Movie News

‘അയാള്‍ മദ്രാസിലെ എപ്‌സ്‌റ്റീന്‍, സൗണ്ട് പുറത്ത് കേൾക്കാത്ത റൂമിൽ വെച്ച് പീഡനം’ സംഗീത സംവിധായകനെതിരേ ഗായികയുടെ ആരോപണം

ചെന്നൈ: തമിഴ്‌ സംഗീത സംവിധായകനെതിരേ ലൈംഗിക പീഡന ആരോപണവുമായി പിന്നണിഗായിക രംഗത്ത്‌. അടുത്തിടെ യൂട്യൂബ്‌ ചാനലിനു നല്‍കിയ അഭിമുഖത്തിലാണു തമിഴ്‌ സംഗീത സംവിധായകനെതിരേ ഗായിക പീഡന ആരോപണം ഉന്നയിച്ചത്‌. അമേരിക്കയിലെ ലൈംഗിക കുറ്റവാളി എപ്‌സ്‌റ്റീനെ അനുസ്‌മരിപ്പിച്ച്‌ ”എപ്‌സ്‌റ്റീന്‍ ഓഫ്‌ മദ്രാസ്‌” എന്നാണ്‌ പ്രതിയെ ഗായിക വിശേഷിപ്പിച്ചത്‌.

ഭയപ്പെടുത്തുന്ന അനുഭവം മനസില്‍ ആഴത്തിലുള്ള മുറിവുണ്ടാക്കിയതിനാല്‍ തമിഴ്‌ പിന്നണിഗാനരംഗം ഉപേക്ഷിച്ച്‌ ഋഷികേശിലേക്ക്‌ താമസം മാറാന്‍ നിര്‍ബന്ധിതയായി. അനുഭവം ഒറ്റപ്പെട്ടതായിരുന്നില്ല. മറ്റു സ്‌ത്രീകള്‍ക്കും സമാന അനുഭവങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട്‌- അവര്‍ വെളിപ്പെടുത്തി.
ഒരിക്കല്‍ സുരക്ഷിതമെന്നു താന്‍ കരുതിയിരുന്ന സംഗീത സംവിധായകന്റെ സ്‌റ്റുഡിയോയ്‌ക്കുള്ളിലാണ്‌ പീഡനം നടന്നതെന്ന്‌ ഗായിക പറഞ്ഞു. മുറിയില്‍ ഒളിക്യാമറ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുണ്ടായിരുന്നു. സംഗീത സംവിധായകന്റെ സ്റ്റുഡിയോയിലെ ശബ്ദം പുറത്തുകേൾക്കാത്ത മുറിയിൽ വെച്ചാണ് പീഡനം നടന്നതെന്നും ഗായിക പറയുന്നു.

പീഡന ദൃശ്യങ്ങള്‍ റെക്കോഡുചെയ്‌തെന്നും പിന്നീട്‌ തന്നെ ഭീഷണിപ്പെടുത്താന്‍ ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ചതായും അവര്‍ ആരോപിച്ചു.താന്‍ നുണപറയുകയാണെന്നായിരുന്നു തമിഴ്‌ ചലച്ചിത്രലോകത്തെ വ്യാപക പ്രചാരണം. പലരും മോശമായി പ്രതികരിച്ചു. പ്രതിസ്‌ഥാനത്തുള്ള സംഗീത സംവിധായകന്റെ കുടുംബവും അപകീര്‍ത്തിപ്പെടുത്തുന്നതില്‍ പങ്കാളികളായി. അഭിഭാഷകരുമായും മുതിര്‍ന്ന ഉദ്യോഗസ്‌ഥരുമായും നേരത്തെ കൂടിയാലോചിച്ചിരുന്നെങ്കിലും ധൈര്യവും പിന്തുണയും ഇല്ലാത്തതിനാല്‍ അന്നു പരാതി നല്‍കിയിരുന്നില്ല.
ഇപ്പോള്‍ സംഗീതസംവിധായകനെതിരേ നിയമനടപടി സ്വീകരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും ഗായിക കൂട്ടിച്ചേര്‍ത്തു.