ചെന്നൈ സൂപ്പർ കിംഗ്‌സുമായുള്ള നിർണ്ണായക മത്സരത്തിനായി പുറപ്പെടുന്നതിനിടെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും കാമുകി മഹേക ശർമ്മയും ഒന്നിച്ചുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. മുംബൈ എയർപോർട്ടിലെ സുരക്ഷാ പരിശോധനയ്ക്കിടെ മഹേകയെ ചേർത്തുപിടിച്ചു നിൽക്കുന്ന ഹാർദിക്കിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ശനിയാഴ്ച ചെന്നൈയിൽ നടക്കാനിരിക്കുന്ന മത്സരത്തിനായി ഇരുവരും യാത്രതിരിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ . കഴിഞ്ഞ ദിവസം വാംഖഡെ സ്റ്റേഡിയത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനോട് ഏറ്റ പരാജയത്തിന്റെ സമ്മർദ്ദങ്ങളൊന്നുമില്ലാതെ തികച്ചും ശാന്തനായാണ് ഹാർദിക്കിനെ വീഡിയോയിൽ കാണുന്നത്.
ഐപിഎൽ 2026 സീസണിൽ ഹാർദിക്കിന്റെ നേതൃത്വത്തിലുള്ള മുംബൈ ഇന്ത്യൻസ് വളരെ മോശം പ്രകടനമാണ് കാഴ്ചവെക്കുന്നത്. കളിച്ച എട്ട് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് ടീമിന് വിജയിക്കാനായത്. പോയിന്റ് പട്ടികയിൽ ടീം പിന്നിലായി നിൽക്കുന്ന ഈ സാഹചര്യത്തിൽ ഹാർദിക്കിന്റെ പെരുമാറ്റത്തിനെതിരെ ആരാധകർ കടുത്ത വിമർശനമാണ് ഉയർത്തുന്നത്. ഹാർദിക് ക്രിക്കറ്റും ക്യാപ്റ്റൻസിയും പൂർണ്ണമായും മറന്നുപോയെന്നും അദ്ദേഹത്തിന്റെ ശ്രദ്ധ ഇപ്പോൾ പ്രണയത്തിൽ മാത്രമാണെന്നുമാണ് ഒരു വിഭാഗം സോഷ്യൽ മീഡിയ ഉപയോക്താക്കൾ പരിഹസിക്കുന്നത്.
ടീമിന്റെ ദയനീയ പ്രകടനത്തിൽ യാതൊരു ആശങ്കയും ഹാർദിക്കിനില്ലെന്ന് ആരാധകർ കുറ്റപ്പെടുത്തുന്നു. ക്രിക്കറ്റ് ഗ്രൗണ്ടിനേക്കാൾ കൂടുതൽ ഇത്തരം പ്രവർത്തികളിലൂടെയാണ് അദ്ദേഹം ഇപ്പോൾ വാർത്തകളിൽ നിറയുന്നതെന്നും മുംബൈ ഇന്ത്യൻസ് മാനേജ്‌മെന്റ് ഉടൻ തന്നെ ഹാർദിക്കിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും നീക്കണമെന്നും ആവശ്യപ്പെട്ട് നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. ടൂർണമെന്റ് നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ ടീമിന് കരുത്ത് പകരേണ്ട ക്യാപ്റ്റന്റെ ശ്രദ്ധ ക്രിക്കറ്റിലല്ലെന്നതാണ് ആരാധകരെ ചൊടിപ്പിക്കുന്നത്.




