പൂനെ: ലോഹഗഡ് കോട്ടയിൽ കൊല്ലപ്പെട്ട വ്യവസായി കേതൻ അഗർവാളിന് യഥാർത്ഥത്തിൽ സംസാരവൈകല്യം (വിക്കൽ) ഉണ്ടായിരുന്നുവോ? മഹാരാഷ്ട്രയിലെ ചരിത്രപ്രസിദ്ധമായ മലങ്കോട്ടയിൽ വെച്ച് 26-കാരനായ കേതൻ അഗർവാളിനെ പ്രതിശ്രുത വധു സിയ ഗോയലും കാമുകൻ ചേതൻ ബാബുലാൽ ചൗധരിയും ചേർന്ന് കൊലപ്പെടുത്തിയെന്ന കേസിൽ ഇപ്പോൾ പുതിയൊരു വഴിത്തിരിവ് ഉണ്ടായിരിക്കുകയാണ്.
സംസാരവൈകല്യമുള്ള ഒരാളെ വിവാഹം കഴിക്കാൻ താല്പര്യമില്ലാത്തതിനാലാണ് കേതനെ കൊലപ്പെടുത്തിയത് എന്ന സിയ ഗോയലിന്റെ വാദങ്ങളെ പൊളിച്ചടുക്കുന്ന തരത്തിലുള്ള ഒരു പുതിയ വീഡിയോ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ഈ വീഡിയോയിൽ കേതൻ വളരെ സുഗമമായി സംസാരിക്കുന്നത് കാണാം.
വിവാഹ ഒരുക്കങ്ങൾക്കിടയിൽ മുംബൈ ആസ്ഥാനമായുള്ള ‘വി തിങ്ക് ഹോസ്പിറ്റാലിറ്റി’ എന്ന വെഡ്ഡിംഗ് പ്ലാനിംഗ് കമ്പനിയുടെ പരസ്യത്തിനായി ചിത്രീകരിച്ചതാണ് ഈ വീഡിയോ. തന്റെ വിവാഹം നടക്കില്ലെന്ന കാര്യമറിയാതെ, “കഴിഞ്ഞ നാല് മാസമായി ഞങ്ങൾ ഈ വിവാഹത്തിനായുള്ള തയ്യാറെടുപ്പിലായിരുന്നു… ഓരോ ഘട്ടത്തിലും പുതിയതും വ്യത്യസ്തവുമായ ആശയങ്ങളുമായി വി തിങ്ക് ഹോസ്പിറ്റാലിറ്റി ഞങ്ങളോടൊപ്പമുണ്ടായിരുന്നു,” എന്ന് കേതൻ വീഡിയോയിൽ പറയുന്നുണ്ട്. വീഡിയോയുടെ അവസാനത്തിൽ, “നിങ്ങൾക്ക് തിരഞ്ഞെടുക്കാൻ പറ്റിയ ഏറ്റവും മികച്ച ഇവന്റ് ടീമാണിത്,” എന്നും കേതൻ പറയുന്നു.
കേതന് കഷണ്ടിയും സംസാരത്തിൽ വിക്കലുമുണ്ടായിരുന്നതുകൊണ്ട് അയാളെ വിവാഹം കഴിക്കാൻ തനിക്ക് താല്പര്യമില്ലായിരുന്നു എന്ന് സിയ പോലീസിനോട് പറഞ്ഞതായി നേരത്തെ വിവരങ്ങൾ പുറത്തുവന്നിരുന്നു. കേതൻ വിഗ്ഗ് ആണ് ഉപയോഗിക്കുന്നതെന്ന് സിയ പിന്നീട് മനസ്സിലാക്കുകയായിരുന്നു. എന്നാൽ കേതന് തലയിൽ ചെറിയൊരു ഭാഗത്ത് വിഗ്ഗ് ഉണ്ടെന്ന കാര്യം സിയയുടെ കുടുംബത്തോട് തങ്ങൾ ആദ്യമേ തുറന്നുപറഞ്ഞിരുന്നുവെന്നാണ് കേതന്റെ പിതാവ് പറയുന്നത്. “ഇതാണോ ഒരാളെ കൊല്ലാനുള്ള കാരണം?” എന്നും അദ്ദേഹം ചോദിക്കുന്നു.
റിയൽ എസ്റ്റേറ്റ് വ്യവസായിയായ കേതനും സിയയും തമ്മിലുള്ള നിശ്ചയം കഴിഞ്ഞ ഫെബ്രുവരിയിലാണ് ആർഭാടമായി നടന്നത്. നവംബറിൽ രാജസ്ഥാനിൽ വെച്ച് വലിയ രീതിയിൽ വിവാഹം നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. ഇരുവരും തമ്മിൽ വലിയ പ്രണയത്തിലായിരുന്നുവെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാൽ സിയ ചേതൻ എന്ന മറ്റൊരു യുവാവുമായി പ്രണയത്തിലായിരുന്നു. കേതനുമായുള്ള വിവാഹനിശ്ചയം ഒഴുവാക്കാൻ സിയ ആഗ്രഹിച്ചിരുന്നെങ്കിലും വീട്ടുകാരുടെ എതിർപ്പിനെ അവൾ ഭയപ്പെട്ടിരുന്നുവെന്ന് പോലീസ് പറയുന്നു.
തുടർന്നാണ് സിയയും ചേതനും ചേർന്ന് കേതനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടത്. തന്റെ ജന്മദിനം ആഘോഷിക്കാനെന്ന വ്യാജേന സിയ കേതനെ ലോഹഗഡ് കോട്ടയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും അവിടെയുള്ള 400 അടി താഴ്ചയുള്ള മലയിടുക്കിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം കേതൻ അബദ്ധത്തിൽ കാൽ വഴുതി വീണതാണെന്നാണ് സിയ എല്ലാവരോടും പറഞ്ഞത്. താൻ നിരപരാധിയാണെന്ന് വരുത്തിത്തീർക്കാൻ കൊലപാതകത്തിന് ശേഷം സിയ ഇൻസ്റ്റാഗ്രാമിൽ സങ്കടം നിറഞ്ഞ ഒരു കുറിപ്പും പങ്കുവെച്ചിരുന്നു. “എന്റെ ജന്മദിനത്തിൽ നീ എന്നെ തനിച്ചാക്കി പോയി. നമ്മൾ വിവാഹിതരാകാൻ ഇത്രയും അടുത്തെത്തിയപ്പോൾ നീ എന്തിനാണ് എന്നോട് ഇത് ചെയ്തത്? എനിക്ക് ഒത്തിരി സ്വപ്നങ്ങളുണ്ടായിരുന്നു,” എന്നായിരുന്നു ആ കുറിപ്പ്.
എന്നാൽ ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇരുവരുടെയും ക്രൂരത പുറത്തുവന്നത്. ജൂൺ 18-നാണ് സിയയും കേതനും ലോഹഗഡ് കോട്ട സന്ദർശിച്ചതെന്നും, കേതൻ കാൽ വഴുതി വീണതായി സിയ അറിയിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. എന്നാൽ കേതൻ നല്ലൊരു ട്രെക്കിംഗ് വിദഗ്ദ്ധനായതുകൊണ്ട് തന്നെ ഇതൊരു അപകടമാകാൻ സാധ്യതയില്ലെന്ന് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും സംശയമുണ്ടായിരുന്നു.
തുടർന്ന് കേതന്റെ കുടുംബം പരാതി നൽകിയതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സിയക്ക് ചേതൻ എന്ന സുഹൃത്തുണ്ടെന്ന വിവരവും സാങ്കേതിക തെളിവുകളും ലഭിക്കുന്നത്. ഇരുവരും ചേർന്നാണ് കേതനെ കോട്ടയിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയത് എന്ന് പോലീസ് സ്ഥിരീകരിച്ചു. നിലവിൽ കേതനെ തള്ളിയിട്ട കോട്ടയിലെ ആ ഭാഗത്തെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ ‘സിയ പോയിന്റ്’ എന്നാണ് വിളിക്കുന്നത്. എന്നാൽ ഒരു കൊലപാതകത്തിന്റെ പേരിൽ ചരിത്രപ്രസിദ്ധമായ കോട്ടയിലെ ഒരു സ്ഥലത്തിന് ഇങ്ങനെയൊരു പേര് നൽകുന്നതിനെതിരെ പലരും ശക്തമായ എതിർപ്പ് പ്രകടിപ്പിക്കുന്നുണ്ട്.




