Crime

വനിതാ ഡോക്‌ടറെ പീഡിപ്പിച്ചു; എതിര്‍ത്തപ്പോള്‍ വധഭീഷണി; യുവമോര്‍ച്ച നേതാവിനെതിരേ കേസ്‌

ഭോപ്പാല്‍: ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വനിതാ ഡോക്ടറെ അപമാനിക്കുകയും എതിര്‍ത്തപ്പോള്‍ വെടിവെച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത് ബി.ജെ.പി യുവമോര്‍ച്ച സംസ്ഥാന എക്സിക്യൂട്ടീവ് അംഗം. മധ്യപ്രദേശില്‍ നടന്ന ഈ ക്രൂരത ഡോക്ടര്‍മാര്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമാവുകയും ആരോഗ്യ സേവനങ്ങളെ ബാധിക്കുകയും ചെയ്തു. പ്രതിയെ 24 മണിക്കൂറിനുള്ളില്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപകമായി പണിമുടക്കുമെന്ന് ജൂനിയര്‍ ഡോക്ടര്‍മാരുടെ അസോസിയേഷന്‍ (ജെ.യു.ഡി.എ) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ബി.ജെ.പി സംസ്ഥാന യുവമോര്‍ച്ച എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ അനില്‍ ശ്രീവാസ്തവയ്ക്കും കൂടെയുണ്ടായിരുന്ന ആള്‍ക്കുമെതിരെ ഭാരതീയ ന്യായ സംഹിതയുടെ (ബി.എന്‍.എസ്‌) വിവിധ വകുപ്പുകള്‍ പ്രകാരം സാഗര്‍ പോലീസ് കേസെടുത്തു. നിലവില്‍ ഒളിവില്‍ പോയ രണ്ട് പ്രതികള്‍ക്കുമായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.

ബുന്ദേല്‍ഖണ്ഡ് മെഡിക്കല്‍ കോളേജില്‍ (ബി.എം.സി) വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം നടക്കുന്നത്. ഒരു രോഗി ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് തന്നെ അവരുടെ ചികിത്സയുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ക്ക് തുടര്‍ച്ചയായി ഫോണ്‍ കോളുകള്‍ വന്നിരുന്നു. തുടര്‍ന്ന് ചികിത്സ നടക്കുന്നതിനിടെ രോഗിയോടൊപ്പമുണ്ടായിരുന്ന രണ്ട് പുരുഷന്മാര്‍ മെഡിക്കല്‍ സ്റ്റാഫിനോട് മോശമായി പെരുമാറാന്‍ തുടങ്ങി. ഇത് വനിതാ ഡോക്ടര്‍ ചോദ്യം ചെയ്തതോടെ പ്രതിയായ അനില്‍ ശ്രീവാസ്തവ ഡോക്ടറുടെ സ്വകാര്യ ഭാഗങ്ങളില്‍ തൊടാന്‍ ശ്രമിക്കുകയായിരുന്നു. കൂടാതെ ആശുപത്രിക്ക് പുറത്തിറങ്ങിയാല്‍ വെടിവെക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ഡോക്ടര്‍ പരാതിപ്പെട്ടു. അവിടെയുണ്ടായിരുന്ന നഴ്സുമാരോടും ഇവര്‍ മോശമായി പെരുമാറിയതായി ആക്ഷേപമുണ്ട്.

യുവമോര്‍ച്ച നേതാവിനും കൂട്ടാളിക്കുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അഡീഷണല്‍ പോലീസ് സൂപ്രണ്ട് നരേന്ദ്ര സോളങ്കി സ്ഥിരീകരിച്ചു. പ്രതികളെ എത്രയും വേഗം തന്നെ പിടികൂടുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, സംഭവത്തിന് പിന്നാലെ മെഡിക്കല്‍ കോളജിനുള്ളില്‍ ഡോക്ടര്‍മാരും നഴ്സിങ് സ്റ്റാഫും ജോലി നിര്‍ത്തിവെച്ച് വന്‍ പ്രതിഷേധം ആരംഭിച്ചു. അവര്‍ ആശുപത്രിയുടെ പ്രധാന കവാടം ഉപരോധിച്ചതോടെ രോഗികളും അവരുടെ കൂട്ടിരിപ്പുകാരും മണിക്കൂറുകളോളം ബുദ്ധിമുട്ടിലായി. അക്രമം നടന്നയുടന്‍ പോലീസിനെയും അധികൃതരെയും വിവരമറിയിച്ചെങ്കിലും പോലീസ് എത്തുന്നതിന് മുമ്പ് തന്നെ പ്രതി രക്ഷപ്പെട്ടിരുന്നു. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാര്‍ രോഗിയെയും പ്രതികളെയും ക്യാമ്പസിന് പുറത്തേക്ക് പോകാന്‍ സഹായിച്ചതായും ആക്ഷേപമുണ്ട്.

തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് കൃത്യമായ നടപടിയെടുക്കാതെ മടങ്ങിയെന്ന് ആശുപത്രി ജീവനക്കാര്‍ കുറ്റപ്പെടുത്തി. പിന്നീട് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ഭരണവിഭാഗവും നല്‍കിയ ഉറപ്പിന്മേലാണ് ഡോക്ടര്‍മാര്‍ തങ്ങളുടെ പ്രതിഷേധം താത്കാലികമായി അവസാനിപ്പിച്ചത്. എന്നാല്‍ നിശ്ചിത സമയത്തിനുള്ളില്‍ പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ കടുത്ത സമരത്തിലേക്ക് നീങ്ങാനാണ് ഡോക്ടര്‍മാരുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *