ബെംഗളൂരുവിൽ ജിം ട്രെയിനറായ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവതിയുടെ ഭീഷണിയാണ് കാരണമെന്ന് കുടുംബം ആരോപിക്കുന്നു. 28 വയസ്സുകാരനായ ദിലീപിനെയാണ് കഴിഞ്ഞ ദിവസം രാത്രി സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി വീട്ടിലെത്തിയ ദിലീപ് മുറിക്കുള്ളിൽ കയറി ജീവനൊടുക്കുകയായിരുന്നു. യോഗിത എന്ന യുവതി ദിലീപിന്റെ സഹോദരിക്ക് അയച്ച ഇൻസ്റ്റഗ്രാം സന്ദേശത്തിലൂടെയാണ് വിവരം പുറത്തറിഞ്ഞത്.
ഈ സന്ദേശം ലഭിച്ചയുടൻ വീട്ടുകാർ വാതിൽ തകർത്ത് ഉള്ളിൽ കയറിയപ്പോഴാണ് ദിലീപിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹിതയായ ഒരു സ്ത്രീയുമായുള്ള തർക്കങ്ങളും അവരുടെ ഭീഷണിയുമാണ് ദിലീപിനെ ഈ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് ബന്ധുക്കൾ പരാതിപ്പെടുന്നു. ഇവർ തമ്മിലുണ്ടായ സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തർക്കങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ജിമ്മിൽ വെച്ചാണ് 42 വയസ്സുകാരിയായ ഈ യുവതിയെ ദിലീപ് പരിചയപ്പെടുന്നത്. പിന്നീട് സൗഹൃദം വളരുകയും യുവതി ദിലീപിൽ നിന്ന് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്താൻ തുടങ്ങുകയും ചെയ്തു. മുൻപ് ഇതേക്കുറിച്ച് പോലീസിൽ പരാതി നൽകിയിരുന്നതായും യുവതിയുടെ ഭർത്താവിന്റെ സാന്നിധ്യത്തിൽ പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കിയതായും പറയപ്പെടുന്നു. എന്നാൽ ഇതിനുശേഷവും യുവതി ദിലീപിനെ മാനസികമായി പീഡിപ്പിക്കുന്നത് തുടരുകയായിരുന്നു.
സംഭവം നടന്ന മുറിയിൽ പോലീസും ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. ദിലീപിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ സൗജന്യ ഹെല്‍പ് ലൈന്‍ നമ്പറായ 1056 ലോ / 0471 – 2552056 എന്ന ലാന്‍ഡ് ലൈന്‍ നമ്പറിലോ 9152987821 എന്ന മൊബൈല്‍ നമ്പറിലോ വിളിച്ച് സഹായം തേടുക.)




