Crime

ക്യാമറയിൽ കുടുങ്ങിയപ്പോൾ വസ്ത്രമഴിച്ച് ‘ലേഡി മോഷ്ടാവി’ന്റെ ഭീഷണി; ക്ലൈമാക്സിൽ ട്വിസ്റ്റ്!

വീട്ടിൽ സ്ഥിരമായി മോഷണം നടന്നതോടെ ‘കള്ളനെ’ പിടിക്കാനായി വീട്ടുടമസ്ഥൻ സിസിടിവി ക്യാമറ സ്ഥാപിച്ചു. എന്നാൽ ക്യാമറയിൽ കുടുങ്ങിയപ്പോൾ, വസ്ത്രങ്ങളെല്ലാം അഴിച്ച് പൊലീസിൽ കള്ളപ്പരാതി നൽകുമെന്നായി മോഷ്ടാവായെത്തിയ യുവതി. രാജസ്ഥാനിലെ ജയ്പൂരിലാണ് ഏറെ വിചിത്രമായ ഈ സംഭവം അരങ്ങേറിയത്. മുഹാന എന്ന സ്ഥലത്തെ ഒരു വീട്ടിൽ കുറച്ചു ദിവസങ്ങൾക്ക് മുൻപ് സ്വർണാഭരണങ്ങളും പണവും മോഷണം പോയിരുന്നു. ഇതേത്തുടർന്നാണ് ജാഗ്രതയുടെ ഭാഗമായി വീട്ടുടമസ്ഥൻ വീടിനകത്ത് സിസിടിവി ക്യാമറകൾ ഘടിപ്പിച്ചത്.

കഴിഞ്ഞ ദിവസം ഈ കുടുംബം ഒരു വിനോദയാത്രയ്ക്കായി പുറത്തുപോയിരുന്നു. യാത്രയ്ക്കിടയിൽ വീട്ടുടമസ്ഥൻ തന്റെ മൊബൈൽ ഫോണിലൂടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഒരു യുവതി കിടപ്പുമുറിക്കുള്ളിൽ അതിക്രമിച്ചു കയറിയതായി ശ്രദ്ധയിൽപ്പെട്ടത്. യുവതി മുറിക്കുള്ളിലെ അലമാര കുത്തിത്തുറന്ന് ആഭരണപ്പെട്ടി പരിശോധിക്കുകയും വിലപിടിപ്പുള്ള സ്വർണം കവരുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. വീട്ടുടമസ്ഥൻ ഒട്ടും സമയം കളയാതെ ഉടൻ തന്നെ അയൽവാസിയെ ഫോണിൽ വിളിച്ച് വീടിന്റെ പ്രധാന ഗേറ്റ് പുറത്തുനിന്ന് പൂട്ടാൻ ആവശ്യപ്പെടുകയും വേഗത്തിൽ വീട്ടിലേക്ക് തിരിച്ചെത്തുകയും ചെയ്തു.

വീട്ടിനുള്ളിൽ പെട്ടുപോയ യുവതി ഒടുവിൽ വീട്ടുകാരും നാട്ടുകാരും ചേർന്ന് പിടികൂടിയതോടെ ഭീഷണിയുമായി രംഗത്തെത്തുകയായിരുന്നു. തന്നെ വിട്ടില്ലെങ്കിൽ വസ്ത്രങ്ങളെല്ലാം അഴിച്ച് മാറ്റി വീട്ടുകാർക്കെതിരെ പൊലീസിൽ പീഡന പരാതി നൽകുമെന്നായിരുന്നു യുവതിയുടെ ഭീഷണി. എന്നാൽ, വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം വീട്ടുടമസ്ഥന്റെ പരാതി കൃത്യമായി കേൾക്കുകയും യുവതിക്കെതിരെ കേസെടുത്ത് കസ്റ്റഡിയിൽ വാങ്ങുകയും ചെയ്തു. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങളും യുവതി ഭീഷണിപ്പെടുത്തുന്ന രീതിയിൽ വീട്ടുകാർ മൊബൈലിൽ പകർത്തിയ വീഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *