മുഖത്ത് മുറിവേറ്റ് ചികിത്സ തേടി പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ എത്തിയ ഒരു വയസ്സും നാലുമാസവും പ്രായമുള്ള ദേവാൻഷ് ശൗര്യയ്ക്ക് ദാരുണാന്ത്യം. കളിക്കുന്നതിനിടെ വീണാണ് കുട്ടിക്ക് മുഖത്ത് ചെറിയ മുറിവുണ്ടായത്. പയ്യന്നൂരിലെ ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് മാതമംഗലത്തെ ഒരു സ്വകാര്യ ക്ലിനിക്കിൽ കാണിച്ച് പ്രാഥമിക ചികിത്സ നൽകിയിരുന്നു. പിന്നീട് മുറിവിൽ സ്റ്റിച്ച് ഇടുന്നതിന് വേണ്ടിയാണ് പയ്യന്നൂർ ബി.എം.എച്ചിലേക്ക് കൊണ്ടുവന്നത്. എന്നാൽ കുഞ്ഞ് കഠിനമായി കരഞ്ഞതുകൊണ്ട് തുന്നലിടാൻ അനസ്തീസിയ നൽകുകയല്ലാതെ വേറെ വഴിയില്ലെന്ന് ഡോക്ടർമാർ അറിയിക്കുകയായിരുന്നു.
പതിനെട്ടായിരം രൂപ ചെലവിൽ പ്ലാസ്റ്റിക് സർജറി ചെയ്യാനും ഇതിനായി അനസ്തീസിയ നൽകാനും തീരുമാനിച്ചു. എന്നാൽ അനസ്തീസിയ നൽകിയതിന് തൊട്ടുപിന്നാലെ കുഞ്ഞിന്റെ ബോധം നഷ്ടപ്പെടുകയായിരുന്നു. ശ്വസനനാളം ചുരുങ്ങിപ്പോയതിനാൽ ശ്വാസകോശത്തിലേക്ക് ഓക്സിജൻ പൈപ്പ് കടത്തിവിടാൻ ഡോക്ടർമാർക്ക് കഴിഞ്ഞില്ല. അപ്പോഴേക്കും കുഞ്ഞിന്റെ തലച്ചോറിന്റെ പ്രവർത്തനം പകുതിയിലേറെ തകരാറിലാവുകയും ഒപ്പം ഹൃദയാഘാതം സംഭവിക്കുകയും ചെയ്തു. അമ്മയുടെ മടിയിൽ കിടത്തിയാണ് കുഞ്ഞിന് അനസ്തീസിയ നൽകിയത്. കുട്ടിയുടെ നില ഗുരുതരമാകുന്നത് കണ്ട് മറ്റ് ഡോക്ടർമാരും ഓടിയെത്തി.
സ്ഥിതി വഷളായതോടെ പയ്യന്നൂരിൽ നിന്ന് കണ്ണൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് കുഞ്ഞിനെ അടിയന്തരമായി മാറ്റി. എന്നാൽ കുഞ്ഞിന്റെ ആരോഗ്യനിലയിൽ യാതൊരു പുരോഗതിയും ഉണ്ടായില്ല. രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞതിനെ തുടർന്ന് മരുന്നുകളുടെ സഹായത്തോടെ അത് ഉയർത്താൻ ഡോക്ടർമാർ പരമാവധി ശ്രമിച്ചു. കുഞ്ഞ് ഏതാനും മണിക്കൂറുകൾ മാത്രമേ ജീവിച്ചിരിക്കൂ എന്ന് ഡോക്ടർമാർക്ക് നേരത്തെ തന്നെ മനസ്സിലായിരുന്നു. ഒടുവിൽ വീണ്ടും ഹൃദയാഘാതം ഉണ്ടായതോടെ ആ പിഞ്ചുകുഞ്ഞ് മരണത്തിന് കീഴടങ്ങി.
അതേസമയം, മുതിർന്ന ഡോക്ടർമാരുടെ നേതൃത്വത്തിൽ വളരെ സൂക്ഷ്മമായി പരിശോധിച്ചാണ് കുഞ്ഞിന് ചികിത്സ നൽകിയതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. അപ്രതീക്ഷിതമായി ഉണ്ടായ ചില ആരോഗ്യപ്രശ്നങ്ങളാണ് കുട്ടിയുടെ നില ഇത്രയും വഷളാകാൻ കാരണമായതെന്നും ആശുപത്രി അധികൃതർ പറയുന്നു.
പയ്യന്നൂർ എരമം സ്വദേശികളായ സൂരജ്-വിജിഷ ദമ്പതികൾക്ക് ആറുവർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ ഐ.വി.എഫ് (IVF) ചികിത്സയിലൂടെ ഉണ്ടായ ഏക മകനായിരുന്നു ദേവാൻഷ്. ഏഴാം മാസത്തിൽ പ്രസവിച്ച കുഞ്ഞായതിനാൽ ദീർഘകാലം ആശുപത്രിയിൽ കിടക്കേണ്ടി വന്നിരുന്നു. മാസം തികയാതെ പ്രസവിച്ചതിന്റെ ബുദ്ധിമുട്ടുകളെല്ലാം പിന്നീട് കൃത്യമായ ചികിത്സയിലൂടെ മാറ്റിയെടുത്തിരുന്നതായി ബന്ധുക്കൾ പറയുന്നു. കുഞ്ഞ് ഏഴാം മാസത്തിലാണ് ജനിച്ചതെന്ന കാര്യം അനസ്തീസിയ നൽകുന്നതിന് മുൻപ് തന്നെ ഡോക്ടർമാരെ അറിയിച്ചിരുന്നുവെന്നും എന്നാൽ അതൊന്നും കുഴപ്പമില്ലെന്ന നിലപാടാണ് ഡോക്ടർമാർ സ്വീകരിച്ചതെന്നും കുടുംബം ആരോപിക്കുന്നു.




