Featured Sports

2 ഗോളുകൾ, 3 റെഡ് കാർഡ്, ഒമ്പതാം മിനിറ്റിൽ ആദ്യ ഗോള്‍; ദക്ഷിണാഫ്രിക്കയ്‌‌ക്കെതിരെ ആദ്യ ജയം സ്വന്തമാക്കി മെക്സിക്കോ

മെക്സിക്കോ സിറ്റി: രണ്ട് ഗോളുകളും മൂന്ന് റെഡ് കാർഡുകളും കണ്ട് ആരാധകർ ആവേശഭരിതരായ 2026 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ മെക്സിക്കോയ്ക്ക് തകർപ്പൻ ജയം. ചരിത്രപ്രസിദ്ധമായ ആസ്റ്റക്ക സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ സ്വന്തം കാണികൾക്ക് മുന്നിൽ പുതിയ ലോകകപ്പ് സീസണിലെ ആദ്യ വിജയം സ്വന്തമാക്കാൻ മെക്സിക്കോയ്ക്ക് സാധിച്ചു. ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അവർ പരാജയപ്പെടുത്തിയത്.

മത്സരത്തിന്റെ ഒമ്പതാം മിനിറ്റിൽ ജൂലിയൻ ക്വിനോനെസും 67-ാം മിനിറ്റിൽ റൗൾ ഹിമെനെസുമാണ് മെക്സിക്കോയ്ക്കായി ലക്ഷ്യം കണ്ടത്. അതേസമയം കളിയിലുടനീളം കടുത്ത ഫൗളുകൾ നിറഞ്ഞതോടെ ദക്ഷിണാഫ്രിക്കൻ താരങ്ങളായ യായ സിത്തോളെ, തെംബ സാനെ എന്നിവരും മെക്സിക്കോയുടെ സെസാർ മൊണ്ടെസും റെഡ് കാർഡ് കണ്ട് പുറത്തുപോയി. കളിയുടെ തുടക്കം മുതൽ ദക്ഷിണാഫ്രിക്കൻ ഗോൾമുഖം നിരന്തരം ആക്രമിക്കുക എന്ന തന്ത്രമാണ് മെക്സിക്കോ പുറത്തെടുത്തത്. മത്സരം തുടങ്ങി നാലാം മിനിറ്റിൽ തന്നെ അവർ ഗോളിനടുത്തെത്തിയിരുന്നു. ഇടതു വിങ്ങിൽ നിന്ന് ലഭിച്ച ക്രോസ് സ്വീകരിച്ച് റൗൾ ഹിമെനസ് തൊടുത്ത ഷോട്ട് ദക്ഷിണാഫ്രിക്കൻ ഗോൾകീപ്പർ റോൺവെൻ വില്യംസ് മികച്ച രീതിയിൽ തട്ടിയകറ്റുകയായിരുന്നു.

എന്നാൽ ഒമ്പതാം മിനിറ്റിൽ തന്നെ ഈ ലോകകപ്പിലെ ആദ്യ ഗോൾ പിറന്നു. അഞ്ച് പ്രതിരോധ താരങ്ങളുമായി കളംനിറഞ്ഞിട്ടും ദക്ഷിണാഫ്രിക്കൻ നിര വരുത്തിയ ഒരു ചെറിയ പിഴവാണ് അവർക്ക് തിരിച്ചടിയായത്. ദക്ഷിണാഫ്രിക്കയുടെ യായ സിത്തോളെയുടെ പക്കൽ നിന്ന് പന്ത് തട്ടിയെടുത്ത് എറിക് ലിറ നടത്തിയ മികച്ച മുന്നേറ്റമാണ് ഗോളിന് വഴിയൊരുക്കിയത്. ലിറയിൽ നിന്ന് പന്ത് സ്വീകരിച്ച ജൂലിയൻ ക്വിനോനെസ് തൊടുത്ത ബുള്ളറ്റ് ഷോട്ട് ഗോൾകീപ്പർ വില്യംസിന്റെ കാലുകൾക്കിടയിലൂടെ വലയിലേക്ക് തുളച്ചുകയറി. സൗദി പ്രോ ലീഗ് ക്ലബ്ബായ അൽ ഖ്വാദ്‌സിയാഹിന് വേണ്ടി കളിക്കുന്ന ക്വിനോനെസ് കഴിഞ്ഞ സീസണിൽ 33 ഗോളുകളോടെ ഗോൾഡൻ ബൂട്ട് നേടിയ താരമാണ്. ആദ്യ 20 മിനിറ്റിൽ തന്നെ അഞ്ച് ഷോട്ടുകളാണ് മെക്സിക്കോ ദക്ഷിണാഫ്രിക്കൻ പോസ്റ്റിലേക്ക് പായിച്ചത്.

മറുഭാഗത്ത് ദക്ഷിണാഫ്രിക്കയുടെ ആദ്യത്തെ ഓൺ ടാർഗറ്റ് ഷോട്ട് വരാൻ 44-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു എന്നത് മത്സരത്തിലെ മെക്സിക്കോയുടെ ആധിപത്യം വ്യക്തമാക്കുന്നു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് മെക്സിക്കോയ്ക്ക് ലീഡ് ഉയർത്താൻ മികച്ചൊരു അവസരം കൂടി ലഭിച്ചിരുന്നു. 42-ാം മിനിറ്റിൽ പന്ത് കൈക്കലാക്കി ക്വിനോനെസ് അടിച്ച ഷോട്ട് ദക്ഷിണാഫ്രിക്കൻ ഗോൾപോസ്റ്റിൽ ഇടിച്ച് മടങ്ങുകയായിരുന്നു. രണ്ടാം പകുതി തുടങ്ങിയപ്പോഴും മെക്സിക്കോ ആക്രമണത്തിന്റെ മൂർച്ച കൂട്ടി. ഇത്തരമൊരു മുന്നേറ്റത്തിനിടെയാണ് ഈ ലോകകപ്പിലെ ആദ്യ റെഡ് കാർഡ് റഫറിക്ക് പുറത്തെടുക്കേണ്ടി വന്നത്. മെക്സിക്കോ താരം ബ്രയാൻ ഗുട്ടിയെരെസിനെ ബോക്‌സിന് തൊട്ടുപുറത്ത് വെച്ച് ഫൗൾ ചെയ്തതിന് ദക്ഷിണാഫ്രിക്കയുടെ യായ സിത്തോളെയ്ക്കാണ് റെഡ് കാർഡ് ലഭിച്ചത്. മെക്സിക്കോയുടെ ഉറച്ച ഗോളവസരം തടഞ്ഞതിനാലാണ് റഫറി നേരിട്ട് റെഡ് കാർഡ് കാണിച്ചത്.

തുടർന്ന് 67-ാം മിനിറ്റിൽ ഹിമെനെസിലൂടെ മെക്സിക്കോ തങ്ങളുടെ രണ്ടാം ഗോളും കണ്ടെത്തി. വലതുവിങ്ങിൽ നിന്ന് പന്ത് കിട്ടിയ അൽവാരാഡോ, ബോക്‌സിലേക്ക് ഓടിക്കയറിയ ഹിമെനസിന്റെ നീക്കം കണ്ട് നൽകിയ ലോങ് ബോൾ താരം ഹെഡറിലൂടെ കൃത്യമായി വലയിലാക്കുകയായിരുന്നു. രണ്ട് ഗോളുകൾ വഴങ്ങിയതോടെ നിരാശരായ ദക്ഷിണാഫ്രിക്കൻ താരങ്ങൾ പലപ്പോഴും പരുക്കൻ കളിയാണ് പുറത്തെടുത്തത്. 84-ാം മിനിറ്റിൽ അൽവരാഡോയെ ഫൗൾ ചെയ്തതിന് ദക്ഷിണാഫ്രിക്കയുടെ തെംബ സാനെയ്ക്കും റെഡ് കാർഡ് ലഭിച്ചു. വാർ (VAR) പരിശോധനയ്ക്ക് ശേഷമായിരുന്നു റഫറിയുടെ ഈ തീരുമാനം. ഇതോടെ ഒമ്പത് പേരുമായാണ് ദക്ഷിണാഫ്രിക്ക കളി പൂർത്തിയാക്കിയത്. മത്സരം ഇഞ്ചുറി ടൈമിലേക്ക് കടന്നതിന് പിന്നാലെ ദക്ഷിണാഫ്രിക്കൻ താരം ഖുലിസോ മുദാവുവിനെ പരുക്കൻ രീതിയിൽ നേരിട്ടതിന് മെക്സിക്കോ താരം സെസാർ മൊണ്ടെസും റെഡ് കാർഡ് വാങ്ങി പുറത്തുപോയി.

Leave a Reply

Your email address will not be published. Required fields are marked *