Featured Spotlight

‘സ്റ്റീൽ ബെ‍ഞ്ചിൽ‌ ട്രെയിൻ കാത്ത് ഇരിക്കുന്ന പിണറായി’; പ്രത്യേക കസേരയില്ല, പൊലീസ് സംഘമില്ല; ട്രോളും കമന്റും നിറയുന്നു

കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ സ്റ്റീൽ ബെഞ്ചിൽ മുന്‍ മുഖ്യന്ത്രേി പിണറായി വിജയൻ ഇരിക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നത്. സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷും വലിയൊരു ബാഗുമായി ഒരു യുവാവും അദ്ദേഹത്തിന് സമീപത്തിരിപ്പുണ്ട്. കുറച്ചുമാറി ഏതാനും പൊലീസുകാരെയും കാണാം. പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ട്രെയിൻ മാർഗം തിരുവനന്തപുരത്തേക്ക് പോകാനായി റെയിൽവേ സ്റ്റേഷനിൽ കാത്തിരിക്കുന്ന മുൻ മുഖ്യമന്ത്രിയുടെ ഈ ചിത്രത്തിന് താഴെ പലവിധത്തിലുള്ള പ്രതികരണങ്ങളാണ് വരുന്നത്.

മുമ്പ് അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കാലത്തെ സ്ഥിതി തികച്ചും വ്യത്യസ്തമായിരുന്നുവെന്ന് പലരും ചൂണ്ടിക്കാണിക്കുന്നു. അന്ന് റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോൾ പിണറായി വിജയന് ഇരിക്കാനായി പ്രത്യേക കസേര ഒരുക്കുമായിരുന്നു. പൊലീസുകാരുടെ വലിയൊരു സംഘവും എപ്പോഴും ചുറ്റുമുണ്ടാകാറുണ്ടായിരുന്നു. എന്നാൽ ഇന്ന് അതൊന്നുമില്ലാതെ, സാധാരണ യാത്രക്കാരെപ്പോലെ റെയിൽവേ സ്റ്റേഷനിലെ സ്റ്റീൽ ബെഞ്ചിൽ അദ്ദേഹം ഇരിക്കുന്നതാണ് ജന ശ്രദ്ധയാകർഷിച്ചത്. ചിത്രത്തിൽ അദ്ദേഹത്തിന് തൊട്ടുപിന്നിൽ നിൽക്കുന്ന ഒരാൾ ചിരിക്കുന്നതും കാണാം. മുമ്പായിരുന്നെങ്കിൽ ഇങ്ങനെ അടുത്തുനിന്ന് ചിരിക്കാൻ പോലും ആളുകൾ ഭയപ്പെടുമായിരുന്നു എന്നാണ് ചിലരുടെ അഭിപ്രായം.

ഈ ചിത്രത്തിൽ കാണുന്നത് കാലത്തിന്റെ കാവ്യനീതിയും ജനാധിപത്യത്തിന്റെ ശക്തിയുമാണെന്ന് ബി.ജെ.പി വക്താവ് റെജി ലൂക്കോസ് പ്രതികരിച്ചു. വലിയ മാറ്റമാണ് സംഭവിച്ചിരിക്കുന്നത് എന്ന കുറിപ്പോടെയാണ് പലരും ഈ ചിത്രം പങ്കുവെക്കുന്നത്. ‘മാളിക മുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ’, ‘ധാർഷ്ട്യത്തിന് കിട്ടിയ തിരിച്ചടി’, ‘രാജാവിൽ നിന്ന് സഖാവിലേക്ക്’ എന്നിങ്ങനെ പോകുന്നതാണ് സോഷ്യൽ മീഡിയയിലെ കമന്റുകൾ. മുൻപ് ന്യൂയോർക്കിൽ ഒരു തകരക്കസേരയിൽ അദ്ദേഹം ഇരുന്ന ചിത്രത്തെ ഓർമ്മിപ്പിക്കുന്നതാണ് ഇതെന്നും ചിലർ പറയുന്നുണ്ട്. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്തെ പഴയ ചിത്രങ്ങൾ ഉപയോഗിച്ചുള്ള ട്രോളുകളും ഇപ്പോൾ സജീവമാണ്.

പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ കഴിഞ്ഞ് തിരുവനന്തപുരത്തുനിന്ന് വിമാനമാർഗം കണ്ണൂരിൽ തിരിച്ചെത്തിയപ്പോൾ പിണറായി വിജയന് സ്വീകരണം നൽകിയിരുന്നു. എന്നാൽ ഇ.പി. ജയരാജൻ, പി. ജയരാജൻ, കെ.കെ. ശൈലജ തുടങ്ങിയ മുതിർന്ന നേതാക്കളാരും അദ്ദേഹത്തെ സ്വീകരിക്കാൻ എത്തിയിരുന്നില്ല. കെ.കെ. രാഗേഷ്, പി. ശശി തുടങ്ങിയവർ മാത്രമാണ് അന്നുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം പി. ജയരാജന്റെ പുസ്തക പ്രകാശന ചടങ്ങിൽ ഉൾപ്പെടെ പങ്കെടുത്ത ശേഷമാണ് പിണറായി വിജയൻ വീണ്ടും തിരുവനന്തപുരത്തേക്ക് തിരിച്ചുപോയത്. ഈ യാത്രയയപ്പ് സമയത്തും അദ്ദേഹത്തിനൊപ്പം കെ.കെ. രാഗേഷ് മാത്രമാണുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *