Crime

ഭര്‍ത്താവിനെ കൊന്ന് പെട്ടിയിലാക്കി; അടിവസ്ത്രത്തിലെ ബാര്‍കോഡ് കുടുക്കി; ഭാര്യയും കാമുകനും അറസ്റ്റില്‍

ചെന്നൈയെ നടുക്കിയ കൊലപാതകക്കേസിലെ പ്രതികളെ പിടികൂടി പോലീസ് . യുവാവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യൂട്ട്കേസിലാക്കി പെരമ്പൂർ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച സംഭവത്തിൽ ഭാര്യയും അവരുടെ സുഹൃത്തുമാണ് അറസ്റ്റിലായത്. കൈകാലുകളും തലയും മുറിച്ചുമാറ്റിയ നിലയിലായിരുന്നു മൃതദേഹം.

അസം സ്വദേശിയായ അമീർ അലിയാണ് കൊല്ലപ്പെട്ടത്. ഭാര്യ രോഹിമ, ഇവരുടെ സുഹൃത്ത് അഷ്റഫ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മൃതദേഹത്തിലുണ്ടായിരുന്ന അടിവസ്ത്രത്തിലെ ബാർകോഡ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയാണ് കേസിൽ നിർണായകമായത്. ഈ വസ്ത്രം വാങ്ങിയ പെരമ്പൂരിലെ കടയിൽ നിന്ന് ലഭിച്ച ഫോൺ നമ്പറിലൂടെയാണ് കൊല്ലപ്പെട്ടത് അമീർ ആണെന്ന് പോലീസ് തിരിച്ചറിഞ്ഞത്. അമീറിന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

ഇതേച്ചൊല്ലി അമീറും ഭാര്യയും തമ്മിൽ എപ്പോഴും വഴക്കുണ്ടാകുമായിരുന്നു. ഇതിനിടയിലാണ് ചെന്നൈയിൽ പച്ചക്കറി കച്ചവടം നടത്തുന്ന അഷ്റഫുമായി രോഹിമ അടുത്തത്. തുടർന്ന് ഇരുവരും ചേർന്ന് അമീറിനെ വധിക്കാൻ പദ്ധതിയിട്ടു. അമീറിന് ഉറക്കഗുളിക നൽകി ബോധം കെടുത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതികൾ പോലീസിനോട് സമ്മതിച്ചു.

കഴിഞ്ഞ ദിവസമാണ് പെരമ്പൂർ റെയിൽവേ സ്റ്റേഷനിലെ നാലാം നമ്പർ പ്ലാറ്റ്‌ഫോമിലേക്കുള്ള ഗോവണിയുടെ ചുവട്ടിൽ സ്യൂട്ട്കേസിനുള്ളിൽ ഉപേക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *