Featured Spotlight

ഭീകരവാദം നിർത്താതെ സിന്ധു നദീജല കരാറില്ല; പാക്‌ ഭീഷണിക്കു മുന്നില്‍ വഴങ്ങില്ല, നിര്‍ത്തിവയ്‌ക്കലില്‍ ഉറച്ച്‌ ഇന്ത്യ

ന്യൂഡല്‍ഹി: സിന്ധു നദീജല കരാറുമായി (ഐ.ഡബ്ല്യു.ടി) ബന്ധപ്പെട്ട് പാകിസ്താന്‍ നടത്തുന്ന പ്രകോപനപരമായ പ്രചാരണങ്ങള്‍ ഇന്ത്യയുടെ നിലപാടില്‍ മാറ്റമുണ്ടാക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം . അതിര്‍ത്തി കടന്നുള്ള ഭീകരവാദം പാകിസ്താന്‍ പൂര്‍ണ്ണമായി അവസാനിപ്പിക്കുന്നത് വരെ കരാര്‍ താത്കാലികമായി റദ്ദാക്കാനുള്ള തീരുമാനത്തില്‍ ഇന്ത്യ ഉറച്ചുനില്‍ക്കും.

കഴിഞ്ഞ 2025-ലെ പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്നാണ് സിന്ധു നദീജല കരാര്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്ത്യ തീരുമാനിച്ചത്. എന്നാല്‍, ഈ വിഷയത്തെ ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ തെറ്റായ രീതിയില്‍ അവതരിപ്പിക്കാനാണ് പാകിസ്താന്‍ ശ്രമിക്കുന്നത്. നദീജല കരാറുകള്‍ പങ്കിടുന്ന മറ്റ് രാജ്യങ്ങള്‍ക്ക് ഇന്ത്യയുടെ ഈ നീക്കം തെറ്റായ സന്ദേശം നല്‍കുമെന്നാണ് പാകിസ്താന്റെ വാദം. എന്നാല്‍ ഭീകരവാദത്തോടുള്ള സമീപനം പാകിസ്താന്‍ മാറ്റാതെ ഈ നിലപാടില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പത്രസമ്മേളനത്തില്‍ കൃത്യമായി പറഞ്ഞു. പാകിസ്താന്‍ അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ പിന്തുണയ്ക്കുന്നത് കൊണ്ടാണ് കരാര്‍ നിര്‍ത്തിയത്. വിശ്വസനീയമായ രീതിയില്‍ ഭീകരവാദം അവസാനിപ്പിക്കാന്‍ പാകിസ്താന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഭീകരവാദികള്‍ക്ക് ഇപ്പോഴും സുരക്ഷിത താവളമൊരുക്കുന്ന പാകിസ്താന്‍, സ്വന്തം തെറ്റുകള്‍ കാരണം ഉണ്ടായ ഈ പ്രതിസന്ധി അംഗീകരിക്കാന്‍ തയ്യാറാകുന്നില്ലെന്നാണ് നയതന്ത്ര വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. കരാര്‍ നിര്‍ത്തിവെച്ചിരിക്കുന്നതിനാല്‍ അതിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ തങ്ങള്‍ക്ക് യാതൊരു ബാധ്യതയുമില്ലെന്ന് കഴിഞ്ഞ വര്‍ഷം തന്നെ ഇന്ത്യ വ്യക്തമാക്കിയിട്ടുള്ളതാണ്. ഈ തര്‍ക്കത്തില്‍ ഇടപെടാന്‍ അന്താരാഷ്ട്ര ആര്‍ബിട്രേഷന്‍ കോടതിക്ക് യാതൊരു അധികാരവുമില്ലെന്നും രാജ്യം അറിയിച്ചിരുന്നു.

പാക് ഉപപ്രധാനമന്ത്രി ഇഷാഖ് ദാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഈ വിഷയം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാക്കാന്‍ ശ്രമിച്ചെങ്കിലും ലോകരാജ്യങ്ങളില്‍ നിന്ന് അവര്‍ക്ക് വലിയ പിന്തുണയൊന്നും ലഭിച്ചില്ല. ഈ പ്രശ്നം പരിഹരിക്കാന്‍ ആണവായുധം ഉപയോഗിക്കുന്നതിനെക്കുറിച്ച് മുന്‍ പാക് മന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരി നടത്തിയ പ്രസ്താവനയ്ക്കെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. ഇത് അങ്ങേയറ്റത്തെ ഉത്തരവാദിത്തമില്ലായ്മയാണെന്നാണ് അന്താരാഷ്ട്ര വിദഗ്ദ്ധര്‍ വിലയിരുത്തിയത്.

അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ ജപ്പാന്‍ ഉള്‍പ്പെടെയുള്ള പ്രധാന രാജ്യങ്ങള്‍ ഇന്ത്യയ്ക്കൊപ്പം നില്‍ക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാന്‍ പ്രധാനമന്ത്രി സനായെ താകൈച്ചിയും നടത്തിയ ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷമുള്ള സംയുക്ത പ്രസ്താവനയില്‍ പാകിസ്താന്റെ ഭീകരവാദ പ്രവര്‍ത്തനങ്ങളെ ശക്തമായി അപലപിച്ചിരുന്നു. ഇതിനുപുറമെ, അഫ്ഗാനിസ്ഥാനില്‍ പാകിസ്താന്‍ നടത്തിയ വ്യോമാക്രമണത്തെയും ഇന്ത്യ കുറ്റപ്പെടുത്തി. സ്ത്രീകളും കുട്ടികളും അടക്കമുള്ള സാധാരണക്കാര്‍ കൊല്ലപ്പെട്ട ഈ ആക്രമണത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ഇന്ത്യ, അഫ്ഗാനിസ്ഥാന്റെ പരമാധികാരത്തെയും പ്രാദേശിക സുരക്ഷയെയും പിന്തുണയ്ക്കുമെന്നും വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *