Featured Sports

ഏകദിനത്തിൽ ഋഷഭ് പന്ത് ഔട്ട്, പകരം ഇനി സഞ്ജു സാംസൺ? ഉറപ്പിച്ച് അഗാർക്കറും ഗംഭീറും

ഐപിഎല്ലിലെയും ട്വന്റി20 ലോകകപ്പിലെയും മിന്നും പ്രകടനങ്ങൾ കണക്കിലെടുത്ത് മലയാളി താരം സഞ്ജു സാംസണെ ഇന്ത്യൻ ഏകദിന ടീമിലേക്ക് തിരിച്ചുവിളിക്കാൻ ബിസിസിഐ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഋഷഭ് പന്തിന് പകരക്കാരനായി രണ്ടാം വിക്കറ്റ് കീപ്പർ സ്ഥാനത്തേക്കാണ് അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി സഞ്ജുവിനെ പരിഗണിക്കുന്നത്.

നിലവിലെ സാഹചര്യത്തിൽ ഈ നീക്കം യാഥാർഥ്യമാവുകയാണെങ്കിൽ ഏകദേശം രണ്ടര വർഷത്തെ ഇടവേളയ്ക്ക് ശേഷമായിരിക്കും സഞ്ജു ഏകദിന ടീമിൽ തിരിച്ചെത്തുന്നത്. ഋഷഭ് പന്തിന്റെ ഐപിഎല്ലിലെ മോശം ഫോമാണ് പകരക്കാരനെ തേടാൻ സെലക്ടർമാരെ പ്രേരിപ്പിച്ചതെന്നാണ് സൂചന.

2027-ൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് ലക്ഷ്യമിട്ട് ടീമിനെ വാർത്തെടുക്കാനുള്ള ശ്രമത്തിലാണ് പരിശീലകൻ ഗൗതം ഗംഭീറും സെലക്ഷൻ കമ്മിറ്റിയും. ഇതിന്റെ ഭാഗമായി വരാനിരിക്കുന്ന ശ്രീലങ്ക, വെസ്റ്റിൻഡീസ്, അഫ്ഗാനിസ്ഥാൻ പരമ്പരകളിൽ സഞ്ജുവിന് അവസരം ലഭിച്ചേക്കും.

ഇഷാൻ കിഷൻ, ധ്രുവ് ജുറൽ തുടങ്ങിയവർ മത്സരരംഗത്തുണ്ടെങ്കിലും നിലവിലെ ഫോം സഞ്ജുവിന് അനുകൂലമാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2024 ഓഗസ്റ്റിന് ശേഷം പന്ത് ഏകദിനത്തിൽ കളിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ, കെ.എൽ. രാഹുലിന് പിന്നിൽ ശക്തമായ ഒരു ബാക്കപ്പ് കീപ്പറെ കണ്ടെത്തുക എന്നതിനാണ് ടീം മാനേജ്‌മെന്റ് മുൻഗണന നൽകുന്നത്.

സ്ഥിതിവിവരക്കണക്കുകൾ പരിശോധിക്കുമ്പോൾ ഏകദിനത്തിൽ സഞ്ജുവിന് മികച്ച റെക്കോർഡാണുള്ളത്. കളിച്ച 16 മത്സരങ്ങളിൽ നിന്ന് 56.67 എന്ന മികച്ച ശരാശരിയോടെ 510 റൺസ് സഞ്ജു നേടിയിട്ടുണ്ട്. 2023-ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നേടിയ സെഞ്ചറിയും ഇതിൽ ഉൾപ്പെടുന്നു.

അതേസമയം, 31 ഏകദിനങ്ങൾ കളിച്ച ഋഷഭ് പന്തിന് 33.50 ശരാശരിയിൽ 871 റൺസാണ് നേടാനായത്. ഈ ഐപിഎൽ സീസണിലും സഞ്ജു തന്റെ മികവ് തെളിയിച്ചു; ചെന്നൈ സൂപ്പർ കിങ്സിനായി കളിക്കുന്ന താരം എട്ട് മത്സരങ്ങളിൽ നിന്ന് രണ്ട് സെഞ്ചറികളടക്കം 304 റൺസാണ് അടിച്ചെടുത്തത്. എന്നാൽ ഇത്രയും മത്സരങ്ങളിൽ നിന്ന് പന്തിന് 189 റൺസ് മാത്രമേ നേടാനായുള്ളൂ എന്നതും സഞ്ജുവിന്റെ സാധ്യതകൾ വർദ്ധിപ്പിക്കുന്നു.