കൊച്ചി∙ മോഡലിങ്ങിന്റെ മറവിൽ നടന്ന സെക്സ് റാക്കറ്റ് കേസിന്റെ മുഖ്യ സൂത്രധാരൻ അറസ്റ്റിലായി. മാവേലിക്കര സ്വദേശിയായ ബിലാൽ എന്ന ശ്രീകുമാറിനെയാണ് പൊലീസ് പിടികൂടിയത്. നേരത്തെയുള്ള പ്രതിപ്പട്ടികയിൽ ഇല്ലാതിരുന്ന ഇയാളെ, ഇരയായ പെൺകുട്ടിയുടെ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ സിന്ധുവുമായി ബിലാലിന് അടുത്ത ബന്ധമുണ്ടെന്നും, യുവതികളെ വിദേശത്തേക്ക് കടത്തുന്നതിൽ ഇയാൾക്ക് നിർണായക പങ്കുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി ഉയർന്നു.
അതേസമയം, കേസിലെ മുഖ്യപ്രതിയായ സിന്ധുവിന് ഗുണ്ടാസംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്ന് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പരാതിക്കാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കുന്ന ദൃശ്യങ്ങൾ പകർത്തിയത് സിന്ധുവാണ്. ഈ ദൃശ്യങ്ങൾ യുവതിയുടെ ഭർത്താവിന്റെ ഫോണിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തു. സിന്ധു മറ്റ് പ്രതികൾക്ക് പണം നൽകിയതിന് കൃത്യമായ തെളിവുകളുണ്ടെന്നും കേസിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. സിനിമ-സീരിയൽ രംഗത്തുള്ളവർക്കും ഈ കേസിൽ പങ്കുണ്ടെന്ന സൂചനകൾ പുറത്തുവരുന്നുണ്ട്.
പരാതിക്കാരിക്ക് കോളയിൽ വെളുത്ത പൊടി കലർത്തി നൽകിയാണ് പീഡിപ്പിച്ചത്. കൂടാതെ, കേസിലെ രണ്ടാം പ്രതി യുവതിയെ ചൂരൽ ഉപയോഗിച്ച് ക്രൂരമായി മർദിച്ചതായും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ആകെ അഞ്ച് പ്രതികളുള്ള കേസിൽ രണ്ടും അഞ്ചും പ്രതികളെ ഇനി പിടികൂടാനുണ്ട്. ഒന്നാം പ്രതി സിന്ധു, മൂന്നാം പ്രതി മഞ്ജിമ, നാലാം പ്രതി അലീന എന്നിവരാണ് ഇതിനകം പിടിയിലായവർ. കൊച്ചിയിലെത്തിച്ച സിന്ധുവിനെ എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജൂൺ 4 വരെ റിമാൻഡ് ചെയ്തു. ഇവരെ വിശദമായി ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.
മോഡലിങ്ങിന്റെ പേരിലുള്ള ഈ കെണി പൂർണമായും ആസൂത്രണം ചെയ്തത് സിന്ധുവാണെന്ന് പൊലീസ് പറയുന്നു. ദുബായിൽ ഫാഷൻ ഷോ ഉണ്ടെന്ന് പറഞ്ഞ് മോഡലുകളെ തെറ്റിദ്ധരിപ്പിച്ചതും, അവർക്ക് ദുബായിലേക്ക് പോകാനുള്ള വിസ അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കിയതും സിന്ധുവാണ്. മോഡലിങ് പരിശീലനം, ഉയർന്ന ശമ്പളമുള്ള ജോലി, ദുബായിലെ വീഡിയോ ഷൂട്ട്, ആഡംബര ഹോട്ടൽ താമസം, വിനോദയാത്ര തുടങ്ങിയ വൻ വാഗ്ദാനങ്ങൾ നൽകിയാണ് സിന്ധു യുവതികളെ തങ്ങളുടെ വലയിലാക്കിയിരുന്നത്.




