തൃശൂർ: സ്വർണഖനിയിൽ നിന്ന് നേരിട്ട് സ്വർണ്ണക്കട്ടികൾ കൊണ്ടുത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ആളുകളിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത ‘കെ.ജി.എഫ് സ്വാമി’ പിടിയിൽ. പത്തനംതിട്ട മാധവമംഗലം മനാഴിയിൽ വീട്ടിൽ ഷാജി (61) എന്നയാളെയാണ് കൊടുങ്ങല്ലൂരിൽ വെച്ച് പോലീസ് സംഘം അറസ്റ്റ് ചെയ്തത്. സ്വര്‍ണഖനിയുടെ കഥ പറയുന്ന ഹിറ്റ് സിനിമ കെ.ജി.എഫുമായി ബന്ധപ്പെടുത്തിയാണ് ഷാജിയ്ക്കു കെ.ജി.എഫ്. സ്വാമി എന്ന പേരു വീണത്.
കൊടുങ്ങല്ലൂർ ഉഴവത്ത്കടവിൽ ഇയാൾ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ പോലീസ് നടത്തിയ അപ്രതീക്ഷിത പരിശോധനയിലാണ് പ്രതി വലയിലായത്. ആളുകളെ കബളിപ്പിക്കാൻ സൂക്ഷിച്ചിരുന്ന വ്യാജ സ്വർണ്ണക്കട്ടികളും ഒരുപാട് റോൾഡ് ഗോൾഡ് ആഭരണങ്ങളും ഇവിടെനിന്ന് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കൊടുങ്ങല്ലൂർ മാടവന അത്താണി സ്വദേശിയായ ഒരാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ പിടികൂടിയത്.
സ്വർണഖനികളിൽ നിന്ന് നേരിട്ട് വൻതോതിൽ സ്വർണ്ണക്കട്ടികൾ കുറഞ്ഞ വിലയ്ക്ക് വാങ്ങിച്ച് നൽകാമെന്നും, ഇത് ജ്വല്ലറികൾക്കും മറ്റും കൊടുത്ത് വലിയ ലാഭമുണ്ടാക്കാമെന്നും പറഞ്ഞാണ് ഇയാൾ ആളുകളെ വലയിലാക്കിയിരുന്നത്. ഇരകൾക്ക് വിശ്വാസം വരാൻ വേണ്ടി ഒറിജിനലിനെ വെല്ലുന്ന രീതിയിലുള്ള വ്യാജ സ്വർണ്ണക്കട്ടികൾ നേരിട്ട് കാണിച്ചായിരുന്നു ഇയാൾ ഇടപാടുകൾ ഉറപ്പിച്ചിരുന്നത്. ഇരുമ്പു കഷണത്തില്‍ സ്വര്‍ണനിറം പൂശിയാണ് ഇയാള്‍ ആളുകളെ കബളിപ്പിച്ചിരുന്നത്. ഇത്തരത്തിൽ നിരവധി ജ്വല്ലറി ഉടമകളെയും സ്വർണ്ണ വ്യാപാരികളെയും സമീപിച്ച് ലക്ഷക്കണക്കിന് രൂപ ഇയാൾ തട്ടിയെടുത്തതായാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്.
ഇതിനുപുറമെ, വ്യാജ സ്വർണ്ണ ഗണപതി വിഗ്രഹം കാണിച്ച് ലക്ഷങ്ങൾ തട്ടിയ കേസിലും, മറ്റൊരാളിൽ നിന്ന് 18 ലക്ഷം രൂപയും 14 പവൻ സ്വർണ്ണവും തട്ടിയെടുത്ത കേസിലും ഇയാൾ നേരത്തെ തന്നെ പ്രതിയാണ്.




