മഹേശ്വർ (മധ്യപ്രദേശ്): കുംഭമേളയിലൂടെ പ്രശസ്തയായ മൊണാലിസ ഭോസ്ലെയും ഭർത്താവ് ഫർമാൻ ഖാനും ഉൾപ്പെട്ട വിവാദത്തിൽ പുതിയ വഴിത്തിരിവ്. മൊണാലിസയെ പുഷ്കറിൽ വച്ച് കാണാതായെന്ന് അവകാശപ്പെട്ട് ഫർമാൻ ഖാൻ പുറത്തുവിട്ട വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്. അജ്മീറിലെ പുഷ്കറിൽ തങ്ങൾ ഒപ്പമുണ്ടായിരുന്നുവെന്നും എന്നാൽ പെട്ടെന്ന് മൊണാലിസയെ കാണാതായെന്നുമാണ് ഇയാൾ വീഡിയോയിൽ പറയുന്നത്. മൊണാലിസ ഒളിച്ചോടി എന്ന രീതിയിൽ വീഡിയോ പ്രചരിച്ചതോടെ പെൺകുട്ടിയെ യഥാർത്ഥത്തിൽ കാണാതായതാണോ അതോ പോലീസ് നടപടിയിൽ നിന്ന് രക്ഷപ്പെടാൻ ഫർമാൻ നാടകം കളിക്കുകയാണോ എന്ന സംശയം ശക്തമായിട്ടുണ്ട്.
എന്നാൽ ഫർമാന്റെ വാദങ്ങൾ മൊണാലിസയുടെ അമ്മ ലത ഭോസ്ലെ പൂർണ്ണമായും തള്ളി. പോലീസ് അന്വേഷണം വഴിതെറ്റിക്കാനുള്ള ആസൂത്രിതമായ ഗൂഢാലോചനയാണിതെന്ന് അവർ പറഞ്ഞു. എവിടെയാണെങ്കിലും പേടിക്കാതെ തിരികെ വരണമെന്നും കുടുംബവും സർക്കാരും കൂടെയുണ്ടാകുമെന്നും മാധ്യമങ്ങളിലൂടെ അവർ മകളോട് വികാരാധീനയായി അഭ്യർത്ഥിച്ചു. മകളുടെ സുരക്ഷ ഉറപ്പാക്കാൻ ഭരണകൂടം ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു.
ദേശീയ ഗോത്രവർഗ്ഗ കമ്മീഷന്റെ അന്വേഷണത്തിൽ മൊണാലിസ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണെന്ന് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തി മാർച്ച് 24-ന് മഹേശ്വർ പോലീസ് ഫർമാനെതിരെ കേസ് എടുത്തിട്ടുണ്ട്. ഈ കേസുകളിൽ നിന്ന് രക്ഷപ്പെടാനാണ് ഇയാൾ ഇപ്പോൾ തിരോധാന കഥ മെനയുന്നതെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തൽ. വൈറലായ വീഡിയോയുടെ സത്യാവസ്ഥ പരിശോധിച്ചു വരികയാണെന്നും ഔദ്യോഗിക അന്വേഷണം പൂർത്തിയായാൽ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്നും പോലീസ് അറിയിച്ചു.




