Crime

ശസ്ത്രക്രിയയ്ക്കിടെ 22-കാരിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി, വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചു; അന്വേഷണം

ഉത്തർപ്രദേശിലെ കൗശാംബിയിലുള്ള സർക്കാർ മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചതായി പരാതി . 22 വയസ്സുകാരിയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംസ്ഥാന വനിതാ കമ്മിഷൻ അംഗം വിഷയത്തിൽ നേരിട്ട് ഇടപെട്ടതോടെയാണ് അധികൃതർ നടപടിയുമായി മുന്നോട്ട് വന്നത്.

കഴിഞ്ഞ ഏപ്രിൽ 26-നാണ് യുവതിയെ ഗൈനക്കോളജി വിഭാഗത്തിൽ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. മുതിർന്ന ഡോക്ടർമാർ പങ്കെടുത്ത ശസ്ത്രക്രിയയ്ക്കിടെ എടുത്ത ചിത്രങ്ങളാണ് പിന്നീട് പുറത്തുവന്നത്. യുവതിയുടെ മുഖവും സ്വകാര്യ ഭാഗങ്ങളും വ്യക്തമായി കാണാവുന്ന രീതിയിലുള്ള ദൃശ്യങ്ങൾ ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും അംഗങ്ങളായ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പുകളിലൂടെയാണ് പ്രചരിച്ചത്. സംഭവം അതീവ ഗൗരവമുള്ളതാണെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും കൗശാംബി പോലീസ് സൂപ്രണ്ട് സത്യനാരായൺ പ്രജാപത് അറിയിച്ചു. ഡപ്യൂട്ടി സൂപ്രണ്ട് ശിവങ്ക് സിങ്ങിനാണ് നിലവിൽ അന്വേഷണ ചുമതല നൽകിയിരിക്കുന്നത്.

സ്ഥാപനത്തിന്റെ ഔദ്യോഗിക കാര്യങ്ങൾക്കായി ഉപയോഗിക്കുന്ന വാട്സാപ്പ് ഗ്രൂപ്പിൽ ഒരു ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥൻ തന്നെയാണ് ഈ ചിത്രങ്ങൾ പങ്കുവെച്ചതെന്നാണ് പ്രാഥമിക നിഗമനം. ജില്ലാ ഇൻഫർമേഷൻ ഓഫിസർ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ, ഡോക്ടർമാർ എന്നിവരുള്ള ഗ്രൂപ്പുകളിൽ നിന്നാണ് ദൃശ്യങ്ങൾ പുറത്തുപോയത്. വിവരം വിവാദമായതോടെ ഗ്രൂപ്പുകളിൽ നിന്ന് ഈ ചിത്രങ്ങൾ നീക്കം ചെയ്തെങ്കിലും സംഭവത്തിൽ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.