തായ്‌ലൻഡിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പട്ടായയിൽ പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ 40 വയസുകാരനായ ഓസ്‌ട്രേലിയൻ സ്വദേശി അറസ്റ്റിലായി. സൈമൺ പീറ്റർ കർമാൻ എന്നയാളെ ബാങ്കോക്കിലെ സുവർണ്ണഭൂമി വിമാനത്താവളത്തിൽ നിന്നാണ് തായ് പൊലീസ് പിടികൂടിയത്.
ഓസ്‌ട്രേലിയയിലെ പെർത്തിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ഇയാൾ പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം പിന്നീട് പട്ടായയിലെ റെയിൽവേ ട്രാക്കിന് സമീപം ഒരു സ്യൂട്ട്‌കേസിനുള്ളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രതിക്കെതിരെ കൊലപാതകം, മൃതദേഹം ഒളിപ്പിക്കൽ, പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നേരെയുള്ള ലൈംഗികാതിക്രമം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. തായ് നിയമപ്രകാരം കൊലപാതകക്കുറ്റത്തിന് വധശിക്ഷ വരെ ലഭിക്കാം.
ഇരുവരും പട്ടായയിലെ ഒരു ഹോട്ടലിലേക്ക് ഒരുമിച്ച് കയറിപ്പോകുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. പിന്നീട് പ്രതി വലിയൊരു സ്യൂട്ട്‌കേസുമായി തനിച്ച് പുറത്തേക്ക് വരികയും, ഇത് ബൈക്കിൽ കൊണ്ടുപോയി ആളൊഴിഞ്ഞ റെയിൽവേ ട്രാക്കിന് സമീപം ഉപേക്ഷിക്കുകയുമായിരുന്നു. ആദ്യം ബലാത്സംഗശ്രമത്തിനാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെങ്കിലും മൃതദേഹം കണ്ടെടുത്തതോടെ കൊലപാതകക്കുറ്റവും ചുമത്തി.
എന്നാൽ പെൺകുട്ടി കത്തികാട്ടി ഭീഷണിപ്പെടുത്തിയപ്പോൾ സ്വയം നിയന്ത്രണം നഷ്ടപ്പെട്ടതാണെന്നാണ് പ്രതിയുടെ വാദം. താൻ പെൺകുട്ടിയുടെ കുടുംബത്തോട് ക്ഷമ ചോദിക്കുന്നതായും ഇയാൾ പറഞ്ഞു. അതേസമയം പ്രതിക്ക് വധശിക്ഷ തന്നെ നൽകണമെന്നാണ് പെൺകുട്ടിയുടെ കുടുംബത്തിന്റെ ആവശ്യം. സംഭവത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.




