Featured Myth and Reality

ആരാണ് ഈ റാസ്പുട്ടിൻ? ബോണി എം പാട്ടിലെ ‘മിസ്റ്ററി മാൻ’; മരണത്തിന് മുൻപുള്ള ആ പ്രവചനം നടുക്കുന്നത്! ധുരന്ധർ ട്രെൻഡ്

ബോണി എം എന്ന പ്രശസ്ത ബാൻഡിന്റെ ‘റാ റാ റാസ്പുട്ടിൻ’ എന്ന ഗാനം ‘ധുരന്ധർ 2’ എന്ന സിനിമയിലൂടെ വീണ്ടും തരംഗമാകുമ്പോൾ, ആരാണ് ഈ പാട്ടിലെ കഥാപാത്രമായ റാസ്പുട്ടിൻ എന്ന ചോദ്യം പലരിലും ഉയരുന്നുണ്ട്. റഷ്യൻ ചരിത്രത്തിലെ ഏറ്റവും നിഗൂഢനും ഭയപ്പെടുത്തുന്നതുമായ വ്യക്തിത്വങ്ങളിൽ ഒരാളാണ് ഗ്രിഗറി റാസ്പുട്ടിൻ. ചിലർ അദ്ദേഹത്തെ വിശുദ്ധനായി കരുതിയപ്പോൾ മറ്റു ചിലർ പിശാചിന്റെ അവതാരമായാണ് കണ്ടിരുന്നത്. സൈബീരിയയിലെ ഒരു സാധാരണ കർഷക കുടുംബത്തിൽ ജനിച്ച റാസ്പുട്ടിൻ, റഷ്യൻ സാമ്രാജ്യത്തിന്റെ തന്നെ തകർച്ചയ്ക്ക് കാരണമായ ശക്തിയായി മാറിയത് വിസ്മയിപ്പിക്കുന്ന ഒരു കഥയാണ്.

മന്ത്രവാദിയും ആത്മീയ ചികിത്സകനുമായാണ് റാസ്പുട്ടിൻ അറിയപ്പെട്ടിരുന്നത്. 1905-ൽ റഷ്യൻ രാജകുടുംബത്തിലെ ഏക രാജകുമാരനായ അലക്സിക്ക് ഭേദമാക്കാനാവാത്ത ഹീമോഫീലിയ എന്ന രോഗം ബാധിച്ചപ്പോഴാണ് റാസ്പുട്ടിൻ കൊട്ടാരത്തിലേക്ക് എത്തുന്നത്. വൈദ്യശാസ്ത്രം കൈവിട്ട രാജകുമാരനെ റാസ്പുട്ടിൻ തന്റെ പ്രാർത്ഥനയിലൂടെയും മന്ത്രവാദത്തിലൂടെയും സുഖപ്പെടുത്തിയതോടെ രാജ്ഞി അലക്സാന്ദ്രയ്ക്ക് അദ്ദേഹത്തിൽ അന്ധമായ വിശ്വാസമായി. പിന്നീട് ഭരണകാര്യങ്ങളിൽ പോലും റാസ്പുട്ടിൻ ഇടപെട്ടു തുടങ്ങി. കൊട്ടാരത്തിന് പുറത്ത് മദ്യപാനിയും സ്ത്രീലമ്പടനുമെന്ന ചീത്തപ്പേരുണ്ടായിരുന്നെങ്കിലും രാജകുടുംബത്തിന് അദ്ദേഹം ദൈവതുല്യനായിരുന്നു.

റാസ്പുട്ടിന്റെ വർദ്ധിച്ചുവരുന്ന സ്വാധീനത്തിൽ ഭയന്ന കൊട്ടാരത്തിലെ പ്രഭുക്കന്മാർ അദ്ദേഹത്തെ വധിക്കാൻ തീരുമാനിച്ചു. സിനിമയെ വെല്ലുന്ന രീതിയിലായിരുന്നു ആ കൊലപാതകം. 1916 ഡിസംബറിൽ നടന്ന ഒരു വിരുന്നിനിടെ അദ്ദേഹത്തിന് സയനൈഡ് കലർത്തിയ കേക്കും വീഞ്ഞും നൽകിയെങ്കിലും അത് അദ്ദേഹത്തെ ബാധിച്ചില്ല. തുടർന്ന് വെടിയുതിർത്തുവെങ്കിലും മുറിവേറ്റ നിലയിൽ അദ്ദേഹം ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. വീണ്ടും വെടിവെച്ച ശേഷം അദ്ദേഹത്തെ ചങ്ങലയിൽ കെട്ടി കൊടുംതണുപ്പുള്ള നെവ നദിയിലേക്ക് എറിഞ്ഞു. പിന്നീട് നടത്തിയ പോസ്റ്റ്മോർട്ടത്തിൽ അദ്ദേഹത്തിന്റെ ശ്വാസകോശത്തിൽ വെള്ളം കണ്ടെത്തി. അതായത്, വിഷം ഉള്ളിൽ ചെന്നിട്ടും വെടിയേറ്റിട്ടും മരിക്കാതെ, വെള്ളത്തിൽ മുങ്ങിയാണ് അദ്ദേഹം ഒടുവിൽ ശ്വാസം വിട്ടത്.

മരണത്തിന് മുമ്പ് റാസ്പുട്ടിൻ രാജാവിനയച്ച ഒരു കത്തിൽ ഭയപ്പെടുത്തുന്ന ഒരു പ്രവചനം ഉണ്ടായിരുന്നു. തന്നെ കൊല്ലുന്നത് രാജകുടുംബാംഗങ്ങളാണെങ്കിൽ, രണ്ട് വർഷത്തിനുള്ളിൽ രാജാവും കുടുംബവും കൊല്ലപ്പെടുമെന്നും റഷ്യയിലെ രാജഭരണം അവസാനിക്കുമെന്നുമായിരുന്നു അത്. കൃത്യം 15 മാസങ്ങൾക്ക് ശേഷം റഷ്യയിൽ വിപ്ലവം പൊട്ടിപ്പുറപ്പെടുകയും സാർ നിക്കോളാസ് രണ്ടാമനെയും രാജ്ഞിയെയും മക്കളെയും വിപ്ലവകാരികൾ വെടിവെച്ചു കൊല്ലുകയും ചെയ്തു. ഇതോടെ റാസ്പുട്ടിന്റെ പ്രവചനം സത്യമാവുകയും റഷ്യയിലെ 300 വർഷത്തെ രാജഭരണം അവസാനിക്കുകയും ചെയ്തു.