കാപ്പി കുടിച്ചാൽ ഉന്മേഷം കിട്ടും, പക്ഷെ അത് ശരീരത്തിലെ ജലാംശം കുറയ്ക്കുമോ? ഈ ചോദ്യത്തിന് മറുപടിയായാണ് ‘കോക്കനട്ട് വാട്ടർ കോഫി’ അഥവാ ഇളനീർ കാപ്പി ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഗ്ലാസിന്റെ താഴെ തെളിഞ്ഞ ഇളനീരും അതിനു മുകളിൽ കടും കറുപ്പിൽ കാപ്പിയും ഒഴിച്ച ഈ പാനീയം കാഴ്ചയിൽ ആകർഷകമാണെന്ന് മാത്രമല്ല, ആരോഗ്യത്തിനും ഏറെ ഗുണകരമാണ്. അതുകൊണ്ട് തന്നെ കായികപ്രേമികളുടെയും രാവിലെ നേരത്തെ എഴുന്നേൽക്കുന്നവരുടെയും പ്രിയപ്പെട്ട പാനീയമായി ഇത് മാറിക്കഴിഞ്ഞു.
വളരെ ലളിതമായാണ് ഇത് തയ്യാറാക്കുന്നത്. ഒരു ഗ്ലാസിൽ തണുത്ത ഇളനീർ ഒഴിച്ച് അതിലേക്ക് ഐസ് കഷ്ണങ്ങളും പിന്നാലെ കാപ്പിയോ എസ്‌പ്രസ്സോയോ ചേർക്കുകയുമാണ് ചെയ്യുന്നത്. സാധാരണയായി രാവിലെ എഴുന്നേൽക്കുമ്പോൾ നമ്മുടെ ശരീരത്തിൽ ജലാംശം കുറവായിരിക്കും. ആ സമയത്ത് വെറും കാപ്പി കുടിക്കുന്നതിന് പകരം ഇളനീർ ചേർത്ത ഈ കാപ്പി കുടിക്കുമ്പോൾ ശരീരത്തിന് ആവശ്യമായ ജലാംശവും ഉന്മേഷവും ഒരേസമയം ലഭിക്കുന്നു. ഇതിൽ കലോറി വളരെ കുറവാണെന്നതും മറ്റൊരു പ്രത്യേകതയാണ്.
രാവിലെ വ്യായാമം ചെയ്യുന്നവർക്ക് ഇത് മികച്ചൊരു പാനീയമാണ്. ഇളനീരിലെ പ്രകൃതിദത്ത ഇലക്ട്രോലൈറ്റുകൾ ശരീരത്തിന് ഊർജ്ജം നൽകുമ്പോൾ കാപ്പിയിലെ കഫീൻ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുന്നു. പാലൊഴിച്ച കാപ്പി കുടിക്കുമ്പോൾ ഉണ്ടാകുന്ന ഭാരമില്ലാതെ തന്നെ ശരീരത്തിന് ആവശ്യമായ ഊർജ്ജം ഇത് നൽകുന്നു. ഇളനീരിന്റെ നേരിയ മധുരവും ഉപ്പും കാപ്പിയുടെ രുചിയെ കൂടുതൽ മികച്ചതാക്കുന്നു. പാലൊഴിക്കാതെ തന്നെ ക്രീമി സ്വാദ് തോന്നിക്കുമെന്നതാണ് ഇതിന്റെ മറ്റൊരു സർപ്രൈസ്.
സോഷ്യൽ മീഡിയയിൽ പലതരം പാനീയങ്ങൾ വൈറലാകാറുണ്ടെങ്കിലും പ്രായോഗികമായ ഗുണങ്ങൾ കൊണ്ടാണ് കോക്കനട്ട് വാട്ടർ കോഫി ശ്രദ്ധിക്കപ്പെടുന്നത്. നിങ്ങളുടെ പതിവ് കാപ്പി കുടിയിൽ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ടെങ്കിൽ ധൈര്യമായി പരീക്ഷിക്കാവുന്ന ഒന്നാണിത്. അല്പം നാരങ്ങാനീരോ കോൾഡ് ബ്രൂവോ ചേർത്ത് ഇതിൽ കൂടുതൽ പരീക്ഷണങ്ങളും നടത്താവുന്നതാണ്.




