Featured Good News

അടുത്ത ബില്‍ഗേറ്റ്സ് ? പ്രായം വെറും 14, എ ഐ സ്റ്റാർട്ടപ്പ് ഫൗണ്ടർ, ഓഫീസ് ബുർജ് ഖലീഫയിൽ !

കളിച്ചു നടക്കേണ്ട പ്രായത്തിൽ സ്വന്തമായി ഒരു ഓഫീസ് തുടങ്ങിയാലോ? അതും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയിൽ ! അതിശയിക്കേണ്ടതില്ല, പുതിയ കാലത്ത് ഇതും സാധ്യമാണെന്ന് തെളിയിക്കുകയാണ് വെറും 14 വയസ്സുള്ളപ്പോഴാണ് ജയിനം ജയിൻ എന്ന മിടുക്കൻ. കൂടെപ്പഠിക്കുന്ന കുട്ടികൾ സ്കൂൾ സമയത്തിന് ശേഷം കളിക്കാനും ട്യൂഷന് പോകാനും പ്ലാൻ ചെയ്യുമ്പോൾ, ദുബായിലെ ഏറ്റവും പ്രായം കുറഞ്ഞ എഐ കമ്പനി സ്ഥാപകനായി മാറി ചരിത്രം കുറിക്കുകയാണ് ഈ കൗമാരക്കാരൻ.

ബിസിനസുകൾക്ക് ആവശ്യമായ മാർക്കറ്റിംഗ് ഓട്ടോമേഷൻ, സെയിൽസ്, കസ്റ്റമർ കെയർ, കണ്ടന്റ് ക്രിയേഷൻ എന്നിവ എളുപ്പമാക്കുന്ന ‘മെംഗോ എഞ്ചിൻ’ എന്ന എഐ പ്ലാറ്റ്‌ഫോമിന്റെ സ്ഥാപകനാണ് ജയിനം. ഈ പതിനാലുകാരന്റെ അദ്ഭുതപ്പെടുത്തുന്ന വിജയഗാഥ അടുത്തിടെയാണ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) എന്ന വാക്ക് ലോകമെങ്ങും ഇത്രയധികം തരംഗമാകുന്നതിന് മുൻപ് തന്നെ താൻ ഈ മേഖലയിൽ പ്രവർത്തനം തുടങ്ങിയിരുന്നതായി ജയിനം പറയുന്നു.

വെറും ആറു വയസ്സുള്ളപ്പോഴാണ് ബിസിനസ് ലോകത്തെക്കുറിച്ചുള്ള ആദ്യ അറിവുകൾ തനിക്ക് ലഭിച്ചതെന്ന് ഒരു അഭിമുഖത്തിൽ ജയിനം വെളിപ്പെടുത്തിയിട്ടുണ്ട്. അന്ന് അച്ഛൻ തന്നെ ഒരു ബിസിനസ് മീറ്റിംഗിന് കൊണ്ടുപോയതാണ് ഈ മേഖലയോടുള്ള വലിയ താല്പര്യത്തിന് കാരണമായത്. ഈ അനുഭവം പിന്നീട് ബിസിനസ്സ് കാര്യങ്ങൾ കൂടുതൽ ചോദിച്ചറിയാനും പഠിക്കാനുമുള്ള വലിയൊരു തുടക്കമായി മാറുകയായിരുന്നു.

വെറും ക്ലാസ് മുറിയിലെ പഠനത്തിൽ മാത്രം ഒതുങ്ങാൻ ജയിനം ആഗ്രഹിച്ചില്ല. പകരം, ഒരുപാട് ആളുകളെ നേരിൽ കണ്ടും വിവിധ പരിപാടികളിൽ പങ്കെടുത്തും വെല്ലുവിളികൾ ഏറ്റെടുത്തുമാണ് ബിസിനസിന്റെ ലോകം ഈ കൊച്ചു മിടുക്കൻ പഠിച്ചെടുത്തത്. ഇതിനിടയിലും പഠനത്തിൽ മികവ് പുലർത്തിയ ജയിനം, തന്റെ പതിമൂന്നാം വയസ്സിൽ വെറും 105 ദിവസങ്ങൾ കൊണ്ടാണ് ഐജിസിഎസ്ഇ പത്താം ക്ലാസ് പരീക്ഷ പാസായത്.

ബിസിനസ് സ്ഥാപനങ്ങൾക്ക് ഒരു എഐ സഹസഹായിയായി പ്രവർത്തിക്കുക എന്നതാണ് മെംഗോ എഞ്ചിൻ ലക്ഷ്യമിടുന്നത്. മാർക്കറ്റിംഗ്, ഉപഭോക്തൃ ആശയവിനിമയം, വാർത്താക്കുറിപ്പുകൾ തയ്യാറാക്കൽ തുടങ്ങിയ ജോലികൾ ലളിതമാക്കാൻ ഇത് കമ്പനികളെ സഹായിക്കുന്നു. നിലവിൽ ഈ പ്ലാറ്റ്‌ഫോമിന്റെ പ്രാഥമിക (ബീറ്റ) പതിപ്പാണ് ലഭ്യമായിട്ടുള്ളത്.

ഈ ചെറിയ പ്രായത്തിനുള്ളിൽ തന്നെ ഒരു TEDx ടോക് നടത്താനും രണ്ട് പേറ്റന്റുകൾ സ്വന്തമാക്കാനും ഒരു പുസ്തകം എഴുതാനും ജയിനത്തിന് സാധിച്ചിട്ടുണ്ട്. കൂടാതെ യൂട്യൂബിൽ ഒന്നര ലക്ഷത്തിനടുത്ത് (145,000) സബ്‌സ്‌ക്രൈബേഴ്‌സുള്ള ഒരു കമ്മ്യൂണിറ്റിയും ഈ മിടുക്കനുണ്ട്. ചെയ്യുന്ന കാര്യങ്ങളിലെ കൃത്യതയും തുടർച്ചയുമാണ് തന്റെ വിജയത്തിന് പിന്നിലെ രഹസ്യമെന്നാണ് ജയിനം വിശ്വസിക്കുന്നത്.

പത്താം വയസ്സിൽ ജയിനം ആരംഭിച്ച ’50 ദിവസത്തെ ചലഞ്ച്’ ഏറെ ശ്രദ്ധേയമായിരുന്നു. ഇതിന്റെ ഭാഗമായി 50 പുസ്തകങ്ങൾ വായിക്കുകയും 50 ബിസിനസ്സ് പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തു. മികച്ച സംരംഭകരെ നേരിൽ കണ്ട് കാര്യങ്ങൾ പഠിക്കുന്നതിനായി ഇന്ത്യയിലുടനീളം ആറായിരത്തിലധികം കിലോമീറ്ററാണ് ഈ കൊച്ചുബാലൻ യാത്ര ചെയ്തത്. ബുർജ് ഖലീഫയിലെ ഓഫീസ് മാത്രമല്ല, വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ജയിനത്തിന്റെ വേറിട്ട ചിന്താഗതിയും ഇന്നത്തെ തലമുറയ്ക്ക് വലിയൊരു മാതൃകയാണ്.

Leave a Reply

Your email address will not be published. Required fields are marked *