സംസ്ഥാനത്ത് കടുത്ത ചൂട് കൂടുമെന്ന് പറഞ്ഞ് സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന തെറ്റായ പ്രചാരണങ്ങളിൽ വീഴരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ഏപ്രിൽ 29 മുതൽ മെയ് 12 വരെ താപനില 45 ഡിഗ്രി മുതൽ 55 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കുമെന്നും, ചൂട് കാരണം മൊബൈൽ ഫോണുകൾ പൊട്ടിത്തെറിക്കാനും കാറിലെ ഇന്ധന ടാങ്കുകൾ അപകടത്തിലാകാനും സാധ്യതയുണ്ടെന്നുമാണ് വാട്സാപ്പ് വഴി പ്രചരിക്കുന്നത്.
സിവിൽ ഡിഫൻസ് വകുപ്പിന്റെ പേരിലാണ് ഈ സന്ദേശം വരുന്നത്. എന്നാൽ കേരളത്തിൽ ഇങ്ങനെയൊരു പ്രത്യേക വകുപ്പില്ലെന്നും അഗ്നിരക്ഷാസേനയുടെ കീഴിലുള്ള ഒരു സന്നദ്ധ സേന മാത്രമാണിതെന്നുമാണ് ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കുന്നത്.
ഔദ്യോഗികമായ കാലാവസ്ഥാ അറിയിപ്പുകൾ അതോറിറ്റിയുടെ വെബ്സൈറ്റിലും സോഷ്യൽ മീഡിയ പേജുകളിലും മാത്രമേ ലഭ്യമാകൂ എന്നും മറ്റ് പ്രചാരണങ്ങൾ വിശ്വസിക്കരുതെന്നും അധികൃതർ അറിയിച്ചു. വ്യാജ വാർത്തകൾ നിർമ്മിക്കുന്നതും പ്രചരിപ്പിക്കുന്നതും 2005-ലെ ദുരന്ത നിവാരണ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്. കേരളത്തിൽ താപനില 54 ഡിഗ്രി വരെ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഒരിടത്തും പ്രവചിച്ചിട്ടില്ല. അതിനാൽ ഇത്തരം അടിസ്ഥാനരഹിതമായ കാര്യങ്ങൾ ഷെയർ ചെയ്യരുതെന്നും ഔദ്യോഗിക വിവരങ്ങൾക്കായി മാത്രം കാത്തിരിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി വ്യക്തമാക്കി.
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കുറിപ്പിങ്ങനെ:
‘ചൂടുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഔദ്യോഗിക മുന്നറിയിപ്പ് എന്നുള്ള തരത്തിലാണ് പ്രചാരണങ്ങൾ നടക്കുന്നത്. ഇത്തരം വ്യാജ പ്രചാരണങ്ങളും ദുരന്ത നിവാരണ നിയമം 2005, Section 54 അനുസരിച്ച് ശിക്ഷാർഹമാണ്. ഏപ്രിൽ 29 മുതൽ മെയ് 12 വരെ താപനില 45 ഡിഗ്രി മുതൽ 55 ഡിഗ്രി വരെ ഉയരും എന്നും തുറസായ സ്ഥലങ്ങളിൽ നിൽക്കരുതെന്നും ചൂട് മൂലം മൊബൈൽ ഫോണുകൾ പൊട്ടിത്തെറിക്കാം. കാറുകളിൽ ഇന്ധന ടാങ്കുകൾ മുഴുവനായി നിറയ്ക്കരുത് തുടങ്ങിയ നിർദേശങ്ങൾ അടങ്ങിയ വാട്സാപ്പ് പ്രചാരണമാണ് പ്രചരിക്കുന്നത്.
സിവിൽ ഡിഫൻസ് വകുപ്പിന്റേത് എന്ന പേരിലാണ് സന്ദേശം പ്രചരിക്കുന്നത്. കേരളത്തിൽ സിവിൽ ഡിഫൻസ് എന്ന വകുപ്പ് ഇല്ല. കേരളത്തിലെ സിവിൽ ഡിഫൻസ് അഗ്നിരക്ഷാസേനയുടെ കീഴിൽ പ്രവർത്തിക്കുന്ന സന്നദ്ധ സേനയാണ്. ഔദ്യോഗിക അറിയിപ്പുകൾക്കും മുന്നറിയിപ്പുകൾക്കും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ (KSDMA ) ഔദ്യോഗിക പേജുകൾ, വെബ്സൈറ്റ് എന്നിവ സന്ദർശിക്കുക. കേരളത്തിൽ താപനില 54 ഡിഗ്രി ആകുമെന്ന് പ്രവചനം കേന്ദ്ര കാലാവസ്ഥ വകുപ്പും പുറത്തിറക്കിയിട്ടില്ല. മെംബർ സെക്രട്ടറി, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി’.




