Featured Oddly News

എന്തു പ്രഹസനമാണ് സജീ…. അഴുക്കുവെള്ളത്തിൽ കുളിയും അതില്‍ മുക്കി ഭക്ഷണവും; പുനീത് സൂപ്പർസ്റ്റാറിന്റെ വീഡിയോയ്‌ക്കെതിരെ സോഷ്യൽ മീഡിയ

സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരിക്കുകയാണ് ഇൻഫ്ലുവൻസർ പുനീത് സൂപ്പർസ്റ്റാറിന്റെ ഏറ്റവും പുതിയ വീഡിയോ. അഴുക്കുചാലിലെ വെള്ളത്തിൽ കുളിക്കുന്നതും അവിടെയിരുന്ന് ഭക്ഷണം കഴിക്കുന്നതുമായ ദൃശ്യങ്ങളാണ് എക്സ് (ട്വിറ്റർ) ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ വൈറലായത്.

‘നാലാ കഫേ’ (അഴുക്കുചാൽ കഫേ) എന്ന് തമാശരൂപേണ വിശേഷിപ്പിച്ചുകൊണ്ട് പുനീത് ചോലെ കുൽച്ചെ കഴിക്കുന്നതാണ് വീഡിയോയിലുള്ളത്. ഭക്ഷണത്തിന്റെ ഒരു ഭാഗം അഴുക്കുവെള്ളത്തിൽ മുക്കി കഴിക്കുന്നത് കണ്ട് ഞെട്ടലോടെയാണ് പ്രേക്ഷകർ പ്രതികരിച്ചത്. വൈറൽ ആകാനും കാഴ്ചക്കാരെ കൂട്ടാനുമായി ഇത്തരം നിലവാരമില്ലാത്ത പ്രവൃത്തികൾ ചെയ്യുന്നതിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്.

വീഡിയോ പ്രചരിച്ചതോടെ സോഷ്യൽ മീഡിയ രണ്ട് തട്ടിലായി. ഇന്ത്യയെപ്പോലൊരു രാജ്യം ഇത്തരം കാര്യങ്ങളെ ഗൗരവമായി എടുത്തിരുന്നെങ്കിൽ, രാജ്യത്തിന്റെ പ്രതിച്ഛായ മോശമാക്കുന്ന ഇങ്ങനെയുള്ളവർ ഇപ്പോൾ ജയിലിൽ ആകുമായിരുന്നു എന്ന് ഒരാൾ കുറിച്ചു. വെറും പ്രശസ്തിക്കും പണത്തിനും വേണ്ടി വർഷങ്ങളായി ഇയാൾ ഇത്തരം കാര്യങ്ങൾ ആവർത്തിക്കുകയാണെന്നും പലരും ഇയാളെ അനുകരിക്കുകയാണെന്നും വിമർശനമുണ്ട്. എന്നാൽ ചിലർ ഇതിനെ വെറുമൊരു തമാശയായോ അല്ലെങ്കിൽ ഇയാളുടെ സ്ഥിരം ശൈലിയായോ കണ്ട് തള്ളിക്കളയുന്നുമുണ്ട്.

ചർച്ചകൾ പിന്നീട് രാഷ്ട്രീയത്തിലേക്കും മതപരമായ കാര്യങ്ങളിലേക്കും വരെ നീണ്ടു. പുനീതിന്റെ പ്രവൃത്തിയെ ഹൈന്ദവ വിശ്വാസങ്ങളുമായി ബന്ധപ്പെടുത്താൻ ശ്രമിച്ചവർക്ക് മറുപടിയുമായി മറ്റൊരു വിഭാഗം രംഗത്തെത്തി. ഹിന്ദുമതം ഇത്തരം വൃത്തിഹീനമായ കാര്യങ്ങളല്ല പഠിപ്പിക്കുന്നതെന്നും ഇത് തികച്ചും വ്യക്തിപരമായ മ്ലേച്ഛമായ പ്രവൃത്തിയാണെന്നും ഇവർ വാദിക്കുന്നു.

വിചിത്രവും പ്രകോപനപരവുമായ വീഡിയോകളിലൂടെ ശ്രദ്ധ നേടാൻ ശ്രമിക്കുന്ന രീതിയാണ് പുനീത് സൂപ്പർസ്റ്റാർ പണ്ടുമുതലേ പിന്തുടരുന്നത്. ഇത്തരം ‘ഷോക്ക് വാല്യൂ’ ഉള്ള ഉള്ളടക്കങ്ങൾ വലിയ തോതിൽ ആളുകൾ കാണാറുണ്ടെങ്കിലും, ഇത് സമൂഹത്തിൽ തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന ആശങ്ക ശക്തമാണ്.