അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെ നാല് വിക്കറ്റിന് തകർത്ത് ഗുജറാത്ത് ടൈറ്റൻസ് വിജയം സ്വന്തമാക്കി. ഈ സീസണിൽ രണ്ട് ജയത്തിന് ശേഷം ഒരു തോൽവി എന്ന പതിവ് ആർസിബി ഇത്തവണയും ആവർത്തിച്ചു. ആർസിബി മുന്നോട്ടുവെച്ച 156 റൺസ് എന്ന ചെറിയ ലക്ഷ്യം 15.5 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ഗുജറാത്ത് മറികടന്നു.
ബാറ്റിങ്ങിൽ തിളങ്ങിയ ശുഭ്മൻ ഗിൽ, ജോസ് ബട്‍ലർ, രാഹുൽ തെവാത്തിയ എന്നിവരുടെ പ്രകടനമാണ് ഗുജറാത്തിന് ജയം എളുപ്പമാക്കിയത്. രണ്ട് വിക്കറ്റും രണ്ട് നിർണായക ക്യാച്ചുകളുമായി കളം നിറഞ്ഞ ജയ്‌സൻ ഹോൾഡറാണ് കളിയിലെ താരം. ഈ തോൽവിയോടെ പോയിന്റ് പട്ടികയിൽ ഒന്നാമതെത്താനുള്ള അവസരം ആർസിബിക്ക് നഷ്ടമായെങ്കിലും അവർ രണ്ടാം സ്ഥാനത്ത് തുടരുന്നു. ഗുജറാത്ത് അഞ്ചാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു.
ഗുജറാത്തിന്റെ മറുപടി ബാറ്റിങ്ങിൽ ഓപ്പണർ സായ് സുദർശൻ പെട്ടെന്ന് പുറത്തായെങ്കിലും ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ വെടിക്കെട്ട് ബാറ്റിങ് പവർപ്ലേയിൽ സ്കോർ ഉയർത്തി. ഹെയ്‌സൽവുഡ് എറിഞ്ഞ രണ്ടാം ഓവറിൽ 24 റൺസാണ് ഗിൽ അടിച്ചെടുത്തത്. 18 പന്തിൽ 43 റൺസെടുത്ത ഗില്ലിനെ പവർപ്ലേ അവസാനിക്കുന്നതിന് മുൻപ് ഭുവനേശ്വർ കുമാർ പുറത്താക്കി.
തുടർന്ന് ബട്‍ലറും വാഷിങ്ടൻ സുന്ദറും ചേർന്ന് സ്കോർ മുന്നോട്ട് കൊണ്ടുപോയെങ്കിലും ഭുവനേശ്വർ വീണ്ടും പ്രഹരമേൽപ്പിച്ചു. പത്താം ഓവറിന് ശേഷം റൊമാരിയോ ഷെപ്പേർഡ് രണ്ട് വിക്കറ്റുകൾ വീഴ്ത്തി ഗുജറാത്തിനെ സമ്മർദ്ദത്തിലാക്കി. എങ്കിലും രാഹുൽ തെവാത്തിയയും റാഷിദ് ഖാനും ചേർന്ന് ടീമിനെ വിജയത്തിലെത്തിച്ചു. ആർസിബിക്ക് വേണ്ടി ഭുവനേശ്വർ കുമാർ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി മിന്നും പ്രകടനം നടത്തി. നിലവിൽ 17 വിക്കറ്റുകളുമായി പർപ്പിൾ ക്യാപ് പോരാട്ടത്തിൽ ഭുവനേശ്വറാണ് മുന്നിൽ.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരു 19.2 ഓവറിൽ 155 റൺസിന് എല്ലാവരും പുറത്തായി. ഈ സീസണിൽ ആദ്യമായാണ് ആർസിബി മുഴുവൻ വിക്കറ്റുകളും നഷ്ടപ്പെടുത്തുന്നത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ അർഷദ് ഖാനും രണ്ട് വിക്കറ്റ് വീതം നേടിയ റാഷിദ് ഖാൻ, ജയ്സൻ ഹോൾഡർ എന്നിവരും ആർസിബി ബാറ്റിങ് നിരയെ തകർത്തു. ഒരു ഘട്ടത്തിൽ വലിയ സ്കോറിലേക്ക് നീങ്ങുമെന്ന് തോന്നിച്ച ബെംഗളൂരു പെട്ടെന്ന് തകരുകയായിരുന്നു. 40 റൺസെടുത്ത ദേവ്ദത്ത് പടിക്കലാണ് ആർസിബിയുടെ ടോപ് സ്കോറർ. വിരാട് കോലി 28 റൺസും ക്യാപ്റ്റൻ രജത് പാട്ടീദാർ 19 റൺസുമെടുത്ത് പുറത്തായി. മുഹമ്മദ് സിറാജും റബാദയും ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി ഗുജറാത്തിന്റെ ബോളിങ് നിരയിൽ തിളങ്ങി.




