Oddly News

“വിയര്‍പ്പ്നാറ്റം സഹിക്കാൻ വയ്യ!”; ജിമ്മിൽ നിന്ന് യുവാവിനെ പുറത്താക്കി, മറ്റൊരു ജിമ്മിൽ പോകാൻ പണം നൽകി ഉടമകൾ!

റോൾ-ഓണുകൾ മുതൽ ആഡംബര പെർഫ്യൂമുകൾ വരെ വാങ്ങി ശരീരത്തിന് നല്ല സുഗന്ധം നൽകാൻ ലോകമെമ്പാടുമുള്ള ആളുകൾ വൻതുക ചിലവഴിക്കാറുണ്ട്. എന്നാൽ ചൈനയിൽ ഒരു വ്യക്തിയുടെ ശരീര ദുർഗന്ധം കാരണം ജിം അധികൃതർക്ക് അദ്ദേഹത്തിന്റെ അംഗത്വം തന്നെ റദ്ദാക്കേണ്ടി വന്നു. അദ്ദേഹത്തിന്റെ മെമ്പർഷിപ്പ് റദ്ദാക്കി പണം തിരികെ നൽകിയെന്ന് മാത്രമല്ല, മറ്റൊരു ജിമ്മിൽ പോയി വ്യായാമം ചെയ്യാനായി മൂന്ന് മാസത്തെ സൌജന്യ പാസ്സും ജിം അധികൃതർ അദ്ദേഹത്തിന് നൽകി കൈയൊഴിഞ്ഞു.

കിഴക്കൻ ചൈനയിലെ സെജിയാങ് പ്രവിശ്യയിലെ ഹാങ്‌ഷൗവിൽ താമസിക്കുന്ന ഷി എന്ന വ്യക്തിക്കാണ് ഈ അനുഭവം ഉണ്ടായത്. 2025 മെയ് മാസത്തിൽ അദ്ദേഹം 6,388 യുവാൻ (ഏകദേശം 89,900 രൂപ) നൽകി 2028 ഏപ്രിൽ അവസാനം വരെ കാലാവധിയുള്ള മൂന്ന് വർഷത്തെ ജിം അംഗത്വം എടുത്തിരുന്നതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് സൌത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

പത്ത് വർഷം മുൻപ് തന്റെ ശരീരഭാരം 125 കിലോയിൽ നിന്ന് 80 കിലോയായി കുറച്ചതിനെത്തുടർന്ന് താനൊരു വ്യായാമപ്രേമിയായി മാറിയെന്നും സ്ഥിരമായി വിവിധ കായിക വിനോദങ്ങളിൽ ഏർപ്പെടാറുണ്ടെന്നും ഷി പറഞ്ഞു. ഈ ജിമ്മിൽ ചേർന്നതിനുശേഷം ആഴ്ചയിൽ അഞ്ച് ദിവസവും അദ്ദേഹം അവിടെ പോയി വ്യായാമം ചെയ്തിരുന്നു.

എന്നാൽ ജൂൺ 20-ന് ജിമ്മിൽ നിന്ന് അദ്ദേഹത്തിന് ഒരു സന്ദേശം ലഭിച്ചു. ഷി കാരണം ജിമ്മിനുള്ളിൽ കടുത്ത ദുർഗന്ധം അനുഭവപ്പെടുന്നു എന്ന് കാണിച്ച് നിരവധി ആളുകൾ പരാതിപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തിന്റെ അംഗത്വം റദ്ദാക്കുകയാണെന്നായിരുന്നു ആ സന്ദേശം. “വളരെയധികം ആലോചിച്ച ശേഷമാണ് ഞങ്ങൾ ഈ തീരുമാനമെടുത്തത്. നിങ്ങളുടെ മെമ്പർഷിപ്പിന്റെ ബാക്കി കാലാവധിക്കുള്ള പണം ഞങ്ങൾ തിരികെ നൽകുന്നതായിരിക്കും,” എന്ന് ജിം അധികൃതർ ഷിയെ അറിയിച്ചു.

സാമ്പത്തിക മാന്ദ്യത്തിനിടയിലും ഓരോ ഉപഭോക്താവിനെയും നന്നായി പരിഗണിച്ചാണ് തങ്ങൾ ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോകുന്നതെന്നും, എന്നാൽ ഷി കാരണം ജിമ്മിലുണ്ടാകുന്ന കടുത്ത ദുർഗന്ധം തങ്ങളെ ബാധിക്കുന്നു എന്ന് കാണിച്ച് നിരവധി ഉപഭോക്താക്കൾ തുടർച്ചയായി പരാതിപ്പെട്ടതിനാലാണ് ഇങ്ങനെയൊരു തീരുമാനമെന്നും സന്ദേശത്തിൽ പറയുന്നു. ജിമ്മിൽ നിന്ന് തനിക്ക് 3,888 യുവാനും മറ്റൊരു ജിമ്മിലേക്ക് മൂന്ന് മാസത്തെ സൌജന്യ മെമ്പർഷിപ്പ് കാർഡും ലഭിച്ചതായി ഷി സ്ഥിരീകരിച്ചു.

ഷി അമിതമായി വിയർക്കാറുണ്ടെന്നും ഇത് കടുത്ത ശരീര ദുർഗന്ധത്തിന് കാരണമാകുന്നുണ്ടെന്നും ജിം അധികൃതർ മാധ്യമങ്ങളോട് പറഞ്ഞു. ഷി ഉപയോഗിച്ച മെഷീനുകളുടെ അടുത്തുകൂടി നടന്നുപോകുമ്പോൾ പോലും അസഹ്യമായ മണം അനുഭവപ്പെടുന്നു എന്ന് നിരവധി അംഗങ്ങൾ പരാതിപ്പെട്ടിരുന്നു. ഷി വ്യായാമം ചെയ്യുന്ന ട്രെഡ്‌മില്ലുകളുടെയോ മറ്റ് ഉപകരണങ്ങളുടെയോ അടുത്തേക്ക് പോകാൻ പോലും ആളുകൾ മടിച്ചിരുന്നു.

ഷിക്ക് മാത്രമായി ജിമ്മിന്റെ ഒരു കോണിലുള്ള ഉപകരണങ്ങൾ നീക്കിവെക്കാനും, ആളുകൾ കുറവുള്ള സമയങ്ങളിൽ വരാനും ജിം അധികൃതർ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പരാതികൾ അവസാനിച്ചില്ല. താൻ വിയർക്കാറുണ്ടെന്ന കാര്യം ഷിയും സമ്മതിക്കുന്നുണ്ട്. മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ വിയർപ്പ് തുടയ്ക്കാനും ഉപകരണങ്ങൾ മൂടാനുമായി താൻ ഒന്നിലധികം തോർത്തുകൾ കരുതാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. വീടിനടുത്തായതുകൊണ്ട് തന്നെ പഴയ ജിമ്മിൽ തുടർന്നു പോകാനായിരുന്നു അദ്ദേഹത്തിന് താല്പര്യം. ഈ പ്രശ്നത്തിന് ഒരു പരിഹാരം കാണുമെന്ന പ്രതീക്ഷയിൽ ഷി തന്റെ അനുഭവം ഒരു പ്രമുഖ പ്രാദേശിക ടിവി ചാനലിലൂടെ പങ്കുവെക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *