Featured Sports

ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റ് തോൽവിക്കു പിന്നാലെ സ്റ്റാർ പേസറെ ഒഴിവാക്കി ടീം ഇന്ത്യ ?

ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്‌റ്റിലെ തോല്‍വിക്കു പിന്നാലെ ഇന്ത്യയ്‌ക്ക് വീണ്ടും തിരിച്ചടിരണ്ടാം ടെസ്‌റ്റില്‍ പേസര്‍ ജസ്‌പ്രീറ്റ്‌ ബുമ്ര കളിച്ചേക്കില്ലെന്നാണു ബി.സി.സി.ഐയുമായി ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്നു പുറത്തു വരുന്ന വിവരം.

പരുക്കേല്‍ക്കാനുള്ള സാധ്യത മുന്നില്‍കണ്ട്‌ പരമ്പരയിലെ മൂന്നു ടെസ്‌റ്റുകള്‍ മാത്രമായിരിക്കും ബുമ്ര കളിക്കുക. അതായത്‌ രണ്ടും നാലും ടെസ്‌റ്റില്‍ നിന്ന്‌ താരം പുറത്തിരിക്കും. ബര്‍മിങ്ങാമില്‍ ജൂലൈ രണ്ടു മുതല്‍ ആറു വരെയാണ്‌ ഇന്ത്യ-ഇംഗ്ലണ്ട്‌ രണ്ടാം ടെസ്‌റ്റ് നടക്കുന്നത്‌. ഒന്നാം ടെസ്‌റ്റിനു ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ ശുഭ്‌മന്‍ ഗില്ലിനോട്‌ ബുമ്രയുടെ കാര്യം മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു. ബുമ്രയെ കളിപ്പിക്കുന്ന കാര്യത്തില്‍ ടീം മാനേജ്‌മെന്റ്‌ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നായിരുന്നു ഗില്ലിന്റെ പ്രതികരണം.

മത്സരങ്ങള്‍ തമ്മില്‍ നല്ല ഇടവേള ലഭിക്കുന്നുണ്ടെങ്കിലും രണ്ടാം ടെസ്‌റ്റിനു തൊട്ടുമുന്‍പാകും തീരുമാനമെടുക്കുകയെന്നും ഗില്‍ വ്യക്‌തമാക്കി.ലീഡ്‌സില്‍ ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ അഞ്ചു വിക്കറ്റുകള്‍ ബുമ്ര എടുത്തിരുന്നു. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ വിക്കറ്റൊന്നും നേടാന്‍ താരത്തിനു സാധിച്ചില്ലബുമ്ര കളിച്ചില്ലെങ്കില്‍ ആകാശ്‌ ദീപ്‌ രണ്ടാം ടെസ്‌റ്റില്‍ പ്ലേയിങ്‌ ഇലവനിലെത്തിയേക്കും. അര്‍ഷ്‌ദീപ്‌ സിങ്ങിനെയും പരിഗണിക്കാന്‍ സാധ്യതയുണ്ട്‌. ലീഡ്‌സ് ടെസ്‌റ്റില്‍ പ്രസിദ്ധ്‌ കൃഷ്‌ണ, മുഹമ്മദ്‌ സിറാജ്‌, ഷാര്‍ദൂല്‍ ഠാക്കൂര്‍ എന്നിവര്‍ക്ക്‌ കാര്യമായി ഒന്നു ചെയ്യാന്‍ സാധിച്ചിരുന്നില്ല എന്നത്‌ ഇന്ത്യയുടെ ബോളിങ്‌ ഓഡറിനു തലവേദനയാണ്‌.