Featured Oddly News

1.5 M ഫോളോവേഴ്‌സുള്ള നായക്കുട്ടിയെ ​കട്ടു, ഹോട്ടലിന് വിറ്റു, കൊന്ന് കറിവെച്ചു! സെലിബ്രിറ്റി നായ ‘ചുതു’വിന് ദാരുണാന്ത്യം!

1.5 മില്യണ്‍ ഫോളോവേഴ്‌സുള്ള ‘ചുതു’ (Chutou) എന്ന പ്രശസ്ത ബോർഡർ കോളി ഇനത്തിൽപ്പെട്ട വളർത്തുനായയ്ക്കു സംഭവിച്ച ദുരന്തമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ഉടമസ്ഥന്റെ ഫാമിൽ നിന്ന് നായക്കുട്ടിയെ മോഷ്ടിച്ച് നായയിറച്ചി വിൽക്കുന്ന റെസ്റ്റോറന്റിലേക്ക് കൊടുക്കുകയും, അവര്‍ അതിനെ കൊന്ന് കറിവയ്ക്കുകയും ചെയ്തു. ക്രൂരമായ ഈ സംഭവം ചൈനയിൽ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾക്കും വളർത്തുമൃഗങ്ങളുടെ സംരക്ഷണ നിയമങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്കും വഴിതുറന്നിരിക്കുകയാണ്

ഹെനാൻ പ്രവിശ്യയിലെ യാത്രാ വ്ലോഗറായ ഗുവോയുടെ വളർത്തുനായയായ ചുതു, ചൈനയിലെ മരുഭൂമികളിലും മലനിരകളിലും ഉടമസ്ഥനൊപ്പം നടത്തിയ യാത്രകളിലൂടെയാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്. നായയുടെ ശാന്തസ്വഭാവവും ബുദ്ധിശക്തിയും ചുരുങ്ങിയ കാലം കൊണ്ട് ലോകമെമ്പാടുമുള്ള നിരവധി ആരാധകരുടെ സ്നേഹം പിടിച്ചുപറ്റാൻ അതിനെ സഹായിച്ചു.

2018-ൽ ഒരു തെരുവ് കച്ചവടക്കാരനിൽ നിന്ന് 2,000 യുവാൻ നൽകിയാണ് ഗുവോ മൂന്ന് മാസം പ്രായമുള്ള ഈ നായക്കുട്ടിയെ വാങ്ങിയത്. പിന്നീട് ഉടമസ്ഥനൊപ്പമുള്ള യാത്രകളുടെ വീഡിയോകളിലൂടെ ഈ ബോർഡർ കോളി സോഷ്യൽ മീഡിയയിലെ പ്രധാന താരമായി മാറി. കേവലം ഭംഗി മാത്രമല്ല, ക്യാമ്പുകൾക്ക് കാവൽ നിൽക്കാനും ദീർഘദൂര യാത്രകളിൽ ഉടമയ്ക്ക് മികച്ച കൂട്ടാകാനുമുള്ള അതിന്റെ കഴിവ് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

എന്നാൽ ഗുവോ ജോർജിയയിലേക്ക് ഒരു യാത്ര പോയ സമയത്താണ് ഈ ദാരുണ സംഭവം നടക്കുന്നത്. ആ സമയത്ത് ഹെനാനിലുള്ള ഗുവോയുടെ മാതാപിതാക്കളുടെ സംരക്ഷണയിലായിരുന്നു ചുതു. മേയ് 11-ന് വീടിന്റെ പരിസരത്തുനിന്നും നായയെ കാണാതാവുകയും, പിന്നീട് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ രണ്ട് പേർ ചേർന്ന് നായയെ ഇലക്ട്രിക് സ്കൂട്ടറിൽ കടത്തിക്കൊണ്ടുപോയതായി കണ്ടെത്തുകയുമായിരുന്നു. വിവരമറിഞ്ഞ ഉടൻ തന്നെ ഗുവോ തന്റെ വിദേശയാത്ര പാതിവഴിയിൽ ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിച്ചെത്തി.

ആഴ്ചകൾ നീണ്ട തെരച്ചിലിനൊടുവിൽ നായയെ മോഷ്ടിച്ചയാളെ ഗുവോ കണ്ടെത്തി. തന്റെ പ്രിയപ്പെട്ട നായയെ തിരികെ ലഭിക്കുന്നതിനായി 10,000 യുവാൻ വരെ പ്രതിഫലമായി നൽകാമെന്ന് ഗുവോ സമ്മതിച്ചതുമാണ്. എന്നാൽ താനതിനെ ഒരു തെരുവ് നായയാണെന്ന് കരുതിയാണ് കൂടെക്കൂട്ടിയതെന്നായിരുന്നു പ്രതിയുടെ വാദം. എന്നാൽ നായയുടെ കഴുത്തിൽ കോളറും ട്രാക്കിംഗ് ഉപകരണവും ഉണ്ടായിരുന്നുവെന്നും അത് തങ്ങളുടെ സ്വന്തം ഫാമിലാണ് നിന്നിരുന്നതെന്നും ഗുവോ വ്യക്തമാക്കി. എന്നാല്‍ വെറും 180 യുവാന് ഒരു റെസ്റ്റോറന്റിലേക്ക് വിറ്റ നായയെ അവർ അപ്പോഴേക്കും കൊന്ന് കറിവെച്ചിരുന്നു എന്ന ദാരുണമായ വാർത്തയാണ് പിന്നീട് ഗുവോ അറിഞ്ഞത്.

“നായ ചത്തു കഴിഞ്ഞു, ഇനി ഇതിന്റെ പേരിൽ പ്രശ്നങ്ങൾ ഉണ്ടാക്കേണ്ടതില്ല, ഞാൻ ഒരു നിയമവും ലംഘിച്ചിട്ടില്ല” എന്നായിരുന്നു പ്രതിയുടെ മറുപടി. ഒടുവിൽ നായയുടെ അവശിഷ്ടങ്ങളോ രോമമോ എങ്കിലും തിരികെ കിട്ടാൻ കശാപ്പുകാരനെ സമീപിച്ചപ്പോൾ, അതെല്ലാം പണ്ടേ കുപ്പത്തൊട്ടിയിൽ എറിഞ്ഞു എന്ന മറുപടിയാണ് ഗുവോയ്ക്ക് ലഭിച്ചത്.

തന്റെ വളർത്തുനായയ്ക്ക് നീതി തേടി ഗുവോ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ചൈനീസ് നിയമപ്രകാരം മോഷ്ടിക്കപ്പെട്ട വസ്തുവിന്റെ മൂല്യം 2,000 യുവാന് മുകളിലാണെങ്കിൽ പ്രതിക്ക് ജയിൽ ശിക്ഷ വരെ ലഭിക്കാം. എന്നാൽ സോഷ്യൽ മീഡിയ താരമെന്ന നിലയിൽ നായയുടെ യഥാർത്ഥ വാണിജ്യ മൂല്യം നിയമപരമായി തെളിയിക്കുക എന്നത് ഏറെ ബുദ്ധിമുട്ടാണ്. കൂടാതെ, ഒരു വളർത്തു മൃഗത്തിന്റെ നഷ്ടം മൂലമുണ്ടാകുന്ന മാനസിക വിഷമം നിലവിലെ നിയമവ്യവസ്ഥയിൽ കണക്കാക്കുക അസാധ്യമാണ്. ചൈനയിൽ നിലവിൽ വളർത്തുമൃഗങ്ങൾക്കായി പ്രത്യേക സംരക്ഷണ നിയമങ്ങളൊന്നുമില്ലാത്തതിനാൽ, ഇത്തരം കേസുകൾ വെറും വ്യക്തിഗത സ്വത്തുതർക്കമായി മാത്രമാണ് കാണുന്നത്.

ചുതുവിന്റെ മരണം ചൈനയിലെ മൃഗസ്നേഹികൾക്കിടയിൽ വലിയ അമർഷത്തിന് കാരണമായിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെ നിരവധി ആളുകളാണ് നായയ്ക്ക് നീതി വേണമെന്ന ആവശ്യവുമായി രംഗത്തെത്തുന്നത്. ഈ സംഭവം ചൈനയിലെ നായയിറച്ചി വ്യാപാരത്തെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാക്കിയിട്ടുണ്ട്. രാജ്യവ്യാപകമായി ഇതിന് നിരോധനമില്ലെങ്കിലും, 2020-ൽ നായ്ക്കളെ കന്നുകാലികളുടെ പട്ടികയിൽ നിന്ന് ചൈന ഒഴിവാക്കിയിരുന്നു. ഷെൻഷെൻ, സുഹായ് തുടങ്ങിയ ചില നഗരങ്ങളിൽ നായയിറച്ചി നിരോധിച്ചിട്ടുണ്ടെങ്കിലും, ചില പ്രദേശങ്ങളിൽ ഇപ്പോഴും പരമ്പരാഗതമായി ഇത് തുടരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *