മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് തനതായ അവതരണ ശൈലിയിലൂടെ ഏറെ പ്രിയങ്കരിയായ താരമാണ് രഞ്ജിനി ഹരിദാസ്. അവതാരക എന്ന കലയെ ഒരു കരിയറായി മാറ്റിയെടുക്കുന്നതിൽ പലർക്കും മാതൃകയായ അവർ, പരമ്പരാഗത രീതികളെ മാറ്റിയെഴുതിയാണ് ഇൻഡസ്ട്രിയിൽ തന്റേതായ ഒരിടം കണ്ടെത്തിയത്. ഇപ്പോൾ വിനോദ മേഖലയിൽ മുപ്പത് വർഷം പിന്നിടുമ്പോൾ, തന്റെ കരിയറിലും ജീവിതത്തിലും നേരിടേണ്ടി വന്ന കയ്പ്പേറിയ ചില അനുഭവങ്ങൾ സ്വന്തം യൂട്യൂബ് ചാനലിലൂടെ തുറന്നുപറയുകയാണ് താരം.
തന്റെ ജീവിതവിശേഷങ്ങളും ഓർമ്മകളും എപ്പോഴും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുള്ള രഞ്ജിനി, ഇത്തവണ ഇൻഡസ്ട്രിയിലെ ഇരുണ്ട വശങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്.
തന്റെ കരിയറിന്റെ തുടക്കകാലത്ത് നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ചും പിന്നീട് ഉണ്ടായ മോശം അനുഭവങ്ങളെക്കുറിച്ചും ആരുടെയും പേരെടുത്തു പറയാതെയാണ് രഞ്ജിനി സംസാരിച്ചത്. ആദ്യകാലങ്ങളിൽ ഫോട്ടോഷൂട്ടുകൾക്കായി ട്രെയിനിലെ ജനറൽ കമ്പാർട്ട്‌മെന്റുകളിൽ യാത്ര ചെയ്യേണ്ടി വന്നതും, ചെയ്ത പരിപാടികൾക്ക് കൃത്യമായി പ്രതിഫലം ലഭിക്കാതിരുന്നതും, ഷൂട്ടിങ് സെറ്റുകളിൽ അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാതിരുന്നതും താരം ഓർത്തെടുത്തു. ഇതിനൊപ്പം ഇൻഡസ്ട്രിയിലെ ചില പ്രമുഖരിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന മോശം സമീപനങ്ങളെക്കുറിച്ചും രഞ്ജിനി വെളിപ്പെടുത്തി.
ദുബായിൽ ഒരു ഷോയ്ക്കായി പോയപ്പോൾ ഉണ്ടായ ആദ്യത്തെ അനുഭവം രഞ്ജിനി പങ്കുവെച്ചു. ഒരു സ്പോൺസർക്ക് കാണണമെന്നും ഒപ്പം ലഞ്ചിന് വരണമെന്നും ആവശ്യപ്പെട്ടതനുസരിച്ച് സാധാരണ രീതിയിൽ താൻ പോയെന്നും, എന്നാൽ ലഞ്ച് കഴിഞ്ഞപ്പോൾ അയാൾ ഫോൺ വാങ്ങിത്തരാമെന്ന് പറഞ്ഞ് മറ്റൊരു രീതിയിൽ സമീപിച്ചെന്നും താരം പറഞ്ഞു. അന്ന് തനിക്ക് ഇത്തരം കാര്യങ്ങളെക്കുറിച്ച് അറിയില്ലായിരുന്നെന്നും ഫോൺ വേണ്ടെന്ന് പറഞ്ഞ് അവിടെനിന്ന് പോരുകയാണുണ്ടായതെന്നും രഞ്ജിനി ഓർക്കുന്നു. ആ ഷോയുടെ സമയത്ത് തന്നെ മറ്റ് പല വനിതാ കലാകാരികളും രാത്രികളിൽ റൂമിന്റെ കതകിൽ മുട്ടുന്നതിനെക്കുറിച്ചും ഫ്ലാറ്റുകളിലേക്ക് ക്ഷണിക്കുന്നതിനെക്കുറിച്ചും തന്നോട് സങ്കടം പറഞ്ഞിരുന്നതായും താരം വ്യക്തമാക്കി.
മറ്റൊരു ദുബായ് യാത്രയിൽ ഡിന്നർ എന്ന് പറഞ്ഞ് തങ്ങളെ ബോട്ടിൽ കൊണ്ടുപോയി കുടുക്കിയ ഒരു സംഭവവും രഞ്ജിനി ഓർത്തു. മദ്യം വിളമ്പിയ ആ ചടങ്ങിൽ എല്ലാവരും അസ്വസ്ഥരാകാൻ തുടങ്ങിയപ്പോൾ താൻ കടുത്ത ഭാഷയിൽ പ്രതികരിച്ചെന്നും, നിയമങ്ങൾ കർശനമായ ദുബായിൽ ഒരു ഫോൺ കോളിൽ പോലീസ് എത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് അവിടെനിന്ന് രക്ഷപ്പെട്ടതെന്നും താരം പറഞ്ഞു. നമ്മൾക്ക് വേണ്ടി സംസാരിക്കാൻ ആരുമില്ലാത്ത അവസ്ഥയിൽ സ്വയം ഒച്ചയുണ്ടാക്കി രക്ഷപ്പെടേണ്ടി വന്ന ആ ദിവസം തനിക്ക് ഒട്ടും മറക്കാൻ കഴിയില്ലെന്നും, അപ്പോഴാണ് ആദ്യത്തെ സ്പോൺസറുടെ ഉദ്ദേശവും മറ്റൊന്നായിരുന്നു എന്ന് മനസ്സിലായതെന്നും രഞ്ജിനി കൂട്ടിച്ചേർത്തു.
കണ്ണൂരിൽ ഒരു പരസ്യചിത്രത്തിന്റെ ഷൂട്ടിങ്ങിന് പോയപ്പോൾ ഉണ്ടായ മറ്റൊരു ഗുരുതരമായ അനുഭവവും താരം വെളിപ്പെടുത്തി. ഷൂട്ടിങ് കഴിഞ്ഞ് മടങ്ങാൻ ഒരുങ്ങുമ്പോൾ ഒപ്പം നിൽക്കാൻ ആവശ്യപ്പെട്ട വ്യക്തിയോട് കാരണം തിരക്കിയപ്പോൾ, അത് ജോലിയുടെ ഭാഗമാണെന്ന രീതിയിലാണ് അയാൾ സംസാരിച്ചത്. താൻ അയാളെയും കൂട്ടി കോ-ഓർഡിനേറ്ററുടെ അടുത്ത് ചെന്ന് നേരിട്ട് ചോദ്യം ചെയ്തപ്പോൾ അവർ രണ്ടുപേരും ഭയന്നുപോയെന്ന് രഞ്ജിനി പറഞ്ഞു. പരസ്പര സമ്മതത്തോടെ ആരുമായി വേണമെങ്കിലും വ്യക്തിപരമായ താല്പര്യത്തിന്റെ പുറത്ത് കൂടെ കിടക്കുന്നതിൽ തെറ്റില്ലെന്നും എന്നാൽ അതിനെ ജോലിയുമായോ പണവുമായോ ബന്ധപ്പെടുത്തുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും താരം വ്യക്തമാക്കി.
തുടർന്ന് അയാളുടെ വീട്ടിൽ ചെന്ന് വീട്ടുകാരുടെ മുന്നിൽ വെച്ച് കാര്യങ്ങൾ പറയാൻ തുനിഞ്ഞെങ്കിലും, അതൊരു നല്ല കൂട്ടുകുടുംബമാണെന്ന് മനസ്സിലായപ്പോൾ അവരുടെ സമാധാനം കളയേണ്ടെന്ന് കരുതി താൻ പിന്മാറുകയായിരുന്നു. എന്നാൽ അയാൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകിയാണ് അവിടെനിന്ന് മടങ്ങിയത്. ഇതോടൊപ്പം സിനിമ-സംഗീത മേഖലകളിലെ പ്രമുഖരിൽ നിന്നുണ്ടായ മോശം പെരുമാറ്റങ്ങളെക്കുറിച്ചും രഞ്ജിനി സംസാരിച്ചു. ഒരു പ്രശസ്ത നടൻ തനിക്ക് ഷർട്ടില്ലാത്ത ചിത്രം അയച്ചു തന്ന് തിരികെ ആവശ്യപ്പെട്ടതും, സംഗീത മേഖലയിലെ ഒരാൾ മോശം ഉദ്ദേശത്തോടെ സമീപിച്ചപ്പോൾ താൻ ശക്തമായി നോ പറഞ്ഞതുമെല്ലാം താരം തുറന്നുപറഞ്ഞു.
സമൂഹത്തിൽ ഒറ്റയ്ക്ക് ജീവിച്ച് വിജയം വരിക്കുന്ന സ്ത്രീകളെ അംഗീകരിക്കാൻ പലർക്കും ബുദ്ധിമുട്ടാണെന്നും അതുകൊണ്ട് തന്നെ പലരും തന്നെ ‘വേശ്യ’ എന്ന് വിളിക്കാറുണ്ടെന്നും രഞ്ജിനി പറഞ്ഞു. ആളുകളുടെ കൂടെ കിടന്നാണ് പണമുണ്ടാക്കുന്നത് എന്ന് ചിന്തിക്കാനാണ് പലർക്കും ഇഷ്ടം. വിവാഹം കഴിക്കാത്തതും കുട്ടികളില്ലാത്തതും പരമ്പരാഗതമായി ജീവിക്കാത്തതുമെല്ലാം മറ്റുള്ളവർക്ക് വിമർശിക്കാനുള്ള കാരണങ്ങളാണ്. ഒരാളുടെ കഠിനാധ്വാനത്തെയോ വിജയത്തെയോ ആഘോഷിക്കാൻ ഇവിടെ ആരുമില്ലെന്നും ഇത്തരം മോശം ടാഗുകൾ എപ്പോഴും തന്റെ കൂടെയുണ്ടെന്നും അവർ വിഷമത്തോടെ പറഞ്ഞു.
മുൻ കാമുകനൊപ്പമുള്ള ചിത്രങ്ങൾ പ്രചരിച്ചപ്പോൾ താൻ മദ്യപിച്ചുവെന്ന രീതിയിൽ ഉണ്ടായ വിമർശനങ്ങളെയും താരം നേരിട്ടു. പ്രായപൂർത്തിയായ താൻ മദ്യപിച്ചാൽ അതിൽ എന്താണ് തെറ്റെന്നും ആ ഫോട്ടോ പ്രചരിപ്പിച്ചയാളാണ് യഥാർത്ഥ കുറ്റക്കാരനെന്നും രഞ്ജിനി വ്യക്തമാക്കി. തന്റെ പേരിൽ പ്രചരിച്ച വ്യാജ വീഡിയോയെക്കുറിച്ച് സംസാരിച്ച താരം, അതിലുണ്ടായിരുന്നത് സുന്ദരിയായ മറ്റൊരു കുട്ടിയായിരുന്നെന്നും അത് താനായിരുന്നെങ്കിൽ സന്തോഷിച്ചേനെ എന്നും തമാശയോടെ പറഞ്ഞു. എന്ത് അസംബന്ധവും വിശ്വസിക്കാൻ തയ്യാറായി നിൽക്കുന്നവരാണ് ഈ ലോകത്തുള്ളതെന്നും താരം ഓർമ്മിപ്പിച്ചു.
ശക്തമായി പ്രതികരിക്കുന്ന തന്റെ അവസ്ഥ ഇതാണെങ്കിൽ, ഒന്നിനും കഴിയാത്ത സാധാരണക്കാരായ സ്ത്രീകളുടെ അവസ്ഥ എത്രത്തോളം ദയനീയമായിരിക്കുമെന്നാണ് താൻ ചിന്തിക്കാറുള്ളതെന്ന് രഞ്ജിനി പറയുന്നു. എന്നാൽ ഇത്തരം മോശം അനുഭവങ്ങളൊന്നും തന്നെ തളർത്തിയിട്ടില്ലെന്നും പകരം ജീവിതത്തിൽ പുതിയ പാഠങ്ങൾ പഠിപ്പിക്കുകയാണ് ചെയ്തതെന്നും അവർ വ്യക്തമാക്കി. തനിക്കുള്ളതെല്ലാം സ്വന്തം അധ്വാനം കൊണ്ട് നേടിയതാണെന്ന സ്വകാര്യ അഹങ്കാരം തനിക്ക് ഉണ്ടെന്ന് തലയുയർത്തി പറയുന്ന രഞ്ജിനി, താൻ മാറാൻ ഉദ്ദേശിക്കുന്നില്ലെന്ന് പ്രഖ്യാപിച്ച് ‘വൺസ് എ ബാഡ് ഗേൾ, ഓൾവേയ്‌സ് എ ബാഡ് ഗേൾ’ എന്ന് പറഞ്ഞാണ് തന്റെ വീഡിയോ അവസാനിപ്പിക്കുന്നത്.




