ടിക് ടോക് ലൈവ് സ്ട്രീമിങ്ങിനിടെ പരസ്യമായി ചുംബിച്ചതിന് ഇന്തൊനേഷ്യയില്‍ യുവാവിനും യുവതിക്കും നേരെ ചാട്ടവാറടി ശിക്ഷ നടപ്പാക്കി. വിവാഹിതരല്ലാത്ത ഇവർ പരസ്പരം ചുംബിച്ചത് ഇസ്‌ലാമിക നിയമങ്ങളുടെ ലംഘനമാണെന്ന് ഷരിയ കോടതി കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടി. ഇന്തോനേഷ്യയിലെ ആച്ചെ പ്രവിശ്യയിലാണ് സംഭവം നടന്നത്.
കഴിഞ്ഞ ഫെബ്രുവരി 27നാണ് ഇവർ കാറിലിരുന്ന് ചുംബിക്കുന്ന ദൃശ്യങ്ങൾ ടിക് ടോക്കിലൂടെ വൈറലാകുന്നത്. ഇതിന് പിന്നാലെ ഏപ്രിലില്‍ 22കാരനായ യുവാവിനെയും 25കാരിയായ യുവതിയെയും പോലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്നാണ് ഇരുവര്‍ക്കും ചാട്ടവാറടി ശിക്ഷ വിധിക്കുന്നത്. ഇവരുടെ ലൈവ് വിഡിയോ അടങ്ങിയ മൊബൈൽ ഫോണും യുഎസ്ബി ഡ്രൈവും കണ്ടുകെട്ടി നശിപ്പിക്കാനും കോടതി ഉത്തരവിട്ടിരുന്നു. ആദ്യം 25 തവണ ചാട്ടവാറടി ആയിരുന്നു ശിക്ഷ വിധിച്ചതെങ്കിലും, നാല് മാസം ജയിൽവാസം അനുഭവിച്ച പശ്ചാത്തലത്തിൽ അത് 21 തവണയായി കുറയ്ക്കുകയായിരുന്നു.
ബന്ദാ ആച്ചെയിലെ ബുസ്താനുസ്സലാത്തിൻ സിറ്റി പാർക്കില്‍ വെച്ചാണ് മുഖംമൂടി ധരിച്ച ഉദ്യോഗസ്ഥർ പരസ്യമായി ശിക്ഷ നടപ്പിലാക്കിയത്. ഏകദേശം നൂറോളം നാട്ടുകാർ ഈ ശിക്ഷാ നടപടി നേരിട്ട് കാണാൻ അവിടെ തടിച്ചുകൂടിയിരുന്നു. ഇതേ ദിവസം തന്നെ ഓൺലൈൻ ചൂതാട്ടം, വ്യഭിചാരം എന്നീ കുറ്റങ്ങൾക്ക് പിടിയിലായ മറ്റ് നാല് പേർക്കും സമാനമായ രീതിയിൽ പൊതുജനമധ്യത്തിൽ വെച്ച് ചാട്ടവാറടി ശിക്ഷ നൽകുകയുണ്ടായി.
അതേസമയം, ഈ പരസ്യ ശിക്ഷാ നടപടിക്കെതിരെ ആംനസ്റ്റി ഇന്റർനാഷണൽ ഇന്തൊനേഷ്യ ശക്തമായ വിയോജിപ്പുമായി രംഗത്തെത്തി. ഈ നടപടി അങ്ങേയറ്റം ക്രൂരവും മനുഷ്യത്വഹീനവും മനുഷ്യാവകാശങ്ങളുടെ ലംഘനവുമാണെന്ന് ആംനസ്റ്റി ഇന്റർനാഷണൽ ഇന്തോനേഷ്യ എക്സിക്യൂട്ടീവ് ഡയറക്ടർ ഉസ്മാൻ ഹമീദ് പ്രതികരിച്ചു. ഇവരുടെ പ്രവൃത്തികൾ സമൂഹത്തിന് അനുചിതമായി തോന്നാമെങ്കിൽ പോലും, അതിന് ഇത്രയും ക്രൂരമായ ശിക്ഷ നൽകരുതായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്തൊനേഷ്യയിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിൽ ആച്ചെയിൽ മാത്രമാണ് ഇന്നും ഇസ്ലാമിക നിയമങ്ങൾ ഇത്രയും കർശനമായി നടപ്പിലാക്കുന്നത്. വ്യഭിചാരം, സ്വവർഗ്ഗരതി, ചൂതാട്ടം, മദ്യപാനം എന്നിവയ്ക്കും വസ്ത്രധാരണ രീതികളിലെ അപാകതകൾക്കും ഇവിടെ ചാട്ടവാറടി ശിക്ഷ നൽകാറുണ്ട്. കുറ്റത്തിന്റെ വ്യാപ്തിയനുസരിച്ച് 100 ചാട്ടവാറടി വരെ ശിക്ഷ നൽകാൻ നിയമം അനുവദിക്കുന്നുണ്ട്. 2015 മുതൽ ഈ നിയമങ്ങൾ പ്രവിശ്യയിലെ മുസ്ലീം അല്ലാത്തവർക്കും ബാധകമാക്കിയിട്ടുണ്ട്.




