Entertainment

ട്രെക്കിംഗിനിടെ അഗാധമായ താഴ്‌വരയിലേക്ക് വീണു; മരത്തിൽ കുടുങ്ങിയ യുവാവിന് രക്ഷകരായി നാട്ടുകാർ! വീഡിയോ

പൂനെ: ലോണാവാലയിൽ നിന്നുള്ള നാടകീയമായ ഒരു രക്ഷാപ്രവർത്തന വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ആഴമേറിയ താഴ്‌വരയിലേക്ക് വീണ ഒരു ചെറുപ്പക്കാരൻ, അവിടെയുണ്ടായിരുന്ന മരത്തടിയിൽ തങ്ങിക്കിന്നതിനെ തുടർന്ന് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ബുധനാഴ്ച ലോണാവാല മേഖലയിൽ ട്രെക്കിംഗ് നടത്തുന്നതിനിടയിലാണ് സംഭവം നടന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്. വീഴ്ചയ്ക്ക് ശേഷം ചെറുപ്പക്കാരൻ താഴ്‌വരയിലെ മരത്തിൽ കുടുങ്ങിക്കിടക്കുന്നത് വീഡിയോയിൽ കാണാം. പിന്നീട് പ്രദേശവാസികളും രക്ഷാപ്രവർത്തകരും ചേർന്ന് ഇയാളെ സുരക്ഷിതമായി പുറത്തെത്തിച്ചു. എന്നാൽ സംഭവത്തിന്റെ കൃത്യമായ സ്ഥലവും ഈ ചെറുപ്പക്കാരൻ ആരാണെന്ന വിവരവും ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

മഴക്കാലത്ത് മലയോര മേഖലകൾ സന്ദർശിക്കുന്നതിലെയും ട്രെക്കിംഗ് നടത്തുന്നതിലെയും അപകടങ്ങളെക്കുറിച്ച് ഈ വീഡിയോ വീണ്ടും മുന്നറിയിപ്പ് നൽകുന്നു. ലോണാവാലയിലും സമീപപ്രദേശമായ മാവലിലും ശക്തമായ മഴ പെയ്യുന്നതിനാൽ ട്രെക്കിംഗ് പാതകളും പാറക്കെട്ടുകളും കുന്നിൻചെരിവുകളും അതീവ വഴുക്കലുള്ളതായി മാറിയിരിക്കുകയാണ്. ലോണാവാല ഉൾപ്പെടുന്ന പൂനെ ഘട്ട് മേഖലയിൽ വരുംദിവസങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 60 മുതൽ 70 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (IMD) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാണാനുള്ള ബുദ്ധിമുട്ട്, വഴുക്കലുള്ള റോഡുകൾ, ഉരുൾപൊട്ടൽ സാധ്യത എന്നിവയെക്കുറിച്ച് അധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മുന്നൊരുക്കത്തിന്റെ ഭാഗമായി പൂനെ ജില്ലാ ഭരണകൂടം ഓഗസ്റ്റ് 31 വരെ ലോണാവാല ഗ്രാമീണ മേഖലയിൽ ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ (BNSS) 163-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിച്ചു. പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, അപകടങ്ങൾ എന്നിവയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ടൈഗർ പോയിന്റ്, ലോഹഗഡ് കോട്ട തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ, വെള്ളച്ചാട്ടങ്ങൾ, കവിഞ്ഞൊഴുകുന്ന അരുവികൾ, കോട്ടകൾ, അപകടനിലയിലുള്ള മലനിരകൾ എന്നിവിടങ്ങളിലേക്ക് പോകരുതെന്ന് സഞ്ചാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി മഴക്കാലത്ത് നിരവധി ട്രെക്കർമാരും വിനോദസഞ്ചാരികളും താഴ്‌വരകളിലേക്ക് വീണുണ്ടാകുന്ന അപകടങ്ങൾ ലോണാവാലയിൽ വർദ്ധിച്ചുവരികയാണ്. കാലാവസ്ഥാ മുന്നറിയിപ്പുകൾ അവഗണിക്കരുതെന്നും അപകടസാധ്യതയുള്ളതും പ്രവേശനം നിരോധിച്ചതുമായ സ്ഥലങ്ങളിലേക്ക് പോകരുതെന്നും അധികൃതർ ആവർത്തിച്ച് അഭ്യർത്ഥിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *