Featured Spotlight

‘അമ്മ’യെ കോടതി കയറ്റാൻ താല്പര്യമില്ല; കണ്‍വീനര്‍ സ്ഥാനം രാജിവച്ച് പിഷാരടി, അഡ്ഹോക് കമ്മിറ്റിയുടെ പ്രവർത്തനം തടഞ്ഞ് കോടതി

അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിലെ ആഭ്യന്തര തർക്കങ്ങൾ കൂടുതൽ വഷളാകുന്നതിനിടെ, പ്രശ്നങ്ങൾ പരിഹരിക്കാൻ രൂപീകരിച്ച താൽക്കാലിക (അഡ്ഹോക്) കമ്മിറ്റിയുടെ പ്രവർത്തനം കോടതി തടഞ്ഞു. നടി ശ്വേത മേനോൻ നൽകിയ ഹർജി പരിഗണിച്ചുകൊണ്ട് എറണാകുളം മുൻസിഫ് കോടതിയാണ് ഈ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കേസിലെ പ്രധാന എതിർകക്ഷികളിലൊരാളായ നടനും എംഎൽഎയുമായ രമേഷ് പിഷാരടിക്ക് നോട്ടിസ് അയക്കാനും കോടതി നിർദേശിച്ചു. കേസ് ഈ മാസം 13-ന് വീണ്ടും പരിഗണിക്കും. അതേസമയം, കോടതി ഉത്തരവ് വന്നതിന് തൊട്ടുപിന്നാലെ അഡ്ഹോക് കമ്മിറ്റിയുടെ കൺവീനർ സ്ഥാനത്തുനിന്ന് രമേഷ് പിഷാരടി രാജിവെച്ചു. സംഘടനയെ കോടതി നടപടികളിലേക്ക് വലിച്ചിഴയ്ക്കാൻ താല്പര്യമില്ലെന്നും കോടതി വിധിയെ പൂർണ്ണമായി ബഹുമാനിക്കുന്നുവെന്നുമാണ് പിഷാരടി പ്രതികരിച്ചത്.

‘അമ്മ’യുടെ കഴിഞ്ഞ ജനറൽ ബോഡി യോഗത്തിലാണ് രമേഷ് പിഷാരടിയുടെ നേതൃത്വത്തിൽ താൽക്കാലിക കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ ഈ കമ്മിറ്റിയുടെ നിയമനം സംഘടനയുടെ ബൈലാ പ്രകാരം നിയമവിരുദ്ധമാണെന്ന് ശ്വേത മേനോൻ ഹർജിയിൽ വാദിച്ചു. നിലവിലുള്ള ഒരു ഭരണസമിതി ഒന്നിച്ച് രാജിവെക്കുകയാണെങ്കിൽ, പുതിയ ഭരണസമിതിയെ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തുന്നത് വരെ പഴയ കമ്മിറ്റി തന്നെ ചുമതലയിൽ തുടരണമെന്നാണ് സംഘടനയുടെ നിയമാവലിയിൽ പറയുന്നതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. ബൈലായിൽ ഒരിടത്തും അഡ്ഹോക് കമ്മിറ്റി രൂപീകരിക്കാൻ വ്യവസ്ഥയില്ലെന്ന വാദം അംഗീകരിച്ചാണ് കോടതി ഇപ്പോൾ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് താല്ക്കാലിക വിലക്കേർപ്പെടുത്തിയത്.

ജനറൽ ബോഡി യോഗത്തിൽ വെച്ച് താൻ രാജി പ്രഖ്യാപിച്ചിരുന്നെങ്കിലും, ഔദ്യോഗികമായി പദവി ഒഴിഞ്ഞു പോകില്ലെന്ന് ശ്വേത മേനോൻ പിന്നീട് വ്യക്തമാക്കി. ചിലർ തന്നെ വ്യക്തിപരമായി വേട്ടയാടുകയാണെന്നും തന്റെ നിരപരാധിത്വം തെളിയിക്കാതെ സംഘടനയിൽ നിന്ന് പടിയിറങ്ങില്ലെന്നും നടി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ഭാരവാഹികളെ മുഴുവൻ രാജിവെപ്പിക്കുക എന്ന വ്യക്തമായ ഉദ്ദേശത്തോടെയാണ് ചിലർ യോഗത്തിനെത്തിയതെന്നും, സംഘടനയെ തകർക്കാനും സ്വന്തം കൈപ്പിടിയിലൊതുക്കാനും ചില നിക്ഷിപ്ത താല്പര്യക്കാർ ശ്രമിക്കുന്നുണ്ടെന്നും ശ്വേത തുറന്നടിച്ചു.

രമേഷ് പിഷാരടിയുടെ അധ്യക്ഷതയിൽ താൽക്കാലിക കമ്മിറ്റിയുടെ ആദ്യ യോഗം ചേർന്നതിന് ശേഷമാണ് രാജിയെക്കുറിച്ചുള്ള കൂടുതൽ സങ്കീർണ്ണമായ വിവരങ്ങൾ പുറത്തുവന്നത്. പഴയ ഭരണസമിതിയിലെ അംഗങ്ങളാരും തന്നെ രേഖാമൂലം രാജിക്കത്ത് നൽകിയിട്ടില്ലെന്ന് യോഗത്തിന് ശേഷം രമേഷ് പിഷാരടിയും കെ.ബി.ഗണേഷ് കുമാറും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മുൻ കമ്മിറ്റി അംഗങ്ങളായ ജോയ് മാത്യു, ജയൻ ചേർത്തല, കൈലാഷ് എന്നിവർ തങ്ങളുടെ ഔദ്യോഗിക രാജിക്കത്തുകൾ സംഘടനയുടെ ഇമെയിലിലേക്ക് അയച്ചു. മുൻ വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയയും ഇമെയിൽ വഴി രാജി സമർപ്പിച്ചു. ജോയിന്റ് സെക്രട്ടറിയായിരുന്ന അൻസിബ ഹസൻ നേരത്തെ തന്നെ പദവി ഒഴിഞ്ഞിരുന്നു. എന്നാൽ പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ട്രഷറർ തുടങ്ങിയ പ്രധാന ഭാരവാഹികൾ ഇതുവരെ ഔദ്യോഗികമായി രാജി നൽകാത്തതിനാൽ വലിയൊരു നിയമക്കുരുക്കിലേക്കും ഭരണഘടനാ പ്രതിസന്ധിയിലേക്കുമാണ് ‘അമ്മ’ ഇപ്പോൾ എത്തിപ്പെട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *