Featured Sports

വേണ്ടത് വമ്പൻ വിജയം, തോറ്റു തുന്നംപാടി ചെന്നൈ, സഞ്ജു ഗോള്‍ഡൻ ഡക്ക്; പ്ലേ ഓഫ് കാണാതെ പുറത്ത്

അഹമ്മദാബാദ്∙ ഐപിഎൽ 2026 സീസണിൽ ചെന്നൈ സൂപ്പർ കിങ്സ് പ്ലേ ഓഫ് കാണാതെ പുറത്തായി. നിർണായകമായ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനോട് വൻ തോൽവി വഴങ്ങിയതോടെയാണ് ചെന്നൈയുടെ പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിച്ചത്. സീസണിലെ തങ്ങളുടെ അവസാന മത്സരത്തിൽ 89 റൺസിന്റെ കൂറ്റൻ വിജയമാണ് ചെന്നൈയ്ക്കെതിരെ ഗുജറാത്ത് നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 229 റൺസ് അടിച്ചുകൂട്ടിയപ്പോൾ, മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 13.4 ഓവറിൽ 140 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു.

ഈ സീസണിലെ എട്ടാം തോൽവിയോടെ ചെന്നൈ 12 പോയിന്റുമായി ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അതേസമയം ഒൻപതാം ജയം സ്വന്തമാക്കിയ ഗുജറാത്ത് 18 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി. ഗുജറാത്ത് നേരത്തെ തന്നെ പ്ലേ ഓഫ് യോഗ്യത നേടിയിരുന്നു. ചെന്നൈ നിരയിൽ 17 പന്തിൽ നിന്ന് 47 റൺസ് നേടിയ മധ്യനിര ബാറ്റർ ശിവം ദുബെ മാത്രമാണ് തിളങ്ങിയത്. മാത്യു ഷോർട്ട് (14 പന്തിൽ 24), അൻഷൂൽ കാംബോജ് (8 പന്തിൽ 19), കാർത്തിക്ക് ശർമ (15 പന്തിൽ 19) എന്നിവർ മാത്രമാണ് പൊരുതാനെങ്കിലും ശ്രമിച്ചത്.

വലിയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ചെന്നൈയുടെ ആദ്യ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. സഞ്ജു സാംസണെ പൂജ്യത്തിന് പുറത്താക്കി മുഹമ്മദ് സിറാജാണ് ഗുജറാത്തിന് മികച്ച തുടക്കം നൽകിയത്. പവർപ്ലേ അവസാനിക്കുന്നതിന് മുൻപ് തന്നെ ചെന്നൈയുടെ നാല് മുൻനിര വിക്കറ്റുകൾ വീണിരുന്നു. ശിവം ദുബെയുടെ ഒറ്റയാൾ പോരാട്ടമാണ് ചെന്നൈ സ്കോർ 100 കടത്തിയത്. ദുബെ കൂടി പുറത്തായതോടെ ചെന്നൈയുടെ ബാറ്റിങ് തകർച്ച പൂർത്തിയായി. ഗുജറാത്തിനായി മുഹമ്മദ് സിറാജ്, കഗിസോ റബാദ, റാഷിദ് ഖാൻ എന്നിവർ മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി തിളങ്ങി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത് നിശ്ചിത 20 ഓവറിലാണ് നാല് വിക്കറ്റ് നഷ്ടത്തിൽ 229 റൺസ് എടുത്തത്. ഗുജറാത്ത് നിരയിൽ സായ് സുദർശൻ (53 പന്തിൽ 84), നായകൻ ശുഭ്മൻ ഗിൽ (37 പന്തിൽ 64), ജോസ് ബട്‌ലർ (27 പന്തിൽ 57) എന്നിവർ അർധസെഞ്ചുറികൾ നേടി. പതിവുപോലെ ഓപ്പണർമാരായ ഗില്ലും സായ് സുദർശനും ചേർന്ന് ഗുജറാത്തിന് മികച്ച തുടക്കമാണ് നൽകിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും 125 റൺസ് കൂട്ടിച്ചേർത്തു. പവർപ്ലേയിൽ 62 റൺസെടുത്ത ഗുജറാത്ത് 9.1 ഓവറിലാണ് 100 കടന്നത്. ഗുജറാത്തിന്റെ സ്വന്തം തട്ടകത്തിൽ ചെന്നൈ ബോളർമാർക്ക് കാര്യമായ സ്വാധീനമുണ്ടാക്കാൻ സാധിച്ചില്ല.

അർധസെഞ്ചറി നേടിയ ഗില്ലിനെ സ്പെൻസർ ജോൺസണിന്റെ പന്തിൽ ശിവം ദുബെ പിടികൂടുകയായിരുന്നു. എന്നാൽ പിന്നീട് വന്ന ജോസ് ബട്‌ലറും തകർത്തടിച്ചതോടെ ഗുജറാത്ത് സ്കോർ എളുപ്പത്തിൽ 200 കടന്നു. സ്കോർ 207ൽ നിൽക്കെ സായ് സുദർശനെ അൻഷൂൽ കാംബോജ്, മാത്യു ഷോർട്ടിന്റെ കൈകളിൽ എത്തിച്ചു. തൊട്ടടുത്ത പന്തിൽ രാഹുൽ തെവാത്തിയയെ ചെന്നൈ നായകൻ ഋതുരാജ് ഗെയ്ക്‌വാദ് റണ്ണൗട്ടാക്കി. ഇന്നിങ്സിലെ അവസാന പന്തിൽ ഏഴ് റൺസെടുത്ത വാഷിങ്ടൻ സുന്ദറിനെ മുകേഷ് ചൗധരിയും പുറത്താക്കി.