയപ്പെടുമെന്നും എൽഡിഎഫ് കോട്ടകളിൽ പോലും യുഡിഎഫ് മുന്നേറ്റമുണ്ടാകുമെന്നുമാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. ജില്ലാ ഘടകങ്ങൾ നൽകിയ പ്രാഥമിക കണക്കുകൾ പ്രകാരം യുഡിഎഫ് എൺപതിലധികം സീറ്റുകൾ നേടി അധികാരം പിടിക്കുമെന്ന് പാർട്ടി കണക്കുകൂട്ടുന്നു. ആലപ്പുഴ, തൃശൂർ, പാലക്കാട് ജില്ലകളിൽ യുഡിഎഫ് തരംഗം പ്രകടമായാൽ സീറ്റുകളുടെ എണ്ണം ഇനിയും വർധിക്കുമെന്നാണ് പ്രതീക്ഷ.
തിരുവനന്തപുരം ജില്ലയിൽ കോവളം നിലനിർത്തുന്നതിനൊപ്പം വട്ടിയൂർക്കാവ്, തിരുവനന്തപുരം സിറ്റി, നെയ്യാറ്റിൻകര, അരുവിക്കര എന്നിവിടങ്ങളിൽ വിജയം ഉറപ്പാണെന്ന് കോൺഗ്രസ് കരുതുന്നു. കാട്ടാക്കടയിൽ നേരിയ ഭൂരിപക്ഷവും നേമത്തും കഴക്കൂട്ടത്തും അപ്രതീക്ഷിത മുന്നേറ്റവും സ്ഥാനാർഥികൾ പ്രതീക്ഷിക്കുന്നു. കൊല്ലത്ത് കുണ്ടറയും കരുനാഗപ്പള്ളിയും നിലനിർത്തുമെന്നും ചവറയിലും കുന്നത്തൂരിലും ആർഎസ്പി ജയിക്കുമെന്നുമാണ് കണക്ക്. പത്തനാപുരത്തും കൊട്ടാരക്കരയിലും ശക്തമായ മത്സരമാണ് നടന്നത്.
ആലപ്പുഴയിൽ ജി. സുധാകരൻ അട്ടിമറി വിജയം നേടുമെന്നും ഹരിപ്പാട് നിലനിർത്തുമെന്നുമാണ് യുഡിഎഫ് കരുതുന്നത്. കോട്ടയത്ത് പുതുപ്പള്ളി, കടുത്തുരുത്തി, പൂഞ്ഞാർ തുടങ്ങി ഭൂരിഭാഗം സീറ്റുകളിലും മികച്ച വിജയപ്രതീക്ഷയുണ്ട്. ഇടുക്കിയിൽ റോഷി അഗസ്റ്റിൻ പരാജയപ്പെടുമെന്നും തദ്ദേശ തിരഞ്ഞെടുപ്പിലെ ആവേശം വോട്ടായി മാറിയെന്നും നേതൃത്വം വിശ്വസിക്കുന്നു. പത്തനംതിട്ടയിൽ ആറന്മുളയിൽ വീണാ ജോർജ് തോൽക്കുമെന്നും കോന്നി ഒഴികെയുള്ള മണ്ഡലങ്ങൾ പിടിക്കുമെന്നുമാണ് വിലയിരുത്തൽ.
എറണാകുളത്ത് കളമശേരി ഒഴികെ ബാക്കി എല്ലാ സീറ്റുകളിലും വിജയം ഉറപ്പിക്കുമ്പോഴും കൊച്ചിയിലും വൈപ്പിനിലും കടുത്ത മത്സരം നടന്നതായി പാർട്ടി കാണുന്നു. തൃശൂരിൽ മൂന്ന് സീറ്റുകൾ ഉറപ്പായും ലഭിക്കുമെന്നും തരംഗമുണ്ടെങ്കിൽ ബാക്കിയുള്ളവയും പിടിച്ചെടുക്കാമെന്നുമാണ് കണക്കുകൂട്ടൽ. പാലക്കാട് ജില്ലയിൽ തൃത്താലയിൽ എം.ബി. രാജേഷ് പരാജയപ്പെടുമെന്നും പാലക്കാടും മണ്ണാർക്കാടും വലിയ ഭൂരിപക്ഷത്തിൽ നിലനിർത്തുമെന്നും കോൺഗ്രസ് അവകാശപ്പെടുന്നു.
മലപ്പുറം ജില്ലയിൽ യുഡിഎഫ് സമ്പൂർണ്ണ വിജയം പ്രതീക്ഷിക്കുമ്പോൾ കോഴിക്കോട് വടകരയും കൊടുവള്ളിയും ഉൾപ്പെടെ ആറോളം സീറ്റുകളിൽ വലിയ പ്രതീക്ഷയുണ്ട്. കണ്ണൂരിൽ പേരാവൂരും ഇരിക്കൂറും നിലനിർത്തുന്നതിനൊപ്പം കണ്ണൂർ സിറ്റി സീറ്റ് പിടിച്ചെടുക്കുമെന്നും കണക്കുകൂട്ടുന്നു. വയനാട്ടിൽ മന്ത്രി ഒ.ആർ. കേളു തോൽക്കുമെന്നും മൂന്ന് സീറ്റുകളും യുഡിഎഫ് നേടുമെന്നുമാണ് ജില്ലയിലെ വിലയിരുത്തൽ. കാസർകോട് ജില്ലയിൽ മഞ്ചേശ്വരവും തൃക്കരിപ്പൂരും ഉൾപ്പെടെയുള്ള സീറ്റുകളിൽ വിജയം ഉറപ്പാണെന്നും പാർട്ടി വിശ്വസിക്കുന്നു.




