ആരോഗ്യം നിലനിർത്താനുള്ള ഏറ്റവും എളുപ്പമുള്ളതും ഫലപ്രദവുമായ മാർഗ്ഗങ്ങളിലൊന്നായാണ് നടത്തത്തെ കാലങ്ങളായി നമ്മൾ കാണുന്നത്. ഇതിനായി പ്രത്യേക ഉപകരണങ്ങളുടെ ആവശ്യമില്ലെന്ന് മാത്രമല്ല, ശരീരഭാരം നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാനും ഇത് സഹായിക്കുകയും ചെയ്യും.
എന്നാൽ, ഭക്ഷണത്തിന് ശേഷം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്നതിൽ, ദിവസം മുഴുവൻ കൃത്യമായ ഇടവേളകളിൽ ചെയ്യുന്ന ലളിതമായ സ്ക്വാറ്റുകൾ (squats – കൈകൾ മുന്നോട്ട് നീട്ടിപ്പിടിച്ച് കസേരയിൽ ഇരിക്കുന്നതുപോലെ ഇരുന്ന് എഴുന്നേൽക്കുന്ന വ്യായാമം) നടത്തത്തേക്കാൾ കൂടുതൽ ഗുണം ചെയ്യുമെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. കേൾക്കുമ്പോൾ അത്ഭുതം തോന്നാം, പക്ഷേ ശരീരഭാരക്കൂടുതലുള്ള പുരുഷന്മാരിൽ നടത്തിയ ഒരു പഠനമനുസരിച്ച്, ഓരോ 45 മിനിറ്റിലും 10 സ്ക്വാറ്റുകൾ വീതം ചെയ്യുന്നത്, തുടർച്ചയായി 30 മിനിറ്റ് നടക്കുന്നതിനേക്കാൾ ഫലപ്രദമായി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്ന് കണ്ടെത്തി .
തുടർച്ചയായ ഒറ്റ നടത്തത്തെ അപേക്ഷിച്ച്, ഇടയ്ക്കിടെയുള്ള ഈ സ്ക്വാറ്റ് വ്യായാമം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ ഏതാണ്ട് 40 ശതമാനത്തോളം കൂടുതൽ പുരോഗതി ഉണ്ടാക്കിയെന്നാണ് ഗവേഷകർ പറയുന്നത്. ശരീരഭാരക്കൂടുതലുള്ള 18 പുരുഷന്മാരിലാണ് ഈ പഠനം നടത്തിയത്. തുടർച്ചയായി ഒരേയിരുപ്പ് ഇരിക്കുക, ഒരു തവണ 30 മിനിറ്റ് നടക്കുക, ഓരോ 45 മിനിറ്റിലും ചെറിയ നടത്ത ഇടവേളകൾ എടുക്കുക, ഓരോ 45 മിനിറ്റിലും സ്ക്വാറ്റുകൾ ചെയ്യുക എന്നീ നാല് വ്യത്യസ്ത രീതികളാണ് ഗവേഷകർ നിരീക്ഷിച്ചത്. ഒരേയിരുപ്പ് ഇരിക്കുന്നതിനേക്കാൾ നല്ലത് ഏത് തരത്തിലുള്ള ചലനങ്ങളുമാണെന്ന് പഠനത്തിൽ തെളിഞ്ഞു.
എന്നിരുന്നാലും, ഒരൊറ്റ തവണ വ്യായാമം ചെയ്യുന്നതിനേക്കാൾ കൂടുതൽ ഗുണം ചെയ്യുന്നത്, ദീർഘനേരത്തെ ഇരുത്തത്തിനിടയിൽ കൃത്യമായ ഇടവേളകളിൽ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതാണെന്ന് വ്യക്തമായി. ശരീരത്തിലെ ഏറ്റവും വലിയ പേശി ഗ്രൂപ്പുകളായ തുടയിലെയും (quadriceps) നിതംബത്തിലെയും (gluteal) പേശികൾ വീണ്ടും വീണ്ടും ഉത്തേജിപ്പിക്കപ്പെടുന്നത് കൊണ്ടാണ് ഈ മാറ്റമുണ്ടാകുന്നത്. ഈ പേശികൾ രക്തത്തിൽ നിന്നുള്ള ഗ്ലൂക്കോസിനെ ഊർജ്ജത്തിനായി ഉപയോഗിക്കുന്നതിനാൽ, ഇവ നിരന്തരം പ്രവർത്തിപ്പിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാൻ സഹായിക്കും.
ദീർഘനേരം ഒരേയിരുപ്പ് ഇരിക്കുന്നത് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനുള്ള ശരീരത്തിന്റെ ശേഷിയെ കുറയ്ക്കും. ദിവസം മുഴുവൻ ചെറിയ ശാരീരിക ചലനങ്ങൾ ഉൾപ്പെടുത്തുന്നത് വലിയ പേശി ഗ്രൂപ്പുകളെ സജീവമായി നിലനിർത്താൻ സഹായിക്കും. ഇത് ഒരു ഒറ്റത്തവണ വർക്കൗട്ടിനെ മാത്രം ആശ്രയിക്കാതെ, രക്തത്തിൽ നിന്ന് നിരന്തരമായി ഗ്ലൂക്കോസ് വലിച്ചെടുക്കാൻ പേശികളെ സഹായിക്കുന്നു. എങ്കിലും ദിവസവുമുള്ള നടത്തത്തിന് അതിന്റെതായ ആരോഗ്യഗുണങ്ങളുണ്ട്.
ശരീരഭാരം നിയന്ത്രിക്കുക, ഉപാപചയ പ്രവർത്തനം (metabolism) സജീവമാക്കുക, കാർബോഹൈഡ്രേറ്റും കൊഴുപ്പും എരിച്ചുകളയാൻ ശരീരത്തെ പ്രാപ്തമാക്കുക, വിശപ്പ് നിയന്ത്രിക്കുന്ന ഹോർമോണുകളെ ക്രമീകരിക്കുക, ഹൃദയാരോഗ്യവും മൊത്തത്തിലുള്ള ശാരീരിക ആരോഗ്യവും മെച്ചപ്പെടുത്തുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. അതേസമയം, കൃത്യമായി ചെയ്യുന്ന സ്ക്വാറ്റുകളും വലിയ ഗുണങ്ങൾ നൽകുന്നുണ്ട്. ഇവ ശരീരത്തിന്റെ താഴത്തെ ഭാഗത്തെ പേശികൾക്ക് കരുത്ത് നൽകുന്നു. തുട, നിതംബം തുടങ്ങിയ പ്രധാന പേശികളെ സജീവമാക്കുകയും ശരീരത്തിന്റെ സന്തുലിതാവസ്ഥ മെച്ചപ്പെടുത്തി വീഴാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ ഇത് അസ്ഥികളുടെ സാന്ദ്രത വർദ്ധിപ്പിക്കാനും സഹായിക്കും.




