ഉത്തര കൊറിയയെക്കുറിച്ച് കേട്ടിട്ടുള്ളത് ഇരുമ്പമറയ്ക്കുള്ളിലെ രാജ്യമെന്നാണ്. വലിയ നിഗൂഡതകള്‍ ഒളിപ്പിച്ചിട്ടുള്ള രാജ്യത്തെ ഏറ്റവും ശക്തയായ കൗമാരക്കാരിയായി വിലയിരുത്തപ്പെടുന്നത് ആരാണെന്ന് അറിയാമോ? ഔദ്യോഗിക പദവിയൊന്നുമില്ലാതെ, അവരുടെ വര്‍ദ്ധിച്ചുവരുന്ന പൊതു സമ്മതിയും പ്രതിച്ഛായയും, ഭാവിയില്‍ അവര്‍ക്ക് രാജ്യത്തിന്റെ ആദ്യത്തെ വനിതാ നേതാവാകാന്‍ കഴിയുമെന്ന അഭ്യൂഹങ്ങള്‍ക്ക് കാരണമായി.
ഉത്തരകൊറിയയുടെ ‘പരമോന്നത നേതാവ്’ കിം ജോങ്-ഉന്നിന്റെ ‘പ്രിയപ്പെട്ട’ മകളെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. 12 അല്ലെങ്കില്‍ 13 വയസ്സുള്ള ഈ പെണ്‍കുട്ടി ഉത്തരകൊറിയയുടെ അടുത്ത നേതാവാകുമെന്ന് പലരും വിശ്വസിക്കുന്നു. പരമോന്നതനേതാവിന്റെ മകള്‍ കിം ജു-എ രാജ്യത്തിന്റെ ആണവായുധ വിഭാഗത്തിന്റെ ചുമതല ഏറ്റെടുക്കാന്‍ ഒരുങ്ങുകയാണെന്നാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത്.
2022 നവംബറില്‍ ഒരു ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന് മുന്നില്‍ തന്റെ പിതാവിനൊപ്പം കൈകോര്‍ത്താണ് ജു-എ ലോകത്തിന് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. മിസൈല്‍ പരീക്ഷണത്തിനിടെ മിസ്റ്റര്‍ കിം സൈനിക ഉദ്യോഗസ്ഥരോട് സംസാരിക്കുമ്പോള്‍ അമ്മയുടെ പിന്നില്‍ നിന്ന കുട്ടിയുടെ ആദ്യ പൊതുപരിപാടിയായിരുന്നു ഇത്. 2023 ഫെബ്രുവരിയില്‍, കൊറിയന്‍ പീപ്പിള്‍സ് ആര്‍മിയുടെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന ഒരു വിരുന്നിലും അവര്‍ മാതാപിതാക്കളോടൊപ്പം പങ്കെടുത്തു. ഒരു സൈനിക പരേഡിലും പങ്കെടുത്തു.
സൈനിക മുന്നണികളിലും പെണ്‍കുട്ടി സജീവമായി കാണപ്പെട്ടു. 2024 മാര്‍ച്ചിലെ ഒരു ഫോട്ടോയില്‍, സൈനിക പശ്ചാത്തലത്തില്‍, ബൈനോക്കുലറുമായി പോസ് ചെയ്യുന്നതായി കണ്ടു. രാഷ്ട്രീയ പരിപാടികളിലും അവര്‍ പ്രത്യക്ഷപ്പെട്ടു. 2024 ഒക്ടോബറില്‍ കൊറിയന്‍ സെന്‍ട്രല്‍ ടെലിവിഷന്‍ പകര്‍ത്തിയ ഒരു വീഡിയോയില്‍ റഷ്യന്‍ അംബാസഡറെ അഭിവാദ്യം ചെയ്യാന്‍ കിമ്മിനൊപ്പമുണ്ടായിരുന്നു. ഈ വര്‍ഷം ജൂണിലെ മറ്റൊരു ചിത്രത്തില്‍ അവളുടെ പിതാവിനൊപ്പം വിദേശ പ്രമുഖരെ സ്വീകരിച്ചതായും കാണിക്കുന്നു. ഇതിനെല്ലാം പുറമേ ഉത്തരകൊറിയ കിമ്മിന്റെയും മകളുടെയും തപാല്‍ സ്റ്റാമ്പുകള്‍ പുറത്തിറക്കി.
ഉത്തരകൊറിയയില്‍, ഉദ്യോഗസ്ഥരും ജനങ്ങളും ഒരു വനിതാ നേതാവിനെ അംഗീകരിക്കാന്‍ തയ്യാറാകാത്തതിനാല്‍, കിം ജോങ്-ഉന്‍ തന്റെ പിന്‍ഗാമി പദവി ഊട്ടിയുറപ്പിക്കാന്‍ വേണ്ടിയാണ് മാധ്യമങ്ങളിലൂടെ അവരെ ആവര്‍ത്തിച്ച് കാണിക്കുന്നതെന്നാണ് സിയോളിലെ സെജോങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിശകലന വിദഗ്ദ്ധനും മിസ്റ്റര്‍ കിമ്മിനെയും കുടുംബത്തെയും കുറിച്ച് പുസ്തകങ്ങള്‍ എഴുതിയ ആളുമായ ചിയോങ് സിയോങ്-ചാങ് ന്യൂയോര്‍ക്ക് ടൈംസിനോട് വിശദീകരിച്ചി രിക്കുന്നത്. അധികാരത്തെ സൂചിപ്പിക്കുന്ന വസ്ത്രങ്ങളാണ് അവര്‍ ധരിക്കുന്നതെന്നും വിശകലനത്തില്‍ വ്യക്തമാക്കുന്നു. പ്യോങ്യാങ്ങിലെ മറ്റേതൊരു പ്രിവിലേജ്ഡ് കുട്ടിയെയും പോലെ പാഡഡ് വെളുത്ത ജാക്കറ്റിലായിരുന്നു ആദ്യ രൂപം. ഇപ്പോള്‍ തുന്നിയ ലെതര്‍ കോട്ടുകളും രോമക്കുപ്പായങ്ങളും ഡിസൈനര്‍ സ്യൂട്ടുകളിലുമാണ് പ്രത്യക്ഷപ്പെടുന്നത്.




